ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
കുമ്പള ഉപജില്ലാകലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അഡൂര്‍ സ്‌കൂളിന് വേണ്ടി സ്‌കൂള്‍ കലോത്സവക്കമ്മിറ്റി കണ്‍വീനര്‍ ബി.പി.സുജിത്ത് മാസ്‌റ്റര്‍ ഷീല്‍ഡ് ഏറ്റുവാങ്ങുന്നു.
കുമ്പള ഉപജില്ലാകലോത്സവത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി റവന്യു ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയ അഡൂര്‍ സ്‌കൂളിലെ കുട്ടികള്‍ സീനിയര്‍ അസിസ്റ്റന്റ്  പ്രസന്ന ടീച്ചര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം

'സഹപാഠിക്കൊരു കൈത്താങ്ങ് '-എസ്.പി.സി.യൂണിറ്റ് മാതൃകയായി

ജി.എച്ച്.എസ്.എസ്.ചായ്യോത്ത് സ്‌കൂളിലെ സീനിയര്‍ എസ്.പി.സി.കേഡറ്റായ ഷബ്‌നയുടെ ചികിത്സാ സഹായനിധിയിലേക്ക് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി ടീച്ചര്‍ക്ക് കൈമാറുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഷബ്‌ന തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. നിര്‍ദ്ദനകുടുംബാംഗമാണ്.
കുമ്പള ഉപജില്ലാകായികമേളയില്‍ മെഡലുകള്‍ നേടിയ അഡൂര്‍ സ്‌കൂളിലെ
അത്‌ലിറ്റുകള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രസന്ന ടീച്ചര്‍ക്കും ടീം മാനേജര്‍മാരായ
എസ്.എസ്.രാഗേഷ്, പി.ഇബ്രാഹിം ഖലീല്‍ എന്നീ അധ്യാപകര്‍ക്കും ഒപ്പം
കുമ്പള ഉപജില്ലാകലോത്സവം ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍
ചാമ്പ്യന്‍ഷിപ്പ് നേടിയ അഡൂര്‍ സ്‌കൂളിലെ കുട്ടികള്‍ സീനിയര്‍ അസിസ്റ്റന്റ്
പ്രസന്ന ടീച്ചര്‍ക്കും ടീം മാനേജര്‍ ഖലീല്‍ മാഷിനും ഒപ്പം

റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിഞ്ഞ് അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് '

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനങ്ങളും, പച്ചപ്പുല്‍മേടുകളും കൊണ്ട് സമ്പന്നമായ പനത്തടി പഞ്ചായത്തിലെ റാണിപുരം, പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. കര്‍ണ്ണാടകയിലെ ടൂറിസം കേന്ദ്രങ്ങളായ കുടക്, മടിക്കേരി, തലക്കാവേരി എന്നീ പ്രദേശങ്ങളോട് തൊട്ട്കിടക്കുന്ന പ്രദേശമാണ് 'കേരളത്തിന്റെ ഊട്ടി 'എന്നറിയപ്പെടുന്ന റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റര്‍ കിഴക്കായി പാണത്തൂര്‍
ജൈവവൈവിധ്യത്തെക്കറിച്ച് കോഴിക്കോട് വനവിജ്ഞാന
കേന്ദ്രത്തിലെ പ്രഭാകരന്‍ ക്ലാസെടുക്കുന്നു

റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്‌ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. വിവിധ ഇനത്തില്‍പ്പെട്ട ഇരുന്നോറോളം പക്ഷികളും ഉഗ്രവിഷ പാമ്പുകളായ രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയവയും ഇവിടെ ധാരാളമായി കണ്ടുവരുന്നു. ഒപ്പം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ് പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന റാണിപുരം. പക്ഷി നിരീക്ഷണത്തിനും സാഹസിക യാത്രകള്‍ക്കുമായി നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്. ഒക്ടോബര്‍
മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിനും സാഹസിക - വിനോദ സഞ്ചാരികള്‍ക്കും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും കൊണ്ട് അനുഗ്രഹിതമായ ഇവിടം. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച്‌ പഠനം നടത്തുവാനും ഇവിടെ ആളുകളെത്തുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പ് റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക്
ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് റേഞ്ച് ഓഫീസര്‍ ഡെല്‍റ്റോ എല്‍. മറോക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ വിനു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍, കോഴിക്കോട് വനവിജ്ഞാനകേന്ദ്രത്തില്‍ നിന്നുള്ള പ്രഭാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, എസ്.എസ്. രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത, കേഡറ്റുകളായ ജെ. ചൈതന്യ, പി. മെഹറൂഫ്, അബൂബക്കര്‍ സിദ്ദീഖ്, അബ്‌ദുല്‍ ബഷീര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.. .ഗംഗാധരന്‍ സ്വാഗതവും എ.സി.പി.. പി.ശാരദ നന്ദിയും പറഞ്ഞു.

മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം

'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ് അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത് ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്. ഇതുമൂലം കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു. പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍ നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍ ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍ നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അഡൂര്‍ പാടത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി

മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്. ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍ സ്വയംപര്യാപ്‌തമായ ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും. തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. പക്ഷെ, താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ കൂട്ടായ്മ നല്‍കുന്നത് അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു. വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍ അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...!
കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍,  അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
സ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി

ക്രമസമാധാനപാലനത്തിന് ഞങ്ങള്‍ തയ്യാര്‍...!
ഗതാഗതം നിയന്ത്രിക്കുന്ന കുട്ടിപ്പൊലീസുകാര്‍
ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികളുടെ സേവനം ശ്രദ്ധിക്കപ്പെട്ടു. കുമ്പള ഉപജില്ലയില്‍ അഡൂര്‍ സ്‌കൂളില്‍ മാത്രമാണ് 'കുട്ടിപ്പൊലീസ് ' യൂണിറ്റുള്ളത്. മൊത്തം എണ്‍പത്തിയെട്ട് പേരുള്ള യൂണിറ്റിനെ മൂന്ന് ഗ്രൂപ്പുകളാക്കി ഓരോ ദിവസങ്ങളിലായി ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. എസിപിഒ പി.ശാരദ, സിപിഒ എ.ഗംഗാധരന്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രാഫിക് നിയന്ത്രണം, മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികളിലെ അച്ചടക്കപരിപാലനം മുതലായവയാണ് കേഡറ്റുകള്‍ക്ക് നല്‍കിയ ചുമതലകള്‍.

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍

ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ എഴുപത്തിനാല് പോയിന്റ് നേടി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്മാരായി. എഴുപത് പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍ രണ്ടാം സ്ഥാനവും അറുപത്തിയെട്ട് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പതിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണത്തിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം),സഫീദ യാസ്‌മിനും സംഘവും(ചിത്രീകരണം). വിജയികളായ കുട്ടികളെയും നേതൃത്വം നല്‍കിയ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ പി. ഇബ്രാഹിം ഖലീലിനെയും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാറും പി.ടി.എ. പ്രസിഡന്റ് സി.കെ.കുമാരനും അഭിനന്ദിച്ചു. യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കുമ്പള ഉപജില്ലാ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ മുന്നില്‍

ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ അറുപത്തിമൂന്ന് പോയിന്റുമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം തുടരുന്നു. അമ്പത്തിയഞ്ച് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് തൊട്ടുപിറകില്‍. ഇതുവരെ നടന്ന പതിനഞ്ചിനങ്ങളില്‍ പതിനൊന്നിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം). 
 എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയവര്‍
സഫീദ യാസ്‌മിന്‍ 
(പദ്യം ചൊല്ലല്‍)
ആയിഷത്ത് സുഹാന 
(സംഭാഷണം)
അബ്‌ദുല്‍ ബഷീര്‍ 
(പ്രസംഗം)

മലയോരത്തുനിന്നും ഒരു ഹ്രസ്വചിത്രം-'വിരിയാത്ത മയില്‍പീലി'

ഒരു അധ്യാപകന്റെ ആത്മാര്‍ത്ഥമായ സ്‌നേഹവും തലോടലുമാണ് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ വിജയത്തിന് പ്രോത്സാഹനവും പ്രചോദനവുമാകുന്നത്. ചിലപ്പോള്‍ സ്വന്തം വീട്ടിലെ ദാരിദ്ര്യവും മറ്റ് ബുദ്ധിമുട്ടുകളും മറികടക്കുവാനും ആ സ്‌നേഹം കുട്ടികളെ സഹായിക്കാറുണ്ട്. ചെറുപ്പത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് അതിശയകരമായ ഊര്‍ജ്ജമാണ് നല്‍കുന്നത്. കുട്ടികള്‍ പലപ്പോഴും മാതൃകയാക്കുന്നത് അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നവരെയാണല്ലോ? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ ഭാവിയില്‍ അവര്‍ക്ക് നിര്‍വഹിക്കുവാനുള്ള പങ്ക് മറക്കുകയും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന
മാധവ തെക്കേക്കര
പ്രചോദനത്തെപ്പോലും പാഴാക്കിക്കളയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ലൊരു വഴികാട്ടിയാകുന്നത് ? സ്‌കൂളില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും കളങ്കമറ്റ വാത്സല്യത്തിന്റെ പ്രാധാന്യത്തെയും, രക്ഷിതാക്കള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് വിമുക്തരാകേണ്ട ആവശ്യകതയെയും ഓര്‍മ്മപ്പെടുത്തുന്നതാണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായ മാധവ തെക്കേക്കരയുടെ നേതൃത്വത്തില്‍ ഒരുപറ്റം അധ്യാപകരും കുട്ടികളും ചേര്‍ന്നൊരുക്കിയ 'വിരിയാത്ത മയില്‍പീലി' എന്ന ഹ്രസ്വചിത്രം. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച ക്യാമറയും മറ്റും ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. സ്‌കൂളിന്റെ പുരോഗതിയെ കാംക്ഷിക്കുന്നവരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഈ ചിത്രം നിര്‍മ്മിക്കുവാന്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സത്യന്‍ കോളിയടുക്കം, അധ്യാപകരായ ജോണ്‍പ്രസാദ്, കൃഷ്‌ണപ്പ, സുസ്‌മിത ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ പൃഥ്വി, വിദ്യാര്‍ത്ഥിനികളായ ചൈതന്യ, സജിന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ്, രശ്‌മി, ഉമ്മുഹബീബ, അബ്‌ദുല്‍ സാദിഖ്, മുബാറക്ക് തുടങ്ങിയ കുട്ടികളും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സ്‌കൂളിലെ അധ്യാപകനായ ബി.പി. സുജിത്ത് ആണ് ക്യാമറ കൈകാര്യം ചെയ്‌തത്. (എല്ലാ സ്‌കൂളുകളിലും ഈ
ഹ്രസ്വചിത്രം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുംവേണ്ടി പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങള്‍ കമന്റ്സ് രൂപത്തില്‍ പ്രതീക്ഷിക്കുന്നു. ഈ സിനിമ കാണുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. മൂന്ന് ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.)

Traffic Accident Victims Remembrance day-Special Programme

പ്രസന്ന ടീച്ചര്‍ ക്ലാസെടുക്കുന്നു. വാഹനഅപകടങ്ങളില്‍
ഉറ്റവരെ നഷ്‌ടപ്പെട്ട ഹരിണാക്ഷി,ഇര്‍ഫാന,എസ്.പി.സി.
എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ വേദിയില്‍.
Nov.18: Traffic Accident Victims Remembrance day പ്രമാണിച്ച് സ്‌കൂള്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്‌റ്റ് യൂണിറ്റ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വാഹന അപകടങ്ങളുടെ ഇരകളായവരും അവരുടെ ബന്ധുക്കളായ കുട്ടികളും പരിപാടിയില്‍ സംബന്ധിച്ച് അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്‌തു. സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി തനിക്കുണ്ടായ വാഹനഅപകടത്തെക്കുറിച്ചും അതുമൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും എസ്‌പിസി കാഡറ്റുകള്‍ക്ക് ക്ലാസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കേണ്ടതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ടീച്ചര്‍ വിശദീകരിച്ചു. സഹോദരനും അച്ഛനും വാഹനഅപകടത്തില്‍ മരണപ്പെട്ട ഹരിണാക്ഷി, സഹോദരനെ നഷ്‌ടപ്പെട്ട ഫാത്തിമത്ത് ഇര്‍ഫാന എന്നീ വിദ്യാര്‍ത്ഥിനികള്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്‌തു. വളരെ വികാരനിര്‍ഭരമായിരുന്നു പരിപാടി. വാഹനഅപകടങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തിനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സംബന്ധിച്ചു. സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് എ.സി.പി.ഒ. പി.ശാരദ സ്വാഗതവും സി.പി.ഒ. എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

'മലയോരവിശേഷം' ബ്ലോഗ് ടീമിന് അനുമോദനം

നവമ്പര്‍ 17: കാസറഗോഡ് ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം നേടിയ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 'മലയോരവിശേഷം' ബ്ലോഗ് ടീമിന് നേതൃത്വം വഹിക്കുന്ന സ്‌കൂള്‍ ഐടി കോഡിനേറ്ററും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയുമായ എ.എം. അബ്‌ദുല്‍ സലാം മാഷിനെ സ്‌കൂള്‍ അധ്യാപകരക്ഷാകര്‍തൃ സമിതിയും സ്‌റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. അധ്യാപകരക്ഷാകര്‍തൃ സമിതിയുടെവക ഉപഹാരം പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അവര്‍കളും സ്‌റ്റാഫ് കൗണ്‍സില്‍ വക ഉപഹാരം ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കളും നല്‍കി. ജില്ലയിലെ എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗുകള്‍ മുഖേന പരസ്​പരം ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പദ്ധതിയുടെ ഭാഗമായി ജില്ലാവിദ്യാഭ്യാസ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സ്‌റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ മുന്‍ ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ അതിഥിയായി സംബന്ധിച്ചു. സീനിയര്‍ അസ്‌സ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, എച്ച്. പദ്‌മ, ഡി.രാമണ്ണ, .രാജാറാമ, മാധവ തെക്കേക്കര, പി.എസ്. ബൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ. സത്യശങ്കര സ്വാഗതവും പി. ശാരദ നന്ദിയും പറഞ്ഞു.

'മലയോരവിശേഷ'ത്തിനും അഡൂര്‍ സ്‌കൂളിനും ഇത് ചരിത്രമുഹൂര്‍ത്തം

കാസറഗോഡ് ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, പിടിഎ വൈസ് പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍, സ്‌കൂള്‍ ഐടി കോഡിനേറ്റര്‍ എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ കാസറഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നില്‍ നിന്നും ഏറ്റുവാങ്ങുന്നു. വേദിയില്‍ കാസറഗോഡ് എം.പി. പി.കരുണാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സുജാത, കാസറഗോഡ് ഡിഡിഇ സി.രാഘവന്‍, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ് തുടങ്ങിയ വിശിഷ്‌ട വ്യക്തികള്‍.

ശിശുദിനം:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു

പുഞ്ചിരി മത്സരത്തില്‍ വിജയികളായ റിതേഷ്,രശ്‌മിത,സിഞ്ചന
കൃഷ്‌ണപ്പ മാസ്‌റ്റര്‍ അവതരിപ്പിച്ച വിവിധതരം പൊട്ടിച്ചിരികള്‍
ബലൂണ്‍ പൊട്ടിക്കല്‍
മ്യൂസിക്കല്‍ ചെയര്‍
സമ്മാനവിതരണം
നവമ്പര്‍ 14: അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് മ്യൂസിക്കല്‍ ചെയര്‍, പുഞ്ചിരിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് മത്സരങ്ങളില്‍ സംബന്ധിച്ചത്. പുഞ്ചിരിമത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ റിതേഷ്, രശ്‌മിത, രണ്ടാം ക്ലാസ് എ ഡിവിഷനിലെ സിഞ്ചന എന്നിവര്‍ ഏറ്റവും നന്നായി പുഞ്ചിരിച്ച് സമ്മാനര്‍ഹരായി. പുഞ്ചിരിമത്സരത്തിന് ശേഷം നടന്ന കൃഷ്‌ണപ്പ മാസ്‌റ്ററുടെ വിവിധതരം പൊട്ടിച്ചിരികളുടെ പ്രദര്‍ശനം കുഞ്ഞുങ്ങളെ ആഹ്‌ളാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ മുഹമ്മദ് മുജിത്തബ വിജയിയായി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം..ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

ശിശുദിനം:എസ്.പി.സി.യുടെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു

'കുട്ടികളും സമൂഹവും' വിഷയത്തില്‍ ബൈജു മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൗതുകമത്സരങ്ങള്‍ നടത്തുന്നു
നവമ്പര്‍ 14: ശിശുദിനത്തോടനുബന്ധിച്ച് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. 'കുട്ടികളും സമൂഹവും' എന്ന വിഷയത്തില്‍ എസ്.പി.സി.യൂണിറ്റിലെ കുട്ടികള്‍ക്ക് പഠനക്ലാസ് സംഘടിപ്പിച്ചു. പി.എസ്.ബൈജു മാസ്‌റ്റര്‍ ക്ലാസെടുത്തു. 'കുട്ടിപ്പൊലീസു'കാരുടെ നേതൃത്വത്തില്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആനക്ക് വാല്‍ വരക്കല്‍, തവളച്ചാട്ടം, പന്തടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. സംബന്ധിച്ച എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടികള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. കേഡറ്റ് ലീഡര്‍ ജെ.ചൈതന്യ സ്വാഗതം പറഞ്ഞു. എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി.ശാരദ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം..ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

ശിശുദിനം:അഡൂര്‍ സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം നടത്തി

രക്ഷാകര്‍തൃസംഗമം പിടിഎ പ്രസി‌ഡന്റ് 
സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.ലതീശന്‍ മാസ്‌റ്റര്‍ 
വിഷയമവതരിപ്പിച്ച്കൊണ്ട് സംസാരിക്കുന്നു
നവമ്പര്‍14:പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ രക്ഷിതാക്കള്‍ സംബന്ധിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വശിക്ഷാഅഭിയാന്‍ നിര്‍ദ്ദേശപ്രകാരം പ്രത്യേകപരിശീലനം ലഭിച്ച എന്‍. ലതീശന്‍ മാസ്‌റ്റര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു. കുട്ടികളുടെ പഠനം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു ക്ലാസിന്റെ പ്രധാനഉദ്ദേശ്യം. അധ്യാപകരക്ഷാകര്‍തൃസമിതി വൈസ് പ്രസി‌ഡന്റ് എച്ച്. കൃഷ്‌ണന്‍, മദര്‍ പി.ടി.. പ്രസിഡന്റ് എ.വി.ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ. സത്യശങ്കര മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

ശിശുദിനം:സാക്ഷരം-സാഹിത്യോത്സവം

നവമ്പര്‍ 14:അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. എം. രതീഷ് സ്വാഗതവും കെ.ചെനിയ നായക്ക് നന്ദിയും പറഞ്ഞു. പദ്യപാരായണം, മിമിക്രി, സംഘഗാനം, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വ്വം സംബന്ധിച്ചു. പഠനനിലവാരത്തില്‍ അല്‍പം പിറകിലായതിനാല്‍, പലപ്പോഴും അവസരങ്ങള്‍ വേണ്ടത്ര ലഭിക്കാത്ത നിരവധി കുട്ടികള്‍ക്ക് 'സാക്ഷരം-സാഹിത്യോത്സവം ' അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കുവാനുമുള്ള നല്ലൊരു വേദിയായി. കലാമോള്‍, എന്‍.ഹാജറ, പി.വി. നിഷ, ജിഷജനന്‍, കെ.സത്യശങ്കര, .ഗംഗാധരന്‍, വിദ്യാലത തുടങ്ങിയ അധ്യാപിക-അധ്യാപകന്മാരും നിരവധി രക്ഷിതാക്കളും സംബന്ധിച്ചു.

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം
അഡൂരിന് അഭിമാനമായി ചേതനും ഹര്‍ഷിത്തും പിന്നെ സഫീദ യാസ്‌മിനും

എല്‍.പി.വിഭാഗം ലഘുപരീക്ഷണ മത്സരത്തില്‍ എ ഗ്രേഡോടുകൂടി
ഒന്നാം സ്ഥാനം നേടിയ ടി.ചേതനും സി.കെ.ഹര്‍ഷിത്തും
പെരഡാല നവജീവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചുനടന്ന കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. എല്‍.പി.വിഭാഗം ലഘുപരീക്ഷണ മത്സരത്തില്‍ മൂന്നാം തരം കന്നഡ ഡിവിഷനിലെ കുട്ടികളായ ടി.ചേതന്‍, സി.കെ.ഹര്‍ഷിത്ത് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരീക്ഷണം എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. 30 സ്‌കൂളുകളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനക്കാരായത്. സിഗരറ്റ് പുക മനുഷ്യന് എങ്ങനെയാണ് ഹാനികരമാകുന്നത് എന്ന് തെളിയിച്ചു കൊടുക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഒരു പരീക്ഷണമാണ് ക്ലാസ് അധ്യാപകനായ എ.ഗംഗാധരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കുട്ടികള്‍ ചെയ്‌തത്. വിധികര്‍ത്താക്കളില്‍ നിന്ന് ലഭിച്ച പ്രത്യേക പ്രശംസ കുട്ടികള്‍ക്ക് വലിയ പ്രചോദനമായി. ഹൈസ്‌കൂള്‍ വിഭാഗം ഐടി മേളയില്‍ പ്രോജക്‌റ്റ് അവതരണത്തില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥിനി പി.സഫീദ യാസ്‌മിന്‍ എ ഗ്രേഡോട് കൂടി ഒന്നാം
ഐടി മേള പ്രോജക്‌റ്റ് അവതരണത്തില്‍
എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ
പി.സഫീദ യാസ്‌മിന്‍

സ്ഥാനം കരസ്ഥമാക്കി. കന്നഡ ടൈപ്പിങ്ങില്‍ പത്താം ക്ലാസ് കന്നഡ മീഡിയം വിദ്യാര്‍ത്ഥിനി ദിവ്യശ്രീ രണ്ടാം സ്ഥാനവും ഡിജിറ്റല്‍ പെയ്ന്റിങ്ങില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥി അഹമ്മദ് സാജിദ് മൂന്നാം സ്ഥാനവും നേടി. മലയാളം ടൈപ്പിങ്ങില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥി ഇഷാഹത്ത് അഹമ്മദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്‌ത്രമേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒമ്പതാം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുബാറക്ക്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'സോളാര്‍ ഹോമി'ന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. വിജയികളെ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

സാക്ഷരം പദ്ധതി - 'ഉണര്‍ത്ത്' ക്യാമ്പ് ശ്രദ്ധേയമായി

ക്യാമ്പ് പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പാക്കുന്ന സാക്ഷരം പദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'ഉണര്‍ത്ത്' ക്യാമ്പ് നടത്തി. ക്യാമ്പ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം, കെ. ചെനിയ നായക്ക്, കെ.സുധാമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബി.പി. സുജിത്ത് സ്വാഗതവും എന്‍.ലതീഷന്‍ നന്ദിയും പറഞ്ഞു. ഭാഷാകേളികള്‍, സര്‍ഗാത്മകനാടകം തത്സമയം ഉണ്ടാക്കല്‍, വിവിധ നാടന്‍ കളികള്‍, വരയ്‌ക്കാം നിര്‍മ്മിക്കാം എന്ന പരിപാടി, ബലൂണുകള്‍ ഉപയോഗിച്ചുള്ള കളികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. 3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും
ഇവര്‍ ഉണര്‍ന്നുകഴിഞ്ഞു...ഇനി ആര്‍ക്കും ഇവരെ ഉറക്കാനാവില്ല...
ഉറപ്പിക്കുന്നതിനുള്ള
പദ്ധതിയാണ് 'സാക്ഷരം'. കന്നടഭാഷയിലും മലയാളത്തിലും ലേഖനത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കി പാഠ്യപദ്ധതി വിനിമയം ചെയ്യാന്‍ കുറെകൂടി മെച്ചപ്പെട്ട അന്തരീക്ഷം 'സാക്ഷരം' സൃഷ്ടിക്കുന്നു. 55 ദിവസം നീണ്ടുനില്‍ക്കുന്ന തീവ്രയത്നപരിപാടിയിലൂടെ പ്രീടെസ്‌റ്റിലൂടെ പിന്നാക്കമെന്ന് കണ്ടെത്തിയ കുട്ടികളെ ഉയര്‍ന്ന ഗ്രേഡിലെത്തിക്കും. ഇതിനുള്ള അദ്ധ്യാപക സഹായിയും കുട്ടികള്‍ക്കുള്ള വര്‍ക്ക്ബുക്കും ഡയറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഡയറ്റ് മുന്‍വര്‍ഷം ജില്ലയിലെ 30 സ്‌കൂളുകളില്‍ നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി ജില്ലമുഴുവന്‍ നടപ്പിലാക്കാനുള്ള കരുത്ത് നല്‍കുന്നത്. നിലവിലുള്ള പ്രവൃത്തിമണിക്കൂറുകള്‍ക്കു പുറമെ ഇതിനായി ഒരു മണിക്കൂര്‍കൂടി കണ്ടെത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ഓരോ പത്തു ദിവസം കഴിയുമ്പോഴും ഇടക്കാലവിലയിരുത്തല്‍ നടത്തുന്നുണ്ട്. നവമ്പര്‍ 21 ന് നടക്കുന്ന പോസ്റ്റ് ടെസ്‌റ്റിലൂടെ പദ്ധതി പൂര്‍ത്തിയാവും.