ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Showing posts with label Innovation. Show all posts
Showing posts with label Innovation. Show all posts

അഡൂർ സ്‌ക‌ൂളിന് സിസി ടിവി സ‌ുരക്ഷയൊര‌ുക്കി
2001 SSLC മലയാളം ബാച്ചിലെ പ‌ൂർവ്വ വിദ്യാർത്ഥികൾ...

അഡൂർ സ്‌കൂൾ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. 2001 ൽ അഡൂർ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവിൽ സ്‌കൂളിനും നാടിനും ഉപകരിക്കുന്ന ഈ മാതൃകാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പഠിച്ചിറങ്ങിയാൽ പിന്നീട് നമ്മൾ പലരും മാതൃവിദ്യാലയത്തെ മറക്കുകയാണ് പതിവ്. എന്നാൽ അക്ഷരവെളിച്ചം നൽകിയ വിദ്യാലയത്തിന് ഏറ്റവും ആവശ്യമായ സൗകര്യമൊരുക്കി അത്ഭുതപ്പെടുത്തുകയാണ് മനസ്സിൽ നന്മ മാത്രം കൊണ്ട് നടക്കുന്ന ഈ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ. മാസങ്ങൾക്ക് മുമ്പ് ഇവർ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘാടന മികവ് കൊണ്ട് ഏവരെയും അസൂയപ്പെടുത്തുന്നതായിരുന്നു. നൂതനമായ ഏറ്റവും മികച്ച സി സി ടി വി ക്യാമറ വൻ ജനാവലിയുടെ മുമ്പിൽ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ച മുഴുവനാളുകൾക്കും പായസം വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ അനീസ് ജി മൂസാൻ, പ്രിൻസിപ്പാൾ ഇൻ ചാർജ് ശശിധരന്‍, പി ടി എ പ്രസിഡണ്ട് എ.കെ.മുഹമ്മദ് ഹാജി, പി ടി എ വൈസ് പ്രസിഡണ്ടുമാരായ ബി.രാധാകൃഷ്ണ, ടി..അബ്ദുല്ല ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.പി.മൊയ്തീൻ ക‌ുഞ്ഞി, ശാരദ ടീച്ചർ, അധ്യാപകരായ എ.രാജാറാമ, മാധവ തെക്കേക്കര, .എം.അബ്‌ദ‌ുല്‍ സലാം, പൂർവ വിദ്യാർത്ഥികളായ ശുഹൈബ്, ശിഹാബ്‌, സതീഷൻ, കിരൺ, സത്യൻ, റാഷിദ്, ശ്രീശയൻ, ഹാരിസ് ,സവിത, ശശികല, ചിത്ര, സൗമ്യ തുടങ്ങിയവർ സംബന്ധിച്ചു.
പ്രിയപ്പെട്ട 2001 ലെ SSLC മലയാളം മീഡിയം ബാച്ചിലെ കൂട്ടുകാരെ,
നിങ്ങൾ പിന്നെയും പിന്നെയും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ. പഠിച്ച വിദ്യാലയത്തിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങളെ അസൂയപ്പെടുത്തുന്നു. നിങ്ങളുടെ ബാച്ചിൽ പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന്‌ വെറുതെ ആഗ്രഹിച്ച് പോവുന്നു. എന്നും ഈ അക്ഷരമുറ്റം നിങ്ങളെ ഓർമ്മിക്കും.നിങ്ങളുടെ നല്ല പ്രവർത്തനങ്ങളെയും .
നന്ദി... ഈ നന്മ വിളയുന്ന വിദ്യാലയത്തെ മറക്കാതിരുന്നതിന്ന്. പുതിയ തലമുറക്ക് നല്ല മാതൃകകൾ കാണിച്ചു തന്നതിന്. അതിലുപരി ഈ സ്കൂളിന്റെ യാത്രക്ക് കൂട്ടിരുന്നതിന്...
ഇനിയും കാത്തിരുന്നോട്ടെ... നിങ്ങളുടെ അടുത്ത അത്ഭുതപ്പെടുത്തലുകൾക്കായ്....

പഠനമികവിന് അംഗീകാരം

മെരിറ്റ് അവാര്‍ഡ് നേടിയ കുട്ടികള്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ക്കൊപ്പം
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക്  മെരിറ്റ് അവാര്‍ഡ് എന്ന പേരില്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ച സ്‌കൂളിന്റെ പ്രത്യേകപദ്ധതിയാണിത്. അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ അമ്പതോളം കുട്ടികള്‍ക്കാണ്  മെരിറ്റ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഇതോടൊപ്പം, അറബിക് കലോത്സവത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമ്മുഹബീബ, നിന്‍‌ഷാദ് എന്നീ കുട്ടികളെയും സ്‌കൂള്‍ ഗെയിംസ്-ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് തസ്‌രീഫിനെയും മെമെന്റോ നല്‍കി അനുമോദിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ ട്രോഫികളും മെമെന്റോയും വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും പി.എസ്. ബൈജു നന്ദിയും പറഞ്ഞു.

മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം

'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ് അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത് ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്. ഇതുമൂലം കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു. പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍ നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍ ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍ നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അഡൂര്‍ പാടത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി

മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്. ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍ സ്വയംപര്യാപ്‌തമായ ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും. തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. പക്ഷെ, താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ കൂട്ടായ്മ നല്‍കുന്നത് അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു. വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍ അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...!
കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍,  അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.

മലയോരത്തുനിന്നും ഒരു ഹ്രസ്വചിത്രം-'വിരിയാത്ത മയില്‍പീലി'

ഒരു അധ്യാപകന്റെ ആത്മാര്‍ത്ഥമായ സ്‌നേഹവും തലോടലുമാണ് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ വിജയത്തിന് പ്രോത്സാഹനവും പ്രചോദനവുമാകുന്നത്. ചിലപ്പോള്‍ സ്വന്തം വീട്ടിലെ ദാരിദ്ര്യവും മറ്റ് ബുദ്ധിമുട്ടുകളും മറികടക്കുവാനും ആ സ്‌നേഹം കുട്ടികളെ സഹായിക്കാറുണ്ട്. ചെറുപ്പത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് അതിശയകരമായ ഊര്‍ജ്ജമാണ് നല്‍കുന്നത്. കുട്ടികള്‍ പലപ്പോഴും മാതൃകയാക്കുന്നത് അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നവരെയാണല്ലോ? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ ഭാവിയില്‍ അവര്‍ക്ക് നിര്‍വഹിക്കുവാനുള്ള പങ്ക് മറക്കുകയും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന
മാധവ തെക്കേക്കര
പ്രചോദനത്തെപ്പോലും പാഴാക്കിക്കളയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ലൊരു വഴികാട്ടിയാകുന്നത് ? സ്‌കൂളില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും കളങ്കമറ്റ വാത്സല്യത്തിന്റെ പ്രാധാന്യത്തെയും, രക്ഷിതാക്കള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് വിമുക്തരാകേണ്ട ആവശ്യകതയെയും ഓര്‍മ്മപ്പെടുത്തുന്നതാണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായ മാധവ തെക്കേക്കരയുടെ നേതൃത്വത്തില്‍ ഒരുപറ്റം അധ്യാപകരും കുട്ടികളും ചേര്‍ന്നൊരുക്കിയ 'വിരിയാത്ത മയില്‍പീലി' എന്ന ഹ്രസ്വചിത്രം. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച ക്യാമറയും മറ്റും ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. സ്‌കൂളിന്റെ പുരോഗതിയെ കാംക്ഷിക്കുന്നവരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഈ ചിത്രം നിര്‍മ്മിക്കുവാന്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സത്യന്‍ കോളിയടുക്കം, അധ്യാപകരായ ജോണ്‍പ്രസാദ്, കൃഷ്‌ണപ്പ, സുസ്‌മിത ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ പൃഥ്വി, വിദ്യാര്‍ത്ഥിനികളായ ചൈതന്യ, സജിന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ്, രശ്‌മി, ഉമ്മുഹബീബ, അബ്‌ദുല്‍ സാദിഖ്, മുബാറക്ക് തുടങ്ങിയ കുട്ടികളും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സ്‌കൂളിലെ അധ്യാപകനായ ബി.പി. സുജിത്ത് ആണ് ക്യാമറ കൈകാര്യം ചെയ്‌തത്. (എല്ലാ സ്‌കൂളുകളിലും ഈ
ഹ്രസ്വചിത്രം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുംവേണ്ടി പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങള്‍ കമന്റ്സ് രൂപത്തില്‍ പ്രതീക്ഷിക്കുന്നു. ഈ സിനിമ കാണുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. മൂന്ന് ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.)

പഠനത്തിലെ മികവിന് എക്‌സലന്‍സ് അവാര്‍ഡ്

എല്‍.പി.വിഭാഗത്തില്‍ നിന്നും എക്‌സലന്‍സ് അവാര്‍ഡ് നേടിയവര്‍
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക്  എക്‌സലന്‍സ് അവാര്‍ഡ് എന്ന പേരില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. സാധാരണയായി, കലാ-കായിക രംഗങ്ങളിലെ മികവുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ പഠനമികവിന്  അംഗീകാരം ലഭിക്കുക വളരെ വിരളമാണ്. പാദവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ നൂറില്‍ പരം കുട്ടികള്‍ക്കാണ്  എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നേതൃത്വം നല്‍കി.
യു.പി. വിഭാഗം
ഹൈസ്‌കൂള്‍ വിഭാഗം

'നിര്‍മ്മല്‍ ക്ലാസ്സ് ' പുരസ്‌ക്കാരം നല്‍കി

        കുട്ടികളുടെ അച്ചടക്കവും പഠനനിലവാരവും ശുചിത്വബോധവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന 'നിര്‍മ്മല്‍ ക്ലാസ്സ് 'പദ്ധതി ഈ വര്‍ഷവും തുടര്‍ന്ന്നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ മാസത്തെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 9 D, യു.പി.വിഭാഗത്തില്‍ 7 C, എല്‍.പി.വിഭാഗത്തില്‍ 4 A എന്നീ ക്ലാസ്സുകളെയാണ് നിര്‍മ്മല്‍ ക്ലാസ്സുകളായി പ്രഖ്യാപിച്ചത്.

കാസറഗോഡ് ഭാഷാനിഘണ്ടു

                        ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാസറഗോഡ് ഭാഗത്തെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ കന്നഡ,തുളു,കൊങ്കണി,ഉറുദു,അറബിക്,ഹിന്ദി,തമിഴ്,മറാട്ടി തുടങ്ങിയ ഭാഷകളുടെ സ്വാധീനം കാണാം. അഡൂര്‍ ഒരു അതിര്‍ത്തി ഗ്രാമമായത് കൊണ്ടുതന്നെ ഈ സ്വാധീനം വളരെ ശക്തവുമാണ്. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം സി ഡിവിഷനിലെ കുട്ടികള്‍ മലയാളം അധ്യാപകനായ പി.എസ്.ബൈജു സാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഒരു അന്വേഷണാത്മകപ്രവര്‍ത്തനത്തിന്റെ ഉല്‍പന്നമാണ് ഈ പ്രാദേശിക ഭാഷാ നിഘണ്ടു.ഇത് പൂര്‍ണതയിലെത്തണമെങ്കില്‍ കുറെയധികം കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്. മാന്യവായനക്കാര്‍ കമന്റ്സ് രൂപത്തില്‍  നല്‍കിയാല്‍ അവ കൂടി ഉള്‍പ്പെടുത്തി ഈ എളിയ സംരംഭത്തെ വിജയിപ്പിക്കാന്‍ സാധിക്കും. സഹകരണം അഭ്യര്‍ത്ഥിക്കുന്നു(ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട അക്ഷരം കൊണ്ട് തുടങ്ങുന്ന പ്രാദേശികഭാഷയിലെ വാക്കുകളും അവയുടെ അര്‍ത്ഥവും അടങ്ങിയ പിഡിഎഫ് ഫയല്‍ തുറന്നുവരുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്)
അം അ:

ഇനി ക്ലാസ്സുകളെല്ലാം 'നിര്‍മ്മല്‍'

സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് മികച്ച ക്ലാസ്സിനെ 'നിര്‍മ്മല്‍ ക്ലാസ്സ് പുരസ്‌കാര്‍' നല്‍കി അനുമോദിക്കുന്നു
              കുട്ടികളുടെ അച്ചടക്കവും പഠനനിലവാരവും ശുചിത്വബോധവും മെച്ചപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന 'നിര്‍മ്മല്‍ ക്ലാസ്സ് ' പദ്ധതി ഈ വര്‍ഷവും തുടര്‍ന്ന് നടപ്പാക്കും. സ്‌കൂള്‍ അച്ചടക്കസമിതി, പാര്‍ലിമെന്റ്, സ്‌റ്റാഫ് കൗണ്‍സില്‍
എന്നിവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്. പത്ത് മൂല്യനിര്‍ണയസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വിവിധ ക്ലാസ്സുകളെ ഗ്രേഡ് ചെയ്‌ത് മികച്ച ക്ലാസ്സിനെ അസംബ്ലിയില്‍ അനുമോദിക്കുന്നതാണ് പദ്ധതി. ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങളില്‍ വെവ്വേറെയാണ് മൂല്യനിര്‍ണയം. മികച്ച ക്ലാസ്സിനെ 'നിര്‍മ്മല്‍ ക്ലാസ്സ് 'ആയി പ്രഖ്യാപിക്കും. ക്ലാസ്സിനകത്തും ചുറ്റുപാടുമുള്ള വൃത്തി, പാഴ്‌വസ്‌തു നിര്‍മ്മാര്‍ജ്ജനം/പുനരുപയോഗം, കുടിവെള്ളലഭ്യത, ലൈബ്രറി ഉപയോഗം, സ്‌കൂള്‍ ഡയറി ഉപയോഗം, യൂണിഫോം, ചുമര്‍പത്രിക, സ്‌കൂള്‍ അസംബ്ലി, പൊതുവായ അച്ചടക്കം എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തുന്നത്. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കും.

'വിദ്യാഗ്രാമം'- വിദ്യാഭ്യാസ സംരക്ഷണ സമിതികള്‍

വിദ്യാഗ്രാമം പദ്ധതി ദേവറഡുക്കയില്‍ വെച്ച് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു
   അഡൂര്‍ സ്‌കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനപദ്ധതികള്‍ സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരികയാണ്. ഈ പദ്ധതികള്‍ ലക്ഷ്യത്തിലെത്തണമെങ്കില്‍ മുഴുവന്‍ രക്ഷിതാക്കളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെയും ആത്മാര്‍ത്തമായ സഹായസഹകരണങ്ങള്‍ അത്യാവശ്യമാണ്. വിദ്യാസമ്പന്നരായ ഒട്ടനവധി ആളുകള്‍ ചുറ്റുപാടുമുള്ള സമൂഹത്തിലുണ്ട്. ഇങ്ങനെയുള്ളവരെക്കൂടി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുകയാണെങ്കില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഇതൊരു മുതല്‍ക്കൂട്ടാകും. പരമാവധിസമയം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നതില്‍ നമ്മുടെ മിക്ക കുട്ടികളും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, എന്നുള്ളതാണ് വസ്തുത. ഇതുമൂലം പ്രതിഭാധനരായ അനേകം കുട്ടികള്‍ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുന്നില്ല. അതോടൊപ്പം ലഭ്യമായ സ്രോതസ്സുകളെ പ്രയോജനപ്പെടുത്തുന്നതിലും അവര്‍ പിന്നിലാണ്. ഈ അവസ്ഥ മാറണമെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാസമ്പന്നരുടെയും ഒരു കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്ത് വാര്‍ഡ്തലത്തില്‍ ഇത്തരം കൂട്ടായ്മകളുണ്ടാക്കി സ്‌കൂളിന്റെ പ്രവര്‍ത്തനവും കുട്ടികളുടെ നിലവാരവും കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനുള്ള പദ്ധതികള്‍ സ്‌കൂള്‍ പിടിഎ ആവിഷ്ക്കരിച്ചിരിക്കുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട ഒമ്പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ പ്രാദേശികയോഗങ്ങള്‍ വിളിച്ചുകൂട്ടി പ്രവര്‍ത്തമനങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് 'വിദ്യാഗ്രാമം' എന്ന പേരില്‍ വിദ്യാഭ്യാസ സംരക്ഷണസമിതികള്‍ രൂപീകരിച്ചു. ദേവറഡുക്ക, പുതിയമ്പലം, അഡൂര്‍, എടപ്പറമ്പ, മൊഗര്‍, പള്ളങ്കോട്, ബെള്ളക്കാന, പരപ്പ, കുണ്ടാര്‍ എന്നീ സ്ഥലങ്ങളിലാണ് സമിതികള്‍ രൂപം കൊണ്ടത്. സമിതികളുടെ നേതൃത്വത്തില്‍ വിവിധസ്ഥലങ്ങലില്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തി. കുട്ടികളുടെ 'അക്ഷരക്കൂട്ടങ്ങള്‍ ' ഓരോ പ്രദേശത്തും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതികളുടെ ഇടപെടല്‍ വളരെ പ്രയോജനം ചെയ്യുന്നു.

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിക്ക് തുടക്കമായി

'വീടറിയല്‍' ഗൃഹസമ്പര്‍ക്ക പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് ഉല്‍ഘാടനം ചെയ്യുന്നു
സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അദ്ധ്യാപക-രക്ഷാകര്‍തൃസമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിക്ക് തുടക്കമായി. അഡൂര്‍ ഓടാരിമൂല പട്ടികജാതി കോളനിയില്‍ സന്ദര്‍ശനം നടത്തി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ക്ലാസ്സദ്ധ്യാപകരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനവേളയില്‍ വീടിനെക്കുറിച്ചും വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ സ്ക്കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തും. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രാദേശിക വിദ്യാഭ്യാസ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഈ സമിതികളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കും. അടിസ്ഥാനശേഷികള്‍ കൈവരിക്കാത്ത കുട്ടികള്‍ക്ക്  വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും പ്രത്യേകക്ലാസ്സുകള്‍ സംഘടിപ്പിക്കും.കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങളെക്കൂടി നേരിട്ട് മനസ്സിലാക്കിയുള്ള ഇടപെടലുകള്‍ പഠനനിലവാരം ഉയര്‍ത്തുന്നതിലും സ്വഭാവരൂപീകരണത്തിലും നിര്‍ണായകസ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. സാമ്പത്തിക-ആരോഗ്യമേഖലകളില്‍ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും പദ്ധതി ഉപകരിക്കും. ആരോഗ്യ-ശുചിത്വ ശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ പദ്ധതിയുടെ ഭാഗമായി നടത്തും.        ഉദ്ഘാടനപരിപാടിയില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി,സ്റ്റാഫ് സെക്രട്ടറി എ.എം.അബ്ദുല്‍ സലാം,എ.രാജാരാമ, എ.ഗംഗാധരന്‍, പി.എസ്.ബൈജു, ബി.പി.സുജിത്ത്, എം.രതീഷ് പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എം.ഗംഗാധരന്‍ സ്വാഗതവും ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു. 

സ്‌കൂള്‍ ഡയറി

സ്‌കൂള്‍ ഡയറി
     ' സ്റ്റൂഡന്റ് ഹാന്റ്ബുക്ക് 'എന്ന പേരിലുള്ള സ്‌കൂള്‍ ഡയറി അദ്ധ്യയനവര്‍ഷാരംഭത്തില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നു. ആരോഗ്യമുള്‍പ്പെടെ കുട്ടിയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന പേഴ്സണല്‍ ഡാറ്റ ഷീറ്റ്, സ്ക്കൂളിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ചിട്ടുള്ള 'എന്റെ വിദ്യാലയം' പേജ്, പ്രതിജ്ഞ, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം നിര്‍ദ്ദേശങ്ങള്‍, ക്ലാസ്സ് പരീക്ഷകളുടെ സ്ക്കോര്‍വിവരപ്പട്ടിക, ടേം പരീക്ഷകളുടെ സ്ക്കോര്‍ ഷീറ്റ്, ഹാജര്‍ വിവരങ്ങള്‍, പ്രധാനപ്പെട്ട നേട്ടങ്ങള്‍, കുട്ടി സ്ക്കൂളില്‍ ഹാജരാവാത്ത ദിവസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അദ്ധ്യാപകനും രക്ഷിതാവിനും ആശയവിനിമയം നടത്തുവാനുള്ള പേജുകള്‍, 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിയുടെ രേഖപ്പെടുത്തലുകള്‍,ക്ലബ് പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തലുകള്‍, കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ദിനാചരണങ്ങള്‍, ടൈംടേബിള്‍ തുടങ്ങിയവ ഡയറിയുടെ അകത്താളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.