Tuesday, September 30, 2014

ഇന്ന് ലോകവയോജനദിനം...കൈപിടിച്ചു നടത്തിയവര്‍ക്ക്
കൈത്താങ്ങാവാന്‍ ഓര്‍ക്കുക ഈ ദിനം....

ഒക്‌ടോബര്‍ ഒന്ന്... ലോക വയോജനദിനം... യാത്രയ്ക്കിടയില്‍ ക്ഷീണിതനായ വയോധികന് താങ്ങാവുന്നത് ഊന്നുവടി..നമ്മെ ഒരിക്കല്‍ കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവാന്‍ ഓര്‍ക്കുക ഈ ദിനം....
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്‍ തള്ളാന്‍ മടിക്കാത്ത, അവര്‍ക്കായി നാടുനീളെ വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, പ്രസംഗങ്ങളിലും സെമിനാറുകളിലുമായി നമ്മുടെ വയോജനദിനം ഒതുങ്ങിപ്പോകുന്നു.1981-91ല്‍ ഇന്ത്യയിലെ പൊതു ജനസംഖ്യാ വര്‍ധന 1.39 ശതമാനമായപ്പോള്‍ വയോജനങ്ങള്‍ 3.26 ശതമാനമാണ് വര്‍ധിച്ചത്. പത്ത് വര്‍ഷം കഴിയുമ്പോഴേക്കും ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് വയോജനങ്ങളായിരിക്കും എന്നാണ് കണക്കാക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 60 വയസ്സിനുമേല്‍ പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025ല്‍ ഇത് ഇരട്ടിയാകും. 2050ല്‍ ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകും. വികസ്വര രാജ്യങ്ങളായിരിക്കും എണ്ണത്തില്‍ മുമ്പില്‍ എന്നും കണക്കുകള്‍ പറയുന്നു. വരും കാലങ്ങളില്‍ വയോജനസംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യം എത്രത്തോളമെന്ന് ഈ കണക്കുകളില്‍നിന്ന് മനസ്സിലാക്കാം.
രക്തധമനികളിലെ ജരാവസ്ഥ വാര്‍ധക്യത്തിലെ പ്രധാന വെല്ലുവിളിയാണ്. രക്തധമനികളുടെ ഉള്‍ഭിത്തികളില്‍ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹത്തിനു തടസ്സമുണ്ടാകാം. ഹൃദയം, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഇതു മന്ദീഭവിപ്പിക്കാം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയാം. ദഹനേന്ദ്രിയ പ്രശ്‌നങ്ങള്‍, അസ്ഥികള്‍ ക്കുള്ള ബലക്ഷയം, പേശികള്‍ക്കുള്ള ബലക്ഷയം എന്നിവയൊക്കെ വെല്ലുവിളികളാണ്.
ആയുസ്സിന്റെ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതത്തിന്റെ സായംസന്ധ്യയില്‍ രോഗങ്ങളാലും വാര്‍ധക്യത്താലും പരസഹായം ആവശ്യമായിവരുന്ന സമയത്ത് മക്കളും മറ്റു ബന്ധുക്കളും നല്ല രീതിയില്‍ കഴിയുമ്പോള്‍തന്നെ, സഹായത്തിനാരുമില്ലാതായിത്തീരുന്നവരുടെ അവസ്ഥ അതിദയനീയമാണ്,വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം ജനങ്ങളില്‍ വളരണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹം അവരോടുള്ള കടമ നിര്‍വഹിക്കുന്നുള്ളൂ. ഫലത്തില്‍ അത് ഇന്നത്തെ യുവാക്കള്‍ക്കുവേണ്ടി തന്നെയുള്ളതാണ്. കാരണം, നാളെ ഈ അവസ്ഥയില്‍ എത്തിച്ചേരുന്നവരാണല്ലോ അവര്‍. വൃദ്ധജനങ്ങളുടെ കണ്ണീര്‍ വീണാല്‍ ആ ചൂടില്‍ സമൂഹ മനസാക്ഷി നെരിപ്പോടുകണക്കെ അണയാതെ നീറിക്കൊണ്ടിരിക്കും.
ഐക്യ രാഷ്ട്രസഭ ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിച്ചു വരുന്നു. 2008 ല്‍ ഈ ദിനത്തിന്റെ പ്രഖ്യാപിത ലകഷ്യം 'വയോധികരുടെ അവകാശങ്ങള്‍' ആണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികമായതിനാലാണ് ഐക്യരാഷ്ട്ര സഭ വയോധികരുടെ അവകാശങ്ങള്‍ ഇത്തവണ പ്രതിപാദ്യമാക്കിയിരിക്കുന്നത്.
പാശ്ചാത്യ ശൈലിക്കൊപ്പം ഇന്ത്യയും, പ്രത്യേകിച്ച് കേരളവും മാറുന്നു എന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന വൃദ്ധ സദനങ്ങളുടെ എണ്ണം. മാറി വരുന്ന ജീവിത ശൈലിക്ക് അനുസരിച്ച് എല്ലാം മാറണം എന്ന് വാശി പിടിക്കുന്ന യുവ തലമുറ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ 'എല്ലാ സൌകര്യങ്ങളോടെയും' പാര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം മറക്കുന്നു, അവരുടെ മാനസിക വ്യാപാരങ്ങള്‍.
ഭൂതകാലത്ത് അവര്‍ ചെയ്ത പ്രവര്‍ത്തികള്‍ ഭൂരിഭാഗവും യുവ തലമുറയ്ക്ക് വേണ്ടിയായിരുന്നു എന്ന് വിസ്മരിക്കപ്പെടുന്നു. അവരുടെ വികാര തലങ്ങളും പൂര്‍ണമായി അവഗണിക്കുന്ന കാലമാണിത്. സ്വന്തം വീട്ടില്‍ താമസിക്കാനാണ് വൃദ്ധ സദനത്തില്‍ 'മക്കളുടെ സൌകര്യ'ത്തിനായി എത്തിപ്പെടുന്നവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അതിനെതിരെ യുവതലമുറയുടെ 'പ്രായോഗികത' പൊരുതി ജയിക്കുന്ന കാഴ്ചയാണ് കേരളത്തിലുടനീളം കാണാന്‍ സാധിക്കുന്നത്.
ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആഹ്ലാദവും പരിഗണനയും നല്‍കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ എത്ര നന്നായിരിക്കും. ബന്ധുവോ പരിചയക്കാരോ അപരിചിതരോ ആരുമാവട്ടെ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടന്നു വന്ന അവരെ നമുക്ക് ഈ ദിനത്തില്‍ സമഭാവനയോടെ കാണാം, ആദരിക്കാം.

No comments:

Post a Comment