ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ആനിമേഷന്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച സിനിമകളും നിഖിലിന്റെ ഡയറിക്കുറിപ്പും







 ആനിമേഷന്‍ പരിശീലനത്തിന്റെ ആദ്യദിവസം ക്ലാസ്സിലെത്തിയത്, വലിയ സന്തോഷത്തോടെയോ, താല്‍പര്യത്തോടെയോ ആയിരുന്നില്ല. തലേന്ന് എന്റെ ചേച്ചിയുടെ വിവാഹമായിരുന്നു. വിവാഹപ്പിറ്റേന്ന് തന്നെ വീട്ടില്‍ നിന്ന് പോരേണ്ടി വന്നതിലുള്ള പ്രയാസമാണ് പരിശീലനത്തോട് താല്‍പര്യക്കുറവുണ്ടാക്കിയത്. എങ്കിലും കൃത്യസമയത്ത് തന്നെ ഞാന്‍ ക്ലാസ്സിലെത്തി. കൂട്ടുകാരെല്ലാവരും എത്തിയിരുന്നു. മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രൈനറായ ശ്രീ.നാരായണന്‍ ദേലമ്പാടി മാഷും സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ.സലാം മാഷും ആനിമേഷന്‍ പരിശീലനപരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ചില ആനിമേഷന്‍ സിനിമകളും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ. . സുരേഷ് സാര്‍ ക്ലാസ്സെടുക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും ഞങ്ങളെ കാണിച്ചു. മുമ്പ് പരിശീലനം നേടിയ മുള്ളേരിയ സ്ക്കൂളിലെ ആദര്‍ശ്, അക്ഷയരാജ് എന്നീ കുട്ടികള്‍ ഞങ്ങളെ സഹായിക്കാനായി എത്തിയിരുന്നു. മൂവി നിര്‍മ്മാണത്തിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ അവരാണ് ആദ്യം പരിചയപ്പെടുത്തിയത്. പിന്നീട്, കെടൂണില്‍ ചിത്രം വരച്ച് , നിറം നല്‍കി, ആനിമേഷന്‍ നല്‍കുന്ന രീതി സലാം സാര്‍ പരിചയപ്പെടുത്തി. പിന്നീട്, ഞങ്ങളുടെ ഊഴമായിരുന്നു. ഞാനും ഒരു ചിത്രം വരച്ച് ആനിമേഷന്‍ നല്‍കി. ആ ഒരു നിമിഷം എന്റെ മനസ്സിലുണ്ടായത് സന്തോഷത്തിന്റെ ഇരട്ടിമധുരമായിരുന്നു. ഞാന്‍ വരച്ച പൂമ്പാറ്റയൊന്ന് ചലിച്ചപ്പോള്‍ ഞാന്‍ ഒരു സൃഷ്ടാവായ പ്രതീതി. മനുഷ്യനൊന്നനങ്ങിയപ്പോള്‍ അതിലേറെ സന്തോഷം. കെടൂണ്‍ ഒന്ന് തൊട്ടുപോയപ്പോള്‍ ഇത്രയും സന്തോഷമാണെങ്കില്‍ അതിന്റെ എല്ലാ വശങ്ങളും പഠിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ഞാന്‍
ചിന്തിച്ചു. ഉച്ചയ്ക്ക് ശേഷം ജിമ്പ് സോഫ്റ്റ് വെയറാണ് സാര്‍ ഞങ്ങളെ പരിചയപ്പെടുത്തിയത്. പരിചയമുള്ള സോഫ്റ്റ് വെയറാണെങ്കിലും, ആനിമേഷന്‍ സിനിമയ്ക്കായി ജിമ്പില്‍ ചിത്രം വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വരച്ച ചിത്രങ്ങളെ കെടൂണില്‍ കൊണ്ടുവന്ന് ആനിമേഷന്‍ നല്‍കുന്ന വിധവും പുതുതായി മനസ്സിലാക്കുവാന്‍ സാധിച്ചു. വൈകുന്നേരം വരെ ഇതിന്റെ പരിശീലനമായിരുന്നു. പദ്മാവതി ടീച്ചറും ഞങ്ങളുടെ സഹായത്തിനുണ്ടായിരുന്നു. ആദ്യദിവസത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ഇതിന് വന്നില്ലായിരുന്നുവെങ്കില്‍ അതൊരു വലിയ നഷ്ടമായിപ്പോകുമായിരുന്നു.
രണ്ടാം ദിനം വളരെ ഉത്സാഹത്തോടെ തന്നെയാണ് ഞാന്‍ പരിശീലനത്തിനെത്തിയത്. മനസ്സില്‍ ആഹ്ലാദത്തിരമാലകള്‍ അലയടിക്കുന്നുണ്ടായിരുന്നു. ശബ്ദം റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്യുന്നതിനുള്ള ഒഡാസിറ്റി സോഫ്റ്റ് വെയറാണ് സാര്‍ ഇന്ന് ഞങ്ങളെ പരിചയപ്പെടുത്തിയത്. ഇതിനായി എന്റെ സഹപാഠിയായ ജ്യോതിയുടെ പാട്ട് സാര്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീടായിരുന്നു രസം. പിച്ച് കുറച്ച് കൊടുത്തപ്പോള്‍ അത് ജ്യോതിയാണോ പാടിയത് എന്ന് പോലും മനസ്സിലായില്ല. മുതിര്‍ന്ന ഒരു പുരുഷന്റെ ശബ്ദം. പിച്ച് കൂട്ടിയപ്പോഴോ? ഒരു കൊച്ചുകുഞ്ഞിന്റെ ശബ്ദം...ആകപ്പാടെ ചിരിയുടെ ഒരു പൂരമായിരുന്നു. പിന്നീട് ഞങ്ങള്‍ ഓരോരുത്തരും ശബ്ദം റെക്കോര്‍ഡ് ചെയ്ത് പിച്ച് വ്യത്യാസപ്പെടുത്തി പരിശീലിച്ചു. മൊത്തത്തില്‍ കളിയും ചിരിയും നിറഞ്ഞ വളരെ രസകരമായ ഒരു ദിവസമായിരുന്നു ഇന്ന്.
വീഡിയോ എഡിറ്റ് ചെയ്യുന്നതിനാവശ്യമായ ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ എന്ന സോഫ്റ്റ് വെയറാണ് സാര്‍ മൂന്നാം ദിനം ഞങ്ങളെ പരിചയപ്പെടുത്തിയത്. കെടൂണില്‍ തയ്യാറാക്കിയ വീഡിയോയും ഒഡാസിറ്റി ഉപയോഗിച്ച് തയ്യാറാക്കിയ സംഭാഷണങ്ങളും കൂടെ പശ്ചാത്തല സംഗീതവുമൊക്കെ ചേര്‍ത്ത് ആവശ്യമായ എഡിറ്റംഗും നടത്തി ആനിമേഷന്‍ സിനിമാനിര്‍മാണം പൂര്‍ത്തീകരിക്കുവാനുള്ളതായിരുന്നു ഈ സോഫ്റ്റ് വെയര്‍. സിനിമയുടെ പേരും എന്റെ പേരുമൊക്കെ ടൈറ്റില്‍ ആയി നല്‍കുവാനും പഠിച്ചു. ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ പരിശീലനത്തിന്റെ സമാപനദിവസം നിര്‍മ്മിക്കേണ്ട സിനിമയുടെ സ്റ്റോറി ബോര്‍ഡ് എന്റെ മനസ്സില്‍ രൂപപ്പെട്ടിരുന്നു.
ഓണാവധിക്ക് ശേഷം പരിശീലനത്തിന്റെ സമാപനദിവസം, മനസ്സുകൊണ്ട് ഒരു ആനിമേഷന്‍ സിനിമാനിര്‍മ്മാതാവായാണ് ഞാന്‍ ക്ലാസ്സിലെത്തിയത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ പരിചയപ്പെടുത്തിയ സോഫ്റ്റ് വെയറുകള്‍ സാര്‍ ഒന്നുകൂടി പ്രോജക്റ്ററുപയോഗിച്ച് കാണിച്ചുതന്നു. ഇത് കൂടുതല്‍ ആത്മധൈര്യവും ഇച്ഛാശക്തിയും നല്‍കി. ഞാന്‍ എന്റെ ജോലി ആരംഭിച്ചു. മൂന്നാം ദിവസം തന്നെ മനസ്സില്‍ വരയ്ക്കപ്പെട്ട സ്റ്റോറി ബോര്‍ഡ് കടലാസില്‍ പകര്‍ത്തി മുന്നില്‍ വച്ചു. ആവശ്യമായ പശ്ചാത്തലവും ചിത്രങ്ങളും ജിമ്പില്‍ വരച്ചു. കെടൂണില്‍ കൊണ്ട് വന്ന് ആനിമേഷന്‍ നല്‍കി മൂന്ന് വീഡിയോകള്‍ നിര്‍മ്മിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നതിനായി നെറ്റ്ബുക്കും ഹെഡ്സെറ്റും എടുത്ത് ലാബിന് പുറത്ത് നിശബ്ദമായ ഒരിടത്തിരുന്നു. ഓപ്പണ്‍ ഷോട്ട് ഉപയോഗിച്ച് ബാക്കി പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്ത് സിനിമ പൂര്‍ത്തീകരിച്ചു. ഓരോരുത്തരുടെയും സിനിമകളുടെ പ്രദര്‍ശനവും നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. ഗംഗാധരന്‍ സാര്‍ ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഞങ്ങളെല്ലാവരും അതീവസന്തുഷ്ടരായിരുന്നു. ഭാവിയില്‍ ആക്ഷന്‍, കട്ട്, സ്റ്റാര്‍ട്ട് ക്യാമറ എന്നൊക്കെ പറയുന്ന ഒരു സംവിധായകനാകാന്‍ കഴിഞ്ഞെങ്കില്‍..... എന്ന് ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചുപോയി.

1 comment:

  1. സാധാരണയായി ഓണാവധിക്കാലം കൂടുതലും ടിവിക്ക് മുമ്പിലാണ് ചെലവഴിക്കാറ്.ഇപ്രാവശ്യം ഇങ്ങനെയൊരു പരിശീലനത്തില്‍ സംബന്ധിക്കുവാന്‍ അവസരം ലഭിച്ചതില്‍ നിഖിലിനെപ്പോലെ ഞാനും അതീവ സന്തുഷ്ടയാണ്.കുട്ടികളുടെ ഭാവനയെ ഉണര്‍ത്തുവാന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കും എന്നാണെന്റെ അഭിപ്രായം..

    ReplyDelete