ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ഇന്ന് ലോകവയോജനദിനം...കൈപിടിച്ചു നടത്തിയവര്‍ക്ക്
കൈത്താങ്ങാവാന്‍ ഓര്‍ക്കുക ഈ ദിനം....

ഒക്‌ടോബര്‍ ഒന്ന്... ലോക വയോജനദിനം... യാത്രയ്ക്കിടയില്‍ ക്ഷീണിതനായ വയോധികന് താങ്ങാവുന്നത് ഊന്നുവടി..നമ്മെ ഒരിക്കല്‍ കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവാന്‍ ഓര്‍ക്കുക ഈ ദിനം....
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്‍ തള്ളാന്‍ മടിക്കാത്ത, അവര്‍ക്കായി നാടുനീളെ വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, പ്രസംഗങ്ങളിലും സെമിനാറുകളിലുമായി നമ്മുടെ വയോജനദിനം ഒതുങ്ങിപ്പോകുന്നു.1981-91ല്‍ ഇന്ത്യയിലെ പൊതു ജനസംഖ്യാ വര്‍ധന 1.39 ശതമാനമായപ്പോള്‍ വയോജനങ്ങള്‍ 3.26 ശതമാനമാണ് വര്‍ധിച്ചത്. പത്ത് വര്‍ഷം കഴിയുമ്പോഴേക്കും ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് വയോജനങ്ങളായിരിക്കും എന്നാണ് കണക്കാക്കുന്നത്.

'സ്‌റ്റെ‌പ്‌സ്'-ക്ലാസ് പിടിഎ യോഗം നടന്നു

ക്ലാസ് പിടിഎ യോഗത്തില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍  എം.തിമ്മയ്യ സംസാരിക്കുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റെ‌പ്‌സ് പദ്ധതിയുടെ ഭാഗമായുള്ള പത്താം തരം കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടന്നു. പാദവാര്‍ഷിക പരീക്ഷയിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തി. കണക്ക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ കുട്ടികളുടെ പ്രകടനം വളരെയധികം മെച്ചപ്പെടേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വീടുകളിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റീചാര്‍ജ് ചെയ്യുന്ന ടിവി, ആധുനികമൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. ടേം പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. സ്‌പെഷല്‍ ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളും ഹാജരുണ്ടെന്ന് ഉറപ്പുവരുത്തും. കുട്ടികള്‍ എല്ലാവരും ഉച്ചഭക്ഷണം കഴിക്കണം. യോഗം കാസറഗോഡ് ജില്ലാപഞ്ചായത്ത് മെമ്പര്‍ എം.തിമ്മയ്യ ഉദ്ഘാടനം ചെയ്‌തു. 'കുട്ടിയെ അറിയാന്‍' ഗൃഹസമ്പര്‍ക്ക സര്‍വ്വേയില്‍ കണ്ടെത്തിയ പ്രധാനപ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരനടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രധാനാധ്യാപകന്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക എന്‍.പ്രസന്നകുമാരി, എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ, അധ്യാപകരായ എസ്.എസ് .രാഗേഷ്, നാരായണ ബള്ളുള്ളായ, വി.യൂനുസ്, വി.വി.സീമ, പി.സുബ്രഹ്‌മണ്യഭട്ട്, .രാജാരാമ, കെ. ഗീതാസാവിത്രി, പി. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌റ്റാഫ് സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും പി.എസ്.ബൈജു നന്ദിയും പറഞ്ഞു.

ഗാന്ധിജയന്തി-സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍

DPI CIRCULARSuchitwamasam Govt CircularGandhisookthangalGandhi QuizWebsite
മഹാത്മാ ഗാന്ധി ഇന്ത്യന്‍  സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധിജി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളിള്‍ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായും ഗാന്ധിജി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി എന്ന പേരില്‍ ദേശീയഅവധി നല്‍കി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്‌ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളുകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിന് സഹായകരമായ ചില ലിങ്കുകള്‍ മുകളില്‍ നല്‍കിയിരിക്കുന്നു.

ദേലമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

സെപ്‌റ്റംബര്‍ 20ന് തുടക്കം കുറിച്ച ദേലമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണ് കേരളോത്സവം. നഗരവാസികള്‍ക്കൊപ്പം തന്നെ ഗ്രാമീണമേഖലയിലെ യുവജനങ്ങള്‍ക്കും തങ്ങളുടെ കലാകായികപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കുക എന്നതാണ് ഈ മേളയുടെ ലക്ഷ്യം. 'മദ്യവര്‍ജ്ജനം മാനവനന്മയ്‌ക്ക് ' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. സ്‌പോര്‍‌ട്ട്സ്, ഗെയിംസ് മത്സരങ്ങളില്‍ വോയ്‌സ് ഓഫ് അഡൂര്‍ ക്ലബും കലാമത്സരങ്ങളില്‍ പാണ്ടി സപ്തസ്വര ക്ലബും ചാമ്പ്യന്‍ഷിപ്പ് നേടി. സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം. ഗീത സമ്മാനദാനം നടത്തി. വാര്‍ഡ് മമ്പര്‍മാരായ ഗീതാചിദംബരം, ഉമേഷന്‍, എം. ഇബ്രാഹിം, സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, കലാമേള സബ്കമ്മിറ്റി കണ്‍വീനര്‍ എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

സ്‌കൂള്‍ മേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ സ്‌കൂള്‍ മേളകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. ഒക്‌ടോബര്‍ മാസത്തിലെ വിവിധ തിയ്യതികളിലായാണ് മേളകള്‍ നടത്തുക. ഒക്‌ടോബര്‍ എട്ടിന് ശാസ്‌ത്രോത്സവം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ഒരുക്കും. രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം കാണുവാനുള്ള അവസരമുണ്ടാകും. ഓരോ ക്ലബിനും ഓരോ പവലിയന്‍ ഉണ്ടാകും. പി.എസ്. ബൈജു മാസ്‌റ്റര്‍ കോഡിനേറ്ററായിരിക്കും. പതിനൊന്നാം തിയ്യതി കായികമേള നടക്കും. എ. ഗംഗാധരന്‍ കണ്‍വീനറും എസ്.എസ്. രാഗേഷ് ജോയിന്റ് കണ്‍വീനറും ആയിരിക്കും. 16, 17, 18 തിയ്യതികളിലായി കലോത്സവം സംഘടിപ്പിക്കും. എച്ച്. പദ്‌മ കണ്‍വീനറും ബി.പി. സുജിത്ത് പ്രോഗ്രാം കണ്‍വീനറും ആയിരിക്കും. ഇരുപത്തഞ്ചാം തിയ്യതി വിവിധ ഗെയിംസ് മത്സരങ്ങള്‍ നടക്കും. പി. ഇബ്രാഹിം ഖലീല്‍ ആണ് കണ്‍വീനര്‍. കലാ-കായിക മത്സരങ്ങളില്‍ കുട്ടികള്‍ നാല് ഗ്രൂപ്പുകളിലായിട്ടാണ് മത്സരിക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂന്ന് ഗ്രൂപ്പുകളായിരിക്കും. സ്‌കൂള്‍ പാര്‍ലിമെന്റ്, സ്‌റ്റാഫ് കൗണ്‍സില്‍ എന്നിവ യോഗം ചേര്‍ന്ന് ഷെഡ്യൂള്‍ തയ്യാറാക്കി. പാര്‍ലിമെന്റ് യോഗത്തില്‍ ചെയര്‍‌മാന്‍ അബ്‌ദുല്‍ റിയാസ് അധ്യക്ഷത വഹിച്ചു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, പാര്‍ലിമെന്റ് സ്‌റ്റാഫ് അഡ്വൈസര്‍ പി. ശാരദ, സ്‌റ്റാഫ് സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം, പാര്‍ലിമെന്റ് സെക്രട്ടറി വിജയകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
 കടപ്പാട് : മാതൃഭൂമി
ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു. 'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി. 
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് മംഗള്‍യാന്‍ ദൗത്യവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ആമുഖപ്രഭാഷണം നടത്തി. സ്‌കൂള്‍ ലീഡര്‍ വിജയകുമാരി അഭിനന്ദനപ്രമേയം അവതരിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുശ്രീ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.
To know more about Mangalyan Misssion,please CLICK HERE

അഡൂര്‍ സ്‌കൂളിന്റെ ബ്ലോഗ് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു
മലയോരവിശേഷത്തിന് ഇത് ധന്യമുഹൂര്‍ത്തം

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഐടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ കാസറഗോഡ് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ് ഫോര്‍ ഡയനാമിക് എഡ്യുക്കേഷണല്‍ നെറ്റ്‌വര്‍ക്ക്(ബ്ലെന്റ്)പദ്ധതിയുടെ ഭാഗമായുള്ള  സ്‌കൂള്‍ ബ്ലോഗ് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്‌ഘാടനം ചെയ്‌തു. പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിന് വളരെ മുന്നേതന്നെ അഡൂര്‍ സ്‌കൂളിന് ബ്ലോഗ് നിലവിലുണ്ടായിരുന്നു. ബ്ലെന്റ് നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ടതിന് ശേഷം 'മലയോരവിശേഷം' എന്ന പേരില്‍ പുതുക്കിയ ബ്ലോഗാണ് ഇപ്പോള്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. ജില്ലയിലെ വിദ്യാലയങ്ങളെയും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ബ്ലെന്റ്. മലയോരത്തെ വിശേഷങ്ങളറിയാന്‍ www.ghssadoor.blogspot.in എന്ന URL ആണ് ഉപയോഗിക്കേണ്ടത്. ghssadoor എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താലും ലഭിക്കും. സ്‌കൂളിലെ വിവിധ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്‌ചയാണ് ഈ ബ്ലോഗ്. അതോടൊപ്പം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ നിരവധി റിസോഴ്‌സുകളും ലിങ്കുകളും ഈ ബ്ലോഗില്‍ ലഭ്യമാണ്. ഉദ്ഘാടനചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എം.തിമ്മയ്യ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി, റിട്ടയേഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍, മദര്‍ പിടിഎ പ്രസിഡന്റ് പുഷ്‌പ ബന്നൂര്‍, സീനിയര്‍ അധ്യാപിക എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ സ്വാഗതവും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്‌റൂം കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച ക്ലാസ്‌ റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്‌റ്റമ്പര്‍ 22 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ അവര്‍കളുടെ ആസ്‌തി വികസനഫണ്ടില്‍ നിന്നും 49 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. നാല് ക്ലാസ്‌മുറികളും എട്ട് ടോയ്‌ലറ്റുകളും അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. ഉദ്ഘാടനചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത മുഖ്യതിഥിയായി. പി.ഡബ്ല്യു.ഡി. അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജിതയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിശ്ചിതസമയത്ത്തന്നെ പണി പൂര്‍ത്തീകരിച്ച പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്‌ടര്‍ എം.എം. അബ്‌ദുല്‍ ഖാദറിനുള്ള പിടിഎ വക ഉപഹാരം എംഎല്‍എ നല്‍കി. കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, ടോയ്‌ല‌റ്റ്, സ്കൂള്‍ബസ്, കെട്ടിടം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
എന്നിവര്‍ക്ക് സ്‌കൂള്‍ പിടിഎ നിവേദനം നല്‍കി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എം.തിമ്മയ്യ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി, റിട്ടയേഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍, ബി.കൃഷ്‌ണ നായക്ക്, സി. ഗംഗാധരന്‍, മദര്‍ പിടിഎ പ്രസിഡന്റ് പുഷ്‌പ ബന്നൂര്‍, സീനിയര്‍ അധ്യാപിക എന്‍. പ്രസന്നകുമാരി, സീനിയര്‍ എച്ച്.എസ്.എസ്.ടി. ടി.ശിവപ്പ, സ്‌റ്റാഫ് സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ സ്വാഗതവും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.
Slideshow(ODP)Slideshow(PDF)WorksheetHandbookModel Qns
     കംപ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അതിനെക്കൊണ്ട് നമുക്കുവേണ്ട കാര്യങ്ങള്‍ ചെയ്യിക്കാനുള്ള ഉപാധിയാണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്. കംപ്യൂട്ടര്‍ വെറും യന്ത്രമായതുകൊണ്ടും, അതിനാല്‍ത്തന്നെ അതിന് നമുക്കുള്ളതുപോലെ ബുദ്ധിയോ ചിന്താശക്തിയോ വിവേചനശേഷിയോ ഒന്നും ഇല്ലാത്തതുകൊണ്ടും, വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്താലേ അത് എന്തും വേണ്ടരീതിയില്‍ ചെയ്യൂ .പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത്, നമുക്കെന്താണ് ചെയ്തുകിട്ടേണ്ടത് എന്നു കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കംപ്യൂട്ടറിന് പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നതാണ്.കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാനുള്ള അനേകായിരം ഭാഷകളില്‍ ഒന്നാണ് പൈത്തണ്‍. ഇത് തുടക്കക്കാര്‍ക്ക് പഠിക്കാന്‍ എളുപ്പമുള്ള ഒരു ഭാഷയാണ്.
നമ്മുടെ Home Directory യില്‍ MyPrograms എന്നപേരില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക. പൈത്തണ്‍ പ്രോഗ്രാം എഴുതി പുതുതായുണ്ടാക്കിയ MyPrograms ഫോള്‍ഡറില്‍ സേവ് ചെയ്യാം. പൈത്തണ്‍ ഭാഷയില്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പല വഴികളുണ്ട്.

ഹയര്‍ സെക്കന്ററി കെട്ടിടോല്‍ഘാടനം സെപ്‌റ്റമ്പര്‍ 22ന്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്‌റ്റമ്പര്‍ 22 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പി.കരുണാകരന്‍ എം.പി. നിര്‍വഹിക്കും. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ അവര്‍കളുടെ ആസ്‌തി വികസനഫണ്ടില്‍ നിന്നുമുള്ള തുക ചെലവഴിച്ചാണ് കെട്ടിടം പണിതത്. നാല് ക്ലാസ്‌മുറികളും എട്ട് ടോയ്‌ലറ്റുകളും അടങ്ങുന്നതാണ് കെട്ടിടസമുച്ഛയം. ഉദ്ഘാടനചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി മുഖ്യതിഥിയായിരിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ്, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എം.തിമ്മയ്യ, കാസറഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ച് എസ്.പി.സി. ഓണം ക്യാമ്പ് സമാപിച്ചു

പി.വിജയന്‍ IPS ഓണസന്ദേശത്തിന്റെ വീഡിയോപ്രദര്‍ശനം
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി. കാഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാലക്യാമ്പിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപനമായി. സമാപനസമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാനോഡല്‍ ഓഫീസര്‍ രഘുറാം DYSP സംസാരിക്കുന്നു
സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത, എ.സി.പി.ഒ. പി.ശാരദ കാഡറ്റുകളായ സാദിഖ്, ചൈതന്യ സംസാരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും എസ്.പി.സി. സി.പി.ഒ. എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് കാഡറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പാട്ട്, മിമിക്രി, മോണോആക്‌ട് തുടങ്ങിയവ കാഡറ്റുകളെ ആഹ്‌ളാദഭരിതരാക്കി.

ലഹരിക്കെതിരെ 'കുട്ടിപ്പൊലീസ് '

എസ്.പി.സി. കാഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശാന്ത്കുമാര്‍ ക്ലാസെടുത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കുറെക്കാലമായി നാം കാണുന്നത്. കുടുംബഭദ്രതയേയും സമൂഹത്തിന്റെ സമാധാനത്തേയും ഉലയ്ക്കുന്ന ഭയാനകമായ നിലയിലാണ് ലഹരി ഉപയോഗം. മദ്യ ദുരന്തങ്ങള്‍ തുടര്‍ക്കഥകളാകുന്നു. നമ്മുടെ യുവജനങ്ങളില്‍ അധികപങ്കും ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. മദ്യമെന്നത് സ്റാറ്റസ് സിംബലായിരിക്കുന്നു. കല്യാണം, ശവസംസ്ക്കാരം, ഗൃഹപ്രവേശം, പിറന്നാളുകള്‍, ആഘോഷവേളകള്‍ എല്ലാം മദ്യമയം ആയിത്തീരുന്ന ദുരവസ്ഥയാണിന്ന്. ഇത്തരം സാമൂഹ്യതിന്മകള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ ശബ്ദിക്കുവാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ചുമതല എല്ലാവര്‍ക്കുമുണ്ട്.  സ്ത്രീകളും കുട്ടികളും കൂടി ലഹരിയുടെ പിടിയിലമരുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. ഈ വിപത്തിനെതിരേ  സമൂഹത്തെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് വിവിധതലങ്ങളില്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലഹരിയെന്നാല്‍ മദ്യാസക്തി എന്നുമാത്രമല്ല അര്‍ത്ഥം. മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, ഇന്റര്‍നെറ്റ്-മൊബൈല്‍-ടി. വി. അഡിക്ഷന്‍ മുതലായവ എല്ലാം ‘ലഹരി’ എന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നു. കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍, വിഷമദ്യദുരന്തങ്ങള്‍, റോഡപകടങ്ങള്‍, ആത്മഹത്യ, കൊലപാതകങ്ങള്‍, സ്ത്രീ പീഢനം, ബാലപീഢനം, വിവാഹ മോചനം, കുടുംബപ്രശ്നങ്ങള്‍, കുടുംബത്തകര്‍ച്ച, റാഗിംഗ്, പെണ്‍വാണിഭം, ധാര്‍മ്മിക നിലവാരത്തകര്‍ച്ച തുടങ്ങിയവയ്‌ക്കെല്ലാം മിക്കപ്പോഴും കാരണമാകുന്നത് ലഹരിവസ്‌തുക്കളുടെ ഉപയോഗമാണ്.

'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു

'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ് പോലീസ് രംഗത്ത്. - See more at: http://www.chandrikadailyadmin.com/contentspage.aspx?id=39355#sthash.Q0CFcYZ4.dpuf
'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ് പോലീസ് രംഗത്ത്. - See more at: http://www.chandrikadailyadmin.com/contentspage.aspx?id=39355#sthash.Q0CFcYZ4.dpuf
   'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി സ്‌റ്റുഡന്റ് പൊലീസ് രംഗത്ത്. അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡെറ്റ്സ് വിദ്യാര്‍ത്ഥികള്‍ കൊട്ട്യാടി ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ സന്ദേശമടങ്ങിയ നോട്ടീസ് വിതരണം നടത്തി. ബസ്, കാര്‍, ജീപ്പ്, സ്‌കൂള്‍ വാന്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. അമിത വേഗത, അശ്രദ്ധ എന്നിവ ഒഴിവാക്കുക, ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും കണക്കിലെടുത്ത് ശ്രദ്ധിച്ച്
വണ്ടിയോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത് , ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കരുത്, യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍‌റ്റ്  ഉപയോഗിക്കുക, ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യരുത്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഇരുചക്രവാഹനം ഓടിക്കമ്പോള്‍ ഹെല്‍മ‌റ്റ് ധരിക്കണം, എല്ലാ ട്രാഫിക് നിയമങ്ങളും നിര്‍ബന്ധമായും പാലിക്കുക എന്നീ അഭ്യര്‍ത്ഥനകളടങ്ങിയ സ്ലിപ്പുകള്‍ കേഡറ്റുകള്‍ വിതരണം ചെയ്‌ത് എല്ലാവര്‍ക്കും ശുഭയാത്ര ആശംസിച്ചു .സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത, സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. എസ്.പി.സി. കാഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

'കുട്ടിപ്പൊലീസ് '-ഓണം ക്യാമ്പിന് തുടക്കമായി

    അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി. കാഡറ്റുകള്‍ക്കുള്ള ഓണം അവധിക്കാലക്യാമ്പിന് തുടക്കമായി. കാഡറ്റുകളില്‍ അടിസ്ഥാനമൂല്യങ്ങള്‍ വളര്‍ത്തുകയാണ് മൂന്ന് ദിവസത്തെ ക്യാമ്പിന്റെ പ്രധാനലക്ഷ്യം. സ്‌കൂള്‍  പിടിഎ പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. സമത്വത്തിന്റെയും അഴിമതിരഹിതമായ സമൂഹത്തിന്റെയും സാമൂഹികനീതിയുടെയും പ്രതീകമായ ഓണത്തിന്റെ സന്ദേശം കുട്ടികളിലെത്തിച്ച് അവരെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കിമാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി അധ്യക്ഷത വഹിച്ചു. ആദൂര്‍ സബ്
ഇന്‍‌സ്‌പെ‌ക്‌ടര്‍ സുഗുണന്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി ആശംസകളര്‍പ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത, സി.പി.ഒ. എ.ഗംഗാധരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. കായികപരിശീലനം, പരേഡ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ട്രാഫിക് ബോധവല്‍ക്കരണം, വ്യക്തിത്വവികസന ക്ലാസ്, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായുണ്ടാകും. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും എസ്.പി.സി.എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.

ഓണാഘോഷം കെങ്കേമം...

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എല്ലാ കുട്ടികള്‍ക്കും സ്‌റ്റാഫിനും ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു. ഒന്‍പത് എ ഡിവിഷനിലെ കുട്ടികള്‍ തയ്യാറാക്കിയ ഓണപ്പതിപ്പ് ഹെഡ്‌മാസ്‌റ്റര്‍ പ്രകാശനം ചെയ്‌തു. അസംബ്ലിക്ക് ശേഷം ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ പൂക്കളമത്സരം നടന്നു. ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ 65 സെ.മീ. ആരത്തില്‍ നാടന്‍പൂക്കള്‍ക്ക് പ്രാധാന്യം നല്‍കി പൂക്കളം ഒരുക്കാനായിരുന്നു നിര്‍ദ്ദേശം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 10, 9 സി ക്ലാസുകളും യുപി
വിഭാഗത്തില്‍ 7, 7 ബി ക്ലാസുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഫെസ്‌റ്റിവല്‍ കണ്‍വീനര്‍ പി.എസ്. ബൈജു നേതൃത്വം നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലും എല്‍ പി വിഭാഗത്തിലും പൂക്കളങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. വിവിധ നാടന്‍കളികളും സംഘടിപ്പിച്ചു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി. ശ്രീ സി. രാമുഞ്ഞിയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, പിടിഎ വൈസ് പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ , എം.പി.ടി.. പ്രസിഡന്റ് പുഷ്‌പ ബന്നൂര്‍, മുന്‍ ഹെഡ്‌മാസ്‌റ്റര്‍ എം.ഗംഗാധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്റെയും അഴിമതിരഹിതമായ സമൂഹത്തിന്റെയും
സാമൂഹികനീതിയുടെയും പ്രതീകമാണ് ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലമാണിത്. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എന്തിന് പ്രകൃതിക്കുപോലും ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്ഠാന പൈതൃകം മലയാളിയുടെമാത്രം സ്വന്തമാണ്.
‘‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
                                           ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...’’
ഓണത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍ നൂറ്റാണ്ടുമുമ്പുതന്നെ
കേരളത്തില്‍ പ്രചരിച്ചിരുന്ന ‘മഹാബലിചരിതം പാട്ടില്‍’നിന്നുള്ളതാണ്. ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ, വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന് ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക് കൈമാറേണ്ടതുണ്ട്. സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്റെ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക് സമ്മാനിക്കുന്നത്.  
                         For more photos please CLICK HERE

അധ്യാപകദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിച്ചു

 അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ കുട്ടികള്‍ക്കും വെവ്വേറെയാണ് പ്രദര്‍ശനം ഒരുക്കിയത്. ഹയര്‍ സെക്കന്ററി കുട്ടികള്‍ ഹയര്‍ സെക്കന്ററി ഹാളിലും ഹൈസ്‌കൂള്‍ കുട്ടികള്‍ മള്‍ട്ടിമീഡിയ റൂമിലുമാണ്
കണ്ടത്. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, എച്ച്. പദ്‌മ, സ്‌റ്റാഫ് സെക്രട്ടറി തുടങ്ങിയവര്‍ സന്നഹിതരായിരുന്നു.സ്വന്തം അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ഡല്‍ഹി മനേക് ഷാ സെന്ററില്‍ നിന്ന് നരേന്ദ്രമോദി രാജ്യത്തെ 18 ലക്ഷം സ്‌കൂള്‍വിദ്യാര്‍ഥികളോട് സംസാരിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി മറുപടിനല്‍കി. 'നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം, നന്നായി കളിക്കണം, ദിവസത്തില്‍ നാലുതവണയെങ്കിലും നന്നായി വിയര്‍ക്കണം, വിദ്യാര്‍ഥികളായതിനാല്‍ നിങ്ങള്‍ക്കൊക്കെ സ്വപ്‌നങ്ങളുണ്ടാവും. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തടയാനാവില്ല'.
അപ്പോള്‍ ഇംഫാലില്‍നിന്നുള്ള വിദ്യാര്‍ഥിയുടെ രസകരമായ ചോദ്യം- എനിക്കെപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ കഴിയും? '2024-ലെ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങിക്കോളൂ'. പൊട്ടിച്ചിരിയോടെ പ്രധാനമന്ത്രി മറുപടി തുടങ്ങി. 'അതുവരെ എനിക്ക് ഭീഷണിയൊന്നുമില്ലെന്നുകൂടിയാണ് ഇതിന്നര്‍ഥം. ഇന്ത്യ ജനാധിപത്യരാജ്യമാണ്. ആര്‍ക്കും പ്രധാനമന്ത്രിയാവാം. നിങ്ങള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്നെയും ക്ഷണിക്കണം'. എപ്പോഴെങ്കിലും പ്രധാനമന്ത്രിയാവുമെന്ന് താങ്കള്‍ വിചാരിച്ചിരുന്നോ? മോദിയുടെ മനസ്സറിയാന്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കുസൃതിച്ചോദ്യം. 'ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. സാധാരണ കുടുംബമായിരുന്നു എന്റേത്. പഠിക്കുമ്പോള്‍ ക്ലാസ് ലീഡര്‍ പോലുമായിട്ടില്ല. ആരെങ്കിലുമാവാനല്ല, എന്തെങ്കിലും ചെയ്യാന്‍ സ്വപ്‌നം കാണണം. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലുമാവും. അങ്ങനെ ചെയ്യുന്നതില്‍ ഏറെ ആനന്ദം കണ്ടെത്താം. വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടോ എന്തോ ഒരു വിദ്യാര്‍ഥിയുടെ ചോദ്യമിങ്ങനെ- ഞങ്ങളോട് സംസാരിച്ചതുകൊണ്ട് എന്താണ് ലാഭം? ചോദ്യം ഇഷ്ടപ്പെട്ട മോദിയുടെ മറുപടിയും ഉടനെത്തി. 'ചിലതു നമ്മള്‍ ചെയ്യുന്നത് ഒന്നും നേടാനല്ല. ലാഭേച്ഛയില്ലാതെ എന്തെങ്കിലും ചെയ്താല്‍ അത് കൂടുതല്‍ സന്തോഷം നല്‍കും'. ബുദ്ധിമാനായ ഒരു വിദ്യാര്‍ഥിയും അലസനായ മറ്റൊരു കുട്ടിയുമുണ്ടെങ്കില്‍ അധ്യാപകനെന്ന നിലയ്ക്ക് ആരെ ശ്രദ്ധിക്കുമെന്നായിരുന്നു തിരുവനന്തപുരം പട്ടം സെന്‍ട്രല്‍സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ചോദ്യം. ഓരോ വിദ്യാര്‍ഥിക്കും ഓരോരോ പ്രതിഭയുണ്ടെന്നും ആരെയും അധ്യാപകര്‍ വിവേചനത്തോടെ കാണരുതെന്നും പ്രധാനമന്ത്രിയുടെ മറുപടി. ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട സ്‌കൂളിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. അവിടെ എല്ലാവരും പഠനത്തിനു പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുട്ടിക്കാലത്തെ വികൃതിയെക്കുറിച്ചും കുട്ടികള്‍ക്ക് അറിയണമായിരുന്നു. കല്യാണച്ചടങ്ങുകളില്‍ അതിഥികളുടെ വസ്ത്രങ്ങള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്ന തന്റെ വികൃതി മോദി പങ്കുവെച്ചു. പറഞ്ഞു തീര്‍ന്നപ്പോള്‍ ഒരു ഉപദേശം. 'നിങ്ങളങ്ങനെയൊന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുതരണം'. സ്‌കൂളിലെ ഇഷ്ടപ്പെട്ട അധ്യാപകനോടെന്നപോലെ വിദ്യാര്‍ഥികളെല്ലാം പുഞ്ചിരി മായാത്ത മുഖങ്ങളോടെ തലയാട്ടി. കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയും ചടങ്ങില്‍ പങ്കെടുത്തു.To view the live interaction, please CLICK HERE

അധ്യാപകദിനാചരണം-മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു

   അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റാഫ് കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. സ്‌കൂളിലെ ഇരുപത് വര്‍ഷവും അതില്‍ കൂടുതലും സര്‍വ്വീസുള്ള എട്ട് അധ്യാപകരെ ചടങ്ങില്‍ വെച്ച്  മുഖ്യാതിഥി സ്‌മരണിക നല്‍കി ആദരിച്ചു.
ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ (ഹെഡ്‌മാസ്‌റ്റര്‍), എന്‍. പ്രസന്നകുമാരി (എച്ച്.എസ്.എ. ഹിന്ദി), എച്ച്. പദ്‌മ (എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ്-കന്നഡ), കെ. സത്യശങ്കര (പി.ഡി.ടീച്ചര്‍-കന്നഡ), കെ. ചനിയ നായക്ക് (പി.ഡി.ടീച്ചര്‍-കന്നഡ), ഡി. രാമണ്ണ (എച്ച്.എസ്.എ. കന്നഡ), കെ. സുധാമ (പി.ഡി.ടീച്ചര്‍-കന്നഡ), എം. ഉദയകുമാര്‍ (പി.ഡി.ടീച്ചര്‍-കന്നഡ) എന്നിവരാണ് ആദരിക്കപ്പെട്ടത്. ആദരിക്കപ്പെട്ട അധ്യാപകര്‍ അവരുടെ അധ്യാപകജീവിതത്തിലെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.
പരാതിപറയുന്നവരില്‍ നിന്നും പരാതി പരിഹരിക്കുന്നവരിലേക്ക് അധ്യാപക സമൂഹം ഉയരേണ്ടതുണ്ടെന്ന സത്യശങ്കര മാസ്‌റ്ററുടെ അഭിപ്രായം ശ്രദ്ധേയമായി. സംഘശക്തിയുടെ പ്രസക്തിയെക്കുറിച്ചാണ് രാമണ്ണ മാസ്‌റ്റര്‍ സംസാരിച്ചത്. നിര്‍ദ്ദനരായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ മുഴുവന്‍ പഠനചെലവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രസന്നകുമാരി ടീച്ചറുടെ പ്രവര്‍ത്തനം മാതൃകാപരമായി. കെ.നാരായണ ബള്ളുള്ളായ, എസ്.എസ്. രാഗേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അധ്യാപകദിനത്തിലെ ഇത്തരം കൂട്ടായ്‌മകള്‍ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണമെന്ന് രാഗേഷ് മാസ്‌റ്റര്‍ അഭിപ്രായപ്പെട്ടു. യൂനുസ് കോട്ടക്കല്‍, മാധവ തെക്കേക്കര, സുജിത്ത്. ബി.പി., കെ. ഗീതാസാവിത്രി, വിദ്യാലത, ബി. കൃഷ്‌ണപ്പ എന്നിവര്‍ ഗാനമാലപിച്ചു. പി.കെ. മിനിമോള്‍ സ്വന്തമായി രചിച്ച കവിത ചൊല്ലി. സ്‌റ്റാഫ് സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം സ്വാഗതവും പി. ശാരദ നന്ദിയും പറഞ്ഞു.

അധ്യാപകദിനാചരണം-പൂച്ചെണ്ടുകളുമായി കുട്ടികള്‍

അധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രത്യേകഅസംബ്ലി നടന്നു. സ്‌കൂള്‍ ലീഡര്‍ വിജയകുമാരി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. തുടര്‍ന്ന് എസ്.പി.സി. കാഡറ്റുകള്‍ മുഴുവന്‍ അധ്യാപകര്‍ക്കും പൂക്കള്‍ നല്‍കി. ഹെഡ്മാസ്‌റ്റര്‍ അധ്യാപകദിനസന്ദേശം നല്‍കി. ഡോ.സര്‍വേപ്പള്ളി രാധാകൃഷ്‌ണന്‍ അവര്‍കളുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കാന്‍ ഹെഡ്‌മാസ്‌റ്റര്‍ കുട്ടികളോട് പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
തത്ത്വചിന്തകന്‍ രാജാവാകണം എന്നു നിര്‍ദേശിച്ചതു പ്ലേറ്റോയാണ്‌. ചരിത്രത്തില്‍ പക്ഷേ, ഈ നിര്‍ദേശം വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പ്രായോഗികമായിട്ടുള്ളു. ആധുനികഭാരതം ഒരിക്കല്‍ പ്ലേറ്റോയുടെ അഭിലാഷം സാക്ഷാത്‌കരിക്കുകയുണ്ടായി- 1962ല്‍. ഡോ.എസ്‌.രാധാകൃഷ്‌ണന്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സാരഥിയായി രാധാകൃഷ്‌ണന്‍ അവരോധിക്കപ്പെട്ടപ്പോള്‍ `ഒരു ദാര്‍ശനികന്‍ രാജാവായിരിക്കുന്നു' എന്ന നിലയിലാണ്‌ ലോകം
മുഴുവന്‍ പ്രതികരിച്ചത്‌. നിരവധി രാജ്യങ്ങളില്‍ നടത്തിയ പ്രഭാഷണ പര്യടനങ്ങളിലൂടെ വൈജ്ഞാനികമായ ഒരു ദിഗ്വിജയം തന്നെ കൈവരിക്കാന്‍ രാധാകൃഷ്‌ണനു സാധിച്ചു. പരിചയപ്പെട്ടവരൊക്കെ `ഇതാ, `ഒരു ദാര്‍ശനികന്‍' എന്നദ്ദേഹത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. മഹാത്മാഗാന്ധിയുടെ അഹിംസാധിഷ്‌ഠിതമായ സമരപരിപാടിയുടെ ചരിത്രപരവും താത്ത്വികവുമായ പശ്ചാത്തലവും പ്രസക്തിയും സ്വദേശത്തും വിദേശത്തുമുള്ള ബുദ്ധിജീവികള്‍ക്കും, സ്വാതന്ത്ര്യപ്രസ്ഥാനത്തെ സംശയത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ച രാഷ്‌ട്രനേതാക്കള്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തതു രാധാകൃഷ്‌ണനായിരുന്നു. പ്രഗല്‌ഭനായ അധ്യാപകന്‍, ഉജ്ജ്വലനായ പ്രഭാഷകന്‍, തന്ത്രശാലിയായ അമ്പാസിഡര്‍, രാഷ്‌ട്രത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ ദത്താവധാനനായ ഭരണാധികാരി, ഉന്നതനായ ചിന്തകന്‍, അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ എന്നിങ്ങനെ ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹം ചരിത്രത്തില്‍ നിറഞ്ഞുനിന്നു. ശബളാഭമായ ആ ജീവിതത്തിന്റെ ഏടുകള്‍ നമ്മുടെ വരുംതലമുറകള്‍ പരിചയപ്പെടണം. എങ്കിലേ ഒരു രാഷ്‌ട്രം കൈവരിച്ച മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ കഥാപഠനം പൂര്‍ത്തിയാകൂ.