ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി. പതിവുപോലെ പ്രതിജ്ഞകളും പ്രഭാഷണങ്ങളും ജയ് വിളികളും കലാപരിപാടികളും മധുരപലഹാര വിതരണവുമൊക്കെയായി തിരക്കിട്ട ഒരു ദിനം. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറെ പൊടിപടലങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. മിഠായി, പായസം വിതരണത്തിലൂടെ മാത്രം പ്രകൃതിയിലേക്കെത്തിയത് കിലോകണക്കിന് പ്ലാസ്റ്റിക്കാണ്. ആഘോഷങ്ങളുടെ അവശിഷ്ടഭാരം താങ്ങുവാനുള്ള കെല്പ് പ്രകൃതിക്ക് ഇനിയും എത്രനാള്‍ ഉണ്ടാകും?. അല്ലെങ്കിലും, നമ്മളെന്തിന് അതൊക്കെ ചിന്തിക്കുന്നു.. വരും തലമുറക്കായി വല്ലതും ബാക്കി വെക്കണം എന്ന് ചിന്തിക്കുന്നവര്‍ വളരെ വിരളം. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി സൃഷ്ടിപരമായി, പുരോഗമനപരമായി വല്ലതും ചെയ്യുവാനുള്ള എന്തെങ്കിലും തീരുമാനം ഈ സ്വാതന്ത്ര്യദിനത്തില്‍ കൈക്കൊണ്ടവരും വിരളം.
രാജ്യം പൊതുവിലും കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഊര്‍ജ്ജ പ്രതിസന്ധിയാണ്. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസവകുപ്പും കേരളസംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡും സംയുക്തമായി സ്ക്കൂള്‍ വവിദ്യാര്‍ത്ഥികളിലൂടെ നടപ്പിലാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജ്ജം' എന്ന നവീന പദ്ധതി ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്. ഒരു യൂണിറ്റ് വൈദ്യുതി സംരക്ഷിക്കുമ്പോള്‍ മൂന്ന് യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കുതിന് തുല്യമായ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും അതിലൂടെ നാടിന്റെ വികസനക്കുതിപ്പില്‍ പങ്കാളികളാകുകയാണ് നമ്മളെന്നും ബോദ്ധ്യപ്പെടുന്നത് തന്നെ വലിയ കാര്യമാണ്. 54% വൈദ്യുതിയും കല്‍ക്കരി കത്തിക്കുന്നതിലൂടെ ഉണ്ടാക്കുന്ന ഒരു രാജ്യത്ത് ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ പ്രായോഗികമാക്കുന്നതിലൂടെ ഭാവിതലമുറയ്ക്കായി 'ഒരു കരുതല്‍' തന്നെയാണ് നമ്മള്‍ ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം മലിനമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിക്ക് അല്പം ഒരു ആശ്വാസം നല്‍കുവാനും സാധിക്കും.
പക്ഷേ, എടുത്ത് പറയുവാന്‍ പേരിന് ഒരു പദ്ധതിയും ഉത്ഘാടനകോലാഹലങ്ങളും ഫണ്ട് വീതം വെപ്പും എന്നതിനപ്പുറം പതിവിന് വിപരീതമായി വല്ലതും സംഭവിക്കണമെങ്കില്‍ പുതിയൊരു ജനമുന്നേറ്റം തന്നെയുണ്ടാകണം. അദ്ധ്യാപക, വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ സന്ദര്‍ഭത്തിനൊത്തുയരുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment