ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് - പരേഡ് ഇന്‍‌സ്‌പെക്ഷന്‍

സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് യൂണിറ്റിന്റെ പരേഡ് ഇന്‍‌സ്‌പെക്ഷന്‍ നടന്നു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ ഇന്‍‌സ്‌പെ‌ക്ഷന് നേതൃത്വം നല്‍കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതികുമാര്‍, സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്‌കുമാര്‍, എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി. ശാരദ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാഡറ്റ് ലീഡര്‍ ജെ. ചൈതന്യ പരേഡ് നയിച്ചു. സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. അദ്ദേഹം കാഡറ്റുകളുമായി സംവദിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. എട്ട്, ഒന്‍പത് ക്ലാസുകളിലെ മൊത്തം എണ്‍പത്തിയെട്ട് കുട്ടികളടങ്ങിയതാണ് സ്‌കൂള്‍ എസ്.പി.സി. യൂണിറ്റ്.
ആദൂര്‍ സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നു
ആദൂര്‍ സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കാഡറ്റുകളുമായി സംവദിക്കുന്നു

സ്‌കൂള്‍ ശാസ്‌ത്രോത്സവക്കാഴ്‌ചകളിലൂടെ....

പുല്ലുവെട്ടുയന്ത്രത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി നിധിനും സുനീഷ് ചന്ദ്രനും
അഗ്നിപര്‍വ്വതത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി നഫീസയും കൂട്ടുകാരും
വിദേശനാണയശേഖരവുമായി മുബാറക്കിന്റെ നേതൃത്വത്തില്‍ അറബിക്ക് ക്ലബിലെ കൂട്ടുകാര്‍
ഐടി ക്ലബിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ പ്രദര്‍ശനം
പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പരീക്ഷണത്തിലൂടെ ബോധ്യപ്പെടുത്തുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍
സൂര്യഗ്രഹണത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി ഗ്രീഫിത്ത്‌രാജും പ്രമോദും
ജനറേറ്ററിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി മുഹമ്മദ് ആഷിക്കും ശക്കീറും
കരകൗശലവസ്‌തുക്കളുടെ ശേഖരവുമായി ഫൈന്‍ആര്‍ട്ട്സ് ക്ലബിലെ കൂട്ടുകാര്‍

സ്വപ്‌നങ്ങളുടെ ചിറകിലേറി പത്താംതരം കുട്ടികള്‍...

സ്‌കൂളിലെ പത്താംതരം കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന STEPS പദ്ധതിക്ക് വേണ്ടി ഡയറ്റ് തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരമായിരുന്നു ക്ലാസ്. പ്രത്യേകപരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസ് കൈകാര്യം ചെയ്‌തത്. കന്നഡ മാധ്യമത്തില്‍ രണ്ടും മലയാളത്തില്‍ മൂന്നും ബാച്ചുകളുണ്ടായിരുന്നു. കന്നടയില്‍ മുള്ളേരിയ ഗവ.വക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രാമചന്ദ്ര മണിയാണി, കാറഡുക്ക ഗവ.വക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശങ്കര്‍രാജ്, മലയാളത്തില്‍ ജി.എച്ച്.എസ്.എസ്. പാണ്ടിയിലെ പ്രശാന്ത്, ജി.എച്ച്.എസ്.എസ്. ബെള്ളൂരിലെ നജ്മുന്നിസ, ദേലമ്പാടി ഗവ.വക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അബ്‌ദുല്‍ റഹിമാന്‍ എന്നീ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ഗെയിം, ഗ്രൂപ്പ് ഷെയറിംഗ്, മെഡിറ്റേഷന്‍ എന്നിവയുള്‍ക്കൊള്ളുന്ന ക്ലാസ് കുട്ടികള്‍ക്ക് നവ്യാനുഭവമായി. ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ വ്യത്യസ്‌തമായി ചിന്തിക്കണമെന്ന വസ്‌തുത കുട്ടികള്‍ക്ക് ബോധ്യപ്പെട്ടു. തങ്ങളുടെ ലക്ഷ്യം കുറിച്ചിട്ട കടലാസ് റോക്കറ്റുകള്‍ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍ അതവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ച അനുഭവമാണ് കുട്ടികള്‍ പങ്കുവെച്ചത്. പരിമിതികളെ തങ്ങളുടെതന്നെ സവിശേഷമായ കഴിവുകള്‍ കൊണ്ട് മറികടന്ന് പൂമ്പാറ്റകളെപ്പോലെ കഠിനപ്രയത്നത്തിലൂടെ പറന്ന് പറന്ന് ലക്ഷ്യത്തിലെത്തുമെന്ന പ്രതിജ്ഞ കുട്ടികളെടുത്തു. ലക്ഷ്യം നേടുന്നതിന് തടസ്സം നില്‍ക്കുന്ന മോശമായ ശീലങ്ങളെ അല്‍പം വേദന സഹിച്ചാണെങ്കിലും മാറ്റിവെക്കാനുള്ള ഉറച്ച തീരുമാനമാണ് അവരെടുത്തത്. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം, എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി. രാമണ്ണ, പി.എസ്. ബൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പിടിഎ വാര്‍ഷിക ജനറല്‍ബോഡിയോഗം : സി.കെ. കുമാരന്‍ വീണ്ടും പ്രസിഡന്റ്

സി.കെ.കുമാരന്‍
പിടിഎ പ്രസിഡന്റ്
എച്ച്. കൃഷ്‌ണന്‍
വൈസ് പ്രസിഡന്റ്
ഖാദര്‍ ചന്ദ്രംവയല്‍
വൈസ് പ്രസിഡന്റ്
ഉഷ. എ.വി
മദര്‍ പിടിഎ പ്രസിഡന്റ്
പുഷ്‌പ ബന്നൂര്‍
വൈസ് പ്രസിഡന്റ്
ശ്രീലക്ഷ്‌മി
വൈസ് പ്രസിഡന്റ്
    അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം നടന്നു. പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ വരവ് ചെലവ് കണക്കവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് ഹെഡ്‌മാസ്‌റ്റര്‍ മറുപടി പറഞ്ഞു. കുട്ടികളുടെ അച്ചടക്കത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
സ്‌കൂളിന് ഒരു ജനറേറ്റര്‍ അത്യാവശ്യമാണെന്നും കഴിഞ്ഞ അധ്യയനവര്‍ഷം ആരംഭിച്ച വിദ്യാഗ്രാമം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അഭിപ്രായം ഉയര്‍ന്നു. പുതിയ ഭാരവാഹികള്‍ : പിടിഎ - സി.കെ.കുമാരന്‍ (പ്രസിഡന്റ് ), എച്ച്. കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ (വൈസ് പ്രസിഡന്റുമാര്‍) , ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ (സെക്രട്ടറി). മദര്‍ പിടിഎ : ഉഷ എ.വി. (പ്രസിഡന്റ് ), പുഷ്‌പ ബന്നൂര്‍, ശ്രീലക്ഷ്മി (വൈസ് പ്രസിഡന്റുമാര്‍)

കുട്ടികളുടെ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സ്‌കൂള്‍ ശാസ്‌ത്രോത്സവം

പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു. ശാസ്‌ത്രോത്സവം പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ രാസപ്രവര്‍ത്തനത്തിലൂടെ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. മുന്‍ പ്രധാനാധ്യാപകന്‍ എം. ഗംഗാധരന്‍ മുഖ്യാതിഥിയായി. നമ്മള്‍ ഉദ്ദേശിക്കുന്നതിലും അപ്പുറത്താണ് കുട്ടികള്‍ ചിന്തിക്കുന്നത്. അതു പുറത്തുകൊണ്ടുവരാനും സമൂഹത്തിന് പ്രയോജനപ്പെടുത്താനുമാണ് ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസം, പഠനം സര്‍ട്ടിഫിക്കറ്റുകള്‍ എന്നതിലപ്പുറം ഓരോ കുട്ടിക്കും എന്തു ചെയ്യാന്‍ കഴിയും എന്നതു കണ്ടെത്തുകയാണ് വേണ്ടത്. കുട്ടികളുടെ ആശയങ്ങള്‍ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുകയും അവ പ്രോജക്ടുകളാക്കി സമൂഹത്തിനും രാജ്യത്തിനും ഗുണകരമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസിലെ നിഥിന്‍, സുനീഷ് ചന്ദ്രന്‍ എന്നിവര്‍ തയ്യാറാക്കിയ പുല്ലുവെട്ട് യന്ത്രത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃക ശ്രദ്ധേയമായി. മൂന്ന് എ ക്ലാസിലെ ഹര്‍ഷിത്ത്, ചേതന്‍, അക്ഷിത്ത് കുമാര്‍, വീക്ഷിത്ത് എന്നീ കുട്ടികള്‍ ക്ലാസധ്യാപകന്‍ എ. ഗംഗാധരന്റെ സഹായത്തോടെ സിഗരറ്റ് പുക ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് തയ്യാറാക്കിയ പരീക്ഷണം കുട്ടികള്‍ക്കെന്നപോലെ രക്ഷിതാക്കള്‍ക്കും വളരെ പ്രയോജനപ്രദമായി. ഒന്‍പത് സി ക്ലാസിലെ സജ്നയുടെ ഭൂകമ്പമാപിനി, ഒന്‍പത് എ ക്ലാസിലെ ജിതേഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ അഗ്‌നി പര്‍വ്വതത്തിന്റെ പ്രവര്‍ത്തിക്കുന്ന മോഡല്‍, സോഷ്യല്‍ സയന്‍സ് ക്ലബിലെ ഉമ്മുഹബീബ, അസീല, അബ്‌ദുല്‍ സാദിഖ്, അര്‍ജുന്‍ ചന്ദ്രന്‍, പ്രജീഷ് എന്ന്വരുടെ പുരാവസ്‌തു-നാണയ ശേഖരം പരിസ്ഥിതി ക്ലബിലെ ധന്യശ്രീ, ഭവ്യ, സുധീഷ് എന്നിവരുടെ ഔഷധസസ്യ പ്രദര്‍ശനം, മാത്സ് ക്ലബിലെ നവ്യകുമാരി, അന്‍സീല, ഭവ്യ, മന്‍ജുഷ, ആര്യശ്രീ, കമറുന്നീസ എന്നിവരുടെ പാറ്റേണുകളും പസിലുകളും, സയന്‍സ് ക്ലബിലെ ഗ്രീഫിത്ത്
രാജ്, പ്രമോദ്, വിഷ്‌ണുപ്രസാദ് തുടങ്ങിയവരുടെ സൂര്യഗ്രഹണമാതൃക,
സാറിനല്‍പം പ്രഷര്‍ കൂടുതലാണല്ലോ...?
മാന്ത്രികക്കസേര, അനുസരിക്കാത്ത പാവ, ഹെല്‍ത്ത് ക്ലബിലെ രജത്ത്, ഗൗതം, കലാവതി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഹെല്‍ത്ത് ചെക്കപ്പ് തുടങ്ങിയവ കുട്ടികള്‍ക്ക് ഒരേ സമയം വിജ്ഞാനവും വിനോദവും നല്‍കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു. ഭാഷാക്ലബുകളും ഐടി ക്ലബും സജീവമായി രംഗത്തുണ്ടായിരുന്നു. ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തില്‍ ജുഫൈറ സനാന, ഫാത്തിമ തുടങ്ങിയവര്‍ തയ്യാറാക്കിയ പ്രത്യേക പവലിയന്‍ ഇംഗ്ലീഷിലുള്ള അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സംസ്‌കൃതത്തില്‍ നിന്നും ഇംഗ്ലീഷ് ഭാഷ കടമെടുത്ത നിരവധി പദങ്ങളടങ്ങിയ ചാര്‍ട്ട്, ഏറ്റവും നീളമേറിയ ഇംഗ്ലീഷ് പദവും വാക്യവും മുതലായവയും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. അറബിക്ക് ക്ലബിന്റെ അറേബ്യന്‍ നാണയശേഖരമായിരുന്നു മറ്റൊരു ശ്രദ്ധിക്കപ്പെട്ട ഇനം. ഫൈന്‍ആര്‍ട്ട്സ് ക്ലബ് പ്രത്യേക പവിലിയന്‍ തന്നെ ഒരുക്കിയിരുന്നു. മിദ്‌ലാജ്, രാഹുല്‍, സുധീഷ്, ആജ്ഞ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച പലതരം കരകൗശലവസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാരംഗം സ്‌റ്റാളില്‍ കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകളുടെ പ്രദര്‍ശനമാണ് പ്രധാനമായും ഒരുക്കിയിരുന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളുടെ പ്രദര്‍ശനമാണ് ഐടി ക്ലബിന്റെ പ്രധാനഇനം. ഹിന്ദി ക്ലബും കൈയ്യെഴുത്ത് മാസികകളുടെ പ്രദര്‍ശനം നടത്തി. പ്രദര്‍ശനം കാണാന്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, പിടിഎ ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവരും എത്തിയിരുന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും ശാസ്‌ത്രോത്സവം സംഘാടകസമിതി കണ്‍വീനര്‍ പി.എസ്.ബൈജു മാസ്‌റ്റര്‍ നന്ദിയും പറഞ്ഞു.
For more Photos CLICK HERE

പഠനത്തിലെ മികവിന് എക്‌സലന്‍സ് അവാര്‍ഡ്

എല്‍.പി.വിഭാഗത്തില്‍ നിന്നും എക്‌സലന്‍സ് അവാര്‍ഡ് നേടിയവര്‍
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക്  എക്‌സലന്‍സ് അവാര്‍ഡ് എന്ന പേരില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. സാധാരണയായി, കലാ-കായിക രംഗങ്ങളിലെ മികവുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ പഠനമികവിന്  അംഗീകാരം ലഭിക്കുക വളരെ വിരളമാണ്. പാദവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ നൂറില്‍ പരം കുട്ടികള്‍ക്കാണ്  എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നേതൃത്വം നല്‍കി.
യു.പി. വിഭാഗം
ഹൈസ്‌കൂള്‍ വിഭാഗം

സ്‌കൂള്‍ കലോത്സവം - റോസും ഗ്രീനും ചാമ്പ്യന്മാര്‍

ഹയര്‍സെക്കന്ററി വിഭാഗം ചാമ്പ്യന്മാരായ റോസ് ഹൗസ് അംഗങ്ങള്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് 
 വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അവര്‍കളില്‍ നിന്നും ഷീല്‍ഡ് ഏറ്റുവാങ്ങുന്നു
ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായ ഗ്രീന്‍ ഹൗസ് അംഗങ്ങള്‍ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് 
എ.ചന്ദ്രശേഖരന്‍ അവര്‍കളില്‍ നിന്നും ഷീല്‍ഡ് ഏറ്റുവാങ്ങുന്നു
സ്‌പോര്‍ട്ട്സ് മീറ്റില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജേതാക്കളായ ലോട്ടസ് ഹൗസ് ടീമംഗങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് നല്‍കുന്നു
സ്‌പോര്‍ട്ട്സ് മീറ്റില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജേതാക്കളായ ബ്ലൂ ഹൗസ് ടീമംഗങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് നല്‍കുന്നു

സ്‌കൂള്‍ കലോത്സവം തുടങ്ങി - അഡൂര്‍ ഉത്സവത്തിമിര്‍പ്പില്‍

അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം തുടങ്ങി. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന ചടങ്ങില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ മുഖ്യാതിഥിയായി. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സീനിയര്‍ എച്ച്.എസ്.എസ്.ടി. ശിവപ്പ, സ്‌റ്റാഫ് സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സ്‌കൂള്‍ ലീഡര്‍ വിജയകുമാരി, ആര്‍ട്ട്സ് സെക്രട്ടറി എ.എം. നഈമുദ്ദീന്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു. കലോത്സവ സംഘാടക സമിതി കണ്‍വീനര്‍ ബി.പി. സുജിത്ത് സ്വാഗതവും എച്ച്. പദ്‌മ നന്ദിയും പറഞ്ഞു. ഇന്ന് വ്യാഴാഴ്‌ച എല്‍.പി. വിഭാഗം കുട്ടികളുടെ പരിപാടി നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ മത്സരങ്ങളാണ്. എല്‍.പി. വിഭാഗം കുട്ടികളുടെ പരിപാടികള്‍ കണ്ട് ആസ്വദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലെ മത്സരപരിപാടികളുടെ ക്രമവിവരപട്ടിക ലഭിക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
ORDER OF EVENTSPDF FileSpreadsheet File

ശുചിത്വമാസാചരണം - അഡൂര്‍ സ്‌കൂളില്‍

മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോ‌ട് അനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധങ്ങളായ ശുചീകരണ പരിപാടികള്‍ നാടെങ്ങും തകൃതിയായി നടക്കുകയാണ്. ഒക്‌ടോബര്‍ 2 മുതല്‍ നവമ്പര്‍ 1 വരെ നീണ്ടുനില്‍ക്കുന്ന ഒരു മാസത്തെ 'ശുചിത്വ കാമ്പയിന്‍' സംസ്ഥാനതലത്തില്‍ നടക്കുകയാണ്. ശുചീകരണ മാസാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റാഫ് കൗണ്‍സിലിന്റെയും എസ്.പി.സി. യൂണിറ്റിന്റെയും
കമ്പോസ്‌റ്റ് കുഴി നിര്‍മ്മിക്കുന്നു
നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കി
. സ്‌കൂള്‍ കോമ്പൗണ്ടിനെ വിവിധമേഖലകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. ടോയ്‌ല‌റ്റുകളും മൂത്രപ്പുരകളും ശുചീകരിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ കമ്പോസ്‌റ്റ് കുഴി ഉണ്ടാക്കി. പാചകപ്പുരയും പരിസരവും വൃത്തിയാക്കി. ഫലവൃക്ഷത്തോട്ടം , ഔഷധത്തോട്ടം എന്നിവ പുല്ലും മറ്റു കളകളും പറിച്ചെടുത്ത് വൃത്തിയാക്കി. ജൈവവേലി നവീകരിച്ചു. മുഴുവന്‍ സ്‌റ്റാഫ് അംഗങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായി. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ശുചീകരണപ്രവര്‍ത്തികള്‍ ഉദ്‌ഘാടനം ചെയ്‌തു.

അഡൂര്‍ സ്‌കൂളില്‍ വാര്‍ഷിക സ്‌പോര്‍ട്ട്‌സ് മീറ്റ് സമാപിച്ചു
ലോട്ടസും ബ്ലൂവും ചാമ്പ്യന്മാര്‍

അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷിക സ്‌പോര്‍ട്ട്‌സ് മീറ്റ് സംഘടിപ്പിച്ചു. രാവിലെ നടന്ന അത്‌ലിറ്റുകളുടെ മാര്‍ച്ച് പാസ്‌റ്റില്‍ പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ പാര്‍ലിമെന്റ് സ്‌പോര്‍ട്ട്സ് സെക്രട്ടറി ആയിഷത്ത് ഷബാന അത്‌ലിറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.ഇബ്രാഹിം, മദര്‍ പി.ടി.എ. പ്രസിഡന്റ് പുഷ്‌പ ബന്നൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം നടന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജാസ്‌മിന്‍, ലോട്ടസ്, റോസ് എന്നീ മൂന്ന് ടീമുകളായാണ് 
അത്‌ലിറ്റുകള്‍ മത്സരിച്ചത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയ ലോട്ടസ്  ചാമ്പ്യന്മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ എന്നീ നാല് ടീമുകളായാണ്  അത്‌ലിറ്റുകള്‍ മത്സരിച്ചത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയ ബ്ലൂ ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വിക്‌‌ടറി സ്‌റ്റാന്റില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ശാസ്‌ത്രീയമായ പരിശീലനം നല്‍കിയാല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താവുന്ന നിരവധി അത്‌ലിറ്റുകളുടെ സാന്നിധ്യം കൊണ്ട് കായികമേള ശ്രദ്ധേയമായി. സ്‌കൂള്‍ സ്‌റ്റൂഡന്റ് പൊലീസ് കാഡറ്റുകളുടെ വൊളന്റിയര്‍ സേവനം മികച്ചതായിരുന്നു. രണ്ടാം ശനിയാഴ്‌ചയായിട്ടും മുഴുവന്‍ അധ്യാപകരും അനധ്യാപകജീവനക്കാരും മേളയുമായി സഹകരിച്ചത് മാതൃകാപരമായി. അധ്യയനദിനം നഷ്‌ടപ്പെടുത്താതെതന്നെ മേളകള്‍ സംഘടിപ്പിക്കണം എന്ന സ്‌റ്റാഫ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് കായികമേള ശനിയാഴ്‌ച സംഘടിപ്പിച്ചത്. സ്‌പോര്‍ട്ട്‌സ് കമ്മിറ്റി കണ്‍വീനര്‍ എ. ഗംഗാധരന്‍ സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.

അഡൂര്‍ സ്‌കൂളില്‍ കായികമേളയ്‌ക്ക് തുടക്കമായി

വാര്‍ഷിക സ്‌പോര്‍‌ട്ട്‌സ് മീറ്റിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന മാര്‍ച്ച്പാസ്‌റ്റില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ സല്യൂട്ട് സ്വീകരിക്കുന്നു

നൊബേല്‍ സമ്മാനം 2014 - ഒറ്റനോട്ടത്തില്‍

സമാധാനം (PEACE)
ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരി മലാല യുസഫ്‌സായിയും 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്
      ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് 60 കാരനായ സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘടനയാണിത്. മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, സമാധാന നൊബേലിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ സത്യാര്‍ഥിയാണ്. 1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്
     മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. 1997 ല്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്റെ ആക്രമണത്തിനിരയായപ്പോഴാണ് ലോകശ്രദ്ധ നേടിയത്. 2009 ല്‍ 11 വയസുള്ളപ്പോള്‍ ബി ബി സിയില്‍ അപരനാമത്തില്‍ മലാല എഴുതിയിരുന്ന ബ്ലോഗാണ്, താലിബാന്‍ നിയന്ത്രണത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം എത്ര ശോചനീയമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത്. മലാലയുടെ പ്രവര്‍ത്തനത്തിന് താലിബാന്റെ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളില്‍നിന്ന് മടങ്ങും വഴി അവള്‍ ആക്രമിക്കപ്പെട്ടു. വെടിയേറ്റ് ബോധം നശിച്ച മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും ലോകമെമ്പാടും പ്രതിഷേധമുയരാന്‍ മാലലയ്ക്ക് നേരെയുണ്ടായ ആക്രമണം നിമിത്തമായി. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് മലാല നടത്തിയത്.
ഭൗതികശാസ്‌ത്രം (PHYSICS)
നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ്  സമ്മാനം പങ്കിട്ടത്.  ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നത്.  നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്. മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.
രസതന്ത്രം (CHEMISTRY)
അതിശക്തമായ ഫ്ലൂറസന്റ് സൂക്ഷ്മദര്‍ശിനി വികസിപ്പിക്കുന്നതിന് അടിത്തറയിട്ട മൂന്ന് ഗവേഷകര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കക്കാരായ എറിക് ബെറ്റ്‌സിഗ്, വില്യം മോണര്‍, ജര്‍മനിയുടെ സ്റ്റെഫാന്‍ ഹെല്‍ എന്നിവരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയിട്ട നാനോസ്‌കോപ്പി ഗവേഷണങ്ങളുടെ പേരില്‍ അംഗീകരിക്കപ്പെട്ടത്. കോശങ്ങളെ തന്മാത്രാതലത്തില്‍ പഠിക്കാന്‍ കഴിയുന്നതാണ് പുതിയ നാനോ സൂക്ഷ്മദര്‍ശിനി. ഭൗതിക ശാസ്ത്രനിയമമനുസരിച്ച് പ്രകാശതരംഗദൈര്‍ഘ്യത്തിന്റെ പകുതിയായ 200 നാനോമീറ്ററില്‍ (ഒരു മീറ്ററിന്റെ 20,000 കോടിയിലൊരംശം) കുറവുള്ള വസ്തുവിന്റെ ദൃശ്യം വ്യക്തമാവില്ല. സാധാരണപ്രകാശം ഉപയോഗിക്കുന്ന സൂക്ഷ്മദര്‍ശിനികളുടെ പരിമിതി ഇതായിരുന്നു. ഫ്ലൂറസന്റ് തന്മാത്രകള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ ഈ പരിമിതി മറികടന്നത്. നിരീക്ഷിക്കേണ്ട വസ്തുവില്‍ ഫ്ലൂറസന്റ് തന്മാത്രകള്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് തന്മാത്രകള്‍ തെളിയാനായി വസ്തുവിലേക്ക് ലേസര്‍ രശ്മികള്‍ പായിക്കുന്നു. തുടര്‍ന്ന് രണ്ടാമതൊരു ലേസര്‍രശ്മിയിലൂടെ നിരീക്ഷിക്കേണ്ട ചെറിയഭാഗമൊഴികെയുള്ള ഇടങ്ങളിലെ ഫ്ലൂറസന്റ് നീക്കുകയും ചെയ്യുന്നു. തത്ഫലമായി 20 നാനോ മീറ്ററുള്ള വസ്തുവിനെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്നു. രോഗം കണ്ടെത്തുന്നതിലും പുതിയമരുന്നുകള്‍ വികസിപ്പിക്കുന്നതിലും വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.
വൈദ്യശാസ്‌ത്രം (MEDICINE)
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് തലച്ചോറിന്റെ 'ആന്തര ജി.പി.എസ് ' സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ അര്‍ഹരായി. ബ്രിട്ടീഷ്-അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ഒ. കിഫ്, നോര്‍വീജിയന്‍ ദമ്പതിമാരായ മേയ് ബ്രിറ്റ് മോസര്‍, എഡ്വേഡ് ഐ മോസര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. തലച്ചോറിലെ കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച പഠനത്തിനാണ് മൂന്നു പേര്‍ക്കും പുരസ്കാരം ലഭിച്ചത്. ചുറ്റുമുള്ള പരിസരം തിരിച്ചറിഞ്ഞ് സ്ഥാനനിര്‍ണയം നടത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാപ്തമാക്കുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനമാണ് ഇവരെ നോബലിന് അര്‍ഹരാക്കിയത്. ഈ കണ്ടെത്തല്‍ വഴി നൂറ്റാണ്ടുകളായി മനുഷ്യനെ ചുറ്റിക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വളരെ സങ്കീര്‍ണമായ ചുറ്റുപാടുകളില്‍ ശരിയായ ദിശ കണ്ടെത്താനും, അതിന്റെ രുപരേഖ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നത് എന്താണ് എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഇവരുടെ കണ്ടുപിടിത്തം. അള്‍ഷിമേഴ്സ് രോഗികള്‍ ചുറ്റുപാടിനെ കുറിച്ച് അജ്ഞരാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനും നാഡീസംബന്ധമായ വിവിധ അസുഖങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഈ കണ്ടെത്തല്‍ ഉപകരിക്കും
സാഹിത്യം (Literature)
പാട്രിക് മോദിയാനോ
സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്. 1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്
സാമ്പത്തികശാസ്ത്രം (ECONOMICS)
സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞന്‍ ഴാങ് തിറോളിന്. വന്‍ കമ്പനികള്‍ - വിപണിയുടെ ശക്തിയും നിയന്ത്രണവും എന്നിവയുടെ വിശകലനമാണ് തിറോളിനെ സമ്മാനിതനാക്കിയത്. വിപണിയുടെ ശക്തിയും ഫലപ്രദമായ നിയന്ത്രണങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് തിറോളിന്റെ പഠനങ്ങള്‍. ദി തിയറി ഓഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍, ഗെയിം തിയറി തുടങ്ങി 10 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമ്പത്തിക, ധനകാര്യ മേഖലകളിലായി 200-ഓളം പ്രഫഷണല്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഫ്രാന്‍സിലെ തുലൂസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഷോണ്‍ജാക്‌സ് ലാഫണ്‍ ഫൗണ്ടഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുകയാണ് തിറോള്‍.

സ്‌കൂള്‍ കായികമേള - താരോദയങ്ങള്‍ക്ക് കാതോര്‍ത്ത്

Sports ManualAmendmentsAge GroupsItem CodesEntry FormWebsite
സ്‌കൂളുകളില്‍ നടക്കുന്ന മേളകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കായികമേള. അന്തര്‍ദേശീയതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ പല കായികതാരങ്ങളും തങ്ങളുടെ പ്രയാണം ആരംഭിക്കുന്നത് സ്‌കൂള്‍ സ്‌പോ‌ര്‍‌ട്ട്‌സ് മീറ്റുകളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ചതിന് ശേഷമാണ്. പല സ്‌പോ‌ര്‍‌ട്ട്‌സ് അക്കാദമികളിലേക്കും കുട്ടികളെ റിക്രൂട്ട് ചെയ്യപ്പെടുന്നതും ഇവിടെവെച്ചാണ്. സ്‌കൂള്‍തലത്തില്‍ തന്നെ കുറ്റമറ്റരീതിയില്‍ കായികമേള സംഘടിപ്പിക്കുക എന്നത് ഇന്ന് പല വിദ്യാലയങ്ങളിലും വളരെ ശ്രമകരമാണ്. കായികാധ്യാപകര്‍ ഇല്ല എന്നത് തന്നെയാണ് പ്രധാനകാരണം. സൗകര്യപ്രദമായ ഗ്രൗണ്ടുകളുടെയും ഉപകരണങ്ങളുടെയും അഭാവവും പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാലും, കുട്ടിളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും എല്ലാം ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഈ പരിമിതികളെയൊക്കെ അതിജീവിച്ച് മികച്ച രീതിയില്‍ കായികമേളകള്‍ സംഘടിപ്പിക്കാന്‍ പല സ്‌കൂളുകളെയും പ്രാപ്‌തരാക്കുന്നു എന്നതാണ് വസ്‌തുത. സ്‌കൂള്‍ സ്‌പോ‌ര്‍‌ട്ട്‌സ് മീറ്റ് നടത്തിപ്പിന് സഹായകരമായ ചില ലിങ്കുകള്‍ ഈ പോസ്‌റ്റിനോടൊപ്പം നല്‍കുന്നു.

ശാസ്‌ത്രോത്സവം - നമുക്കും ഒരുങ്ങാം

MANUALSample Application FormsScienceMathsSocialWE-ExhibitionWE-On the spotITWebsite
ഒക്‌ടോബര്‍ സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം വിവിധമേളകളുടെ മാസമാണ്. ഗ്രൂപ്പ് തിരിക്കണം... സംഘാടകസമിതികള്‍ ഉണ്ടാക്കണം... മത്സരങ്ങള്‍ നടത്തണം... സമ്മാനം നല്‍കണം... ഇതിനുള്ള ഫണ്ട് സമാഹരിക്കണം... ഉയര്‍ന്ന തലത്തിലേക്കുള്ള എന്‍ട്രികള്‍ നല്‍കണം... എല്ലാം സമയബന്ധിതമായി നടക്കണം... പണികള്‍ ഒത്തിരിയുണ്ട്. ഇതിനിടയില്‍ സ്‌കൂള്‍തല മത്സരങ്ങള്‍ പലപ്പോഴും വഴിപാടാകുന്നതും കാണാം. പ്രത്യേകിച്ച് ശാസ്‌ത്രോത്സവം. മത്സരാര്‍ത്ഥികളുടെ വൈദഗ്‌ധ്യപരമായ കഴിവുകളുടെ പ്രകാശനമെന്നതിനപ്പുറം കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉണര്‍ത്തി അവയെ പരിപോഷിപ്പിക്കുക എന്നതാണ് ശാസ്‌ത്രമേളയുടെ ഉദ്ദേശ്യം. ശാസ്‌ത്ര ഗണിതശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര പ്രവൃത്തിപരിചയ മേളകളെ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്നതാണ് ശാസ്‌ത്രോത്സവം. ഇതിന് സഹായകരമായ ചില ലിങ്കുകള്‍ ഈ പോസ്‌റ്റിനോടൊപ്പം നല്‍കുന്നു.