ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ക‍ുമ്പള ഉപജില്ലാ ശാസ്‍ത്രോത്സവം:
അഡ‍ൂര്‍ സ്‍ക‍ൂള്‍ ഹൈസ്‍ക‍ൂള്‍ വിഭാഗം ചാമ്പ്യന്മാര്‍

സമാപനസമ്മേളനത്തില്‍വെച്ച് ചാമ്പ്യന്‍ഷിപ്പ് ഏറ്റുവാങ്ങുന്നു
സ്‍ക‍ൂള്‍ അസംബ്ലിയില്‍ വിജയികള്‍ക്ക് നല്‍കിയ അനുമോദനം
2019 ഒക്ടോബര്‍ 17, 18 തിയ്യതികളിലായി പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂളില്‍വെച്ച് നടന്ന ക‍ുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഹൈസ്‍ക‍ൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ അഡ‍ൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂള്‍ ചാമ്പ്യന്മാരായി. അന്വേഷണാത്മക പ്രോജക്റ്റ് ഇനത്തില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പി.വി. ആര്യയും ബി. താബിയ തസ്‍നീമും ചേര്‍ന്ന് അവതരിപ്പിച്ച വെണ്ണീരില്‍ നിന്ന‍ും വിവിധ ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന കണ്ടെത്തല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ നിശ്ചലമാതൃകാ ഇനത്തില്‍ പത്താം ക്ലാസിലെ സൗപര്‍ണികയുടെ പ്ലാസ്റ്റിക്കിന്റെ പുനചംക്രമണം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സയന്‍സ് ക്വിസില്‍ എട്ടാം ക്ലാസിലെ വൈഷ്‍ണവ് സി. യാദവവും ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ ഒന്‍പതാം ക്ലാസിലെ ബി. താബിയ തസ്‍നീമും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനത്തില്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍ കെ. പ്രേം സദന്‍ അവര്‍കളില്‍ നിന്നും വിജയികളായ ക‍ുട്ടികളും അധ്യാപകരും ചേര്‍ന്ന് ട്രോഫി ഏറ്റ‍ുവാങ്ങി. ക‍ുമ്പള എ... കെ. യതീഷ് ക‍ുമാര്‍ റൈ അധ്യക്ഷത വഹിച്ചു. കാസറഗോഡ് എ... എം. അഗസ്റ്റിന്‍ ബര്‍ണാഡ്, പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂള്‍ ഹെഡ്മാസ്റ്റര്‍ ഡി. നാരായണ, ക‍ുമ്പള ഉപജില്ലാ എച്ച്.എം. ഫോറം കണ്‍വീനര്‍ ബി. വിഷ്‍ണ‍ുപാല്‍, പി..സി. സെക്രട്ടറി ഗംഗാധര ഷെട്ടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. എസ്. ശോഭനാ മരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വിജയന്‍ ശങ്കരമ്പാടി നന്ദിയും പറഞ്ഞ‍ു. അഡ‍ൂര്‍ സ്‍ക‍ൂളിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്‍മാസ്റ്റര്‍ അനീസ് ജി. മ‍ൂസാന്‍ എന്നിവര്‍ ശാസ്ത്രപ്രതിഭകളായ ക‍ുട്ടികളെയും അവരെ ഒരുക്കിയ മുഴുവന്‍ അധ്യാപിക-അധ്യാപകന്മാരെയും അഭിനന്ദിച്ചു.

വായനയ‍ുടെ ലോകത്തേക്ക് പറന്ന‍ുയരാന്‍ ക‍ുട്ടികള്‍ക്ക് ക‍ൂട്ടായി അഡ‍ൂരിലെ ക്ലബ‍ുകള്‍

'ദേശാഭിമാനി,എന്റെ പത്രം' പദ്ധതി
പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂരിന്റെ ഗ്രാമീണ സാംസ്കാരികബോധത്തെ രൂപപ്പെടുത്തുന്നതില്‍ സന്നദ്ധസംഘടനകളുടെയും ക്ലബുകളുടെയും സ്വാധീനം അവിസ്മരണീയമാണ്. മതത്തിനും ജാതിക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി അഡൂരിലെ ഗ്രാമീണജനതയുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായി മാറുകയാണ് ക്ലബുകളും സന്നദ്ധസംഘടനകളും. കലാ-കായിക പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കപ്പെട്ടത് കലയും കായികവും മാത്രമായിരുന്നില്ല, ഗ്രാമീണജനതയുടെ സംഘബോധവും സാംസ്കാരികമണ്ഡലവും കൂടിയായിരുന്നു. കഴി‍ഞ്ഞകാലപ്രവര്‍ത്തനങ്ങളിലൂടെ, അഡൂരിലെ ജനഹൃദയങ്ങളില്‍ കൂടുകൂട്ടിയ നാട്ടിലെ പ്രബലമായ ക്ലബാണ് വോയ്സ് ഓഫ് അഡൂര്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്. ഇക്കഴിഞ്ഞ ഓണാവധിക്കാലത്ത് സ്കൂള്‍ പിടിഎ യുടെ അഭ്യര്‍ത്ഥന മാനിച്ച് സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വോയ്സ് ഓഫ് അഡൂര്‍ പ്രവര്‍ത്തകര്‍ സഹകരിക്കുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും സ്കൂളുമായി സഹകരിച്ചുകൊണ്ട് 'മധുരം മലയാളം' പദ്ധതിയിലൂടെ അഞ്ച് മാതൃഭൂമി പത്രങ്ങളും ആറ് 'വിജയകര്‍ണാടക' കന്നഡ പത്രങ്ങളും സ്കൂളിലെത്തിക്കുകയാണ്.
'മധുരം മലയാളം'പദ്ധതി വോയ്സ് ഓഫ് അഡൂര്‍
പ്രസിഡന്റ് എം.നസീര്‍ ഉദ്ഘാടനം ചെയ്യുന്നു
പുതിയ തലമുറ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോകുമ്പോഴും ക്ലബുകള്‍ക്ക് അനിഷേധ്യമായ ഒരു സ്ഥാനം ഇന്നും ഗ്രാമീണ അന്തരീക്ഷത്തിലുണ്ട്. അതിന് മറ്റൊരു മികച്ച ഉദാഹരണമാണ് സഫ്ദര്‍ ഹാഷ്മി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്. വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളിലൂടെയും മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും അഡൂരിന്റെ സാമൂഹികമേഖലകളില്‍ നിറസാന്നിദ്ധ്യമാണ് സഫ്ദര്‍ ഹാഷ്മി. സ്കൂള്‍ പ്രവേശനോത്സവസമയത്തും സ്കൂള്‍ പരിസര ശുചീകരണത്തിലുമടക്കം സഹകരിച്ചുകൊണ്ട് അഡൂരിലെ പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂളുമായി എന്നും കൂടെ നിന്നിട്ടുള്ള സഫ്ദര്‍ ഹാഷ്മി വക രണ്ട് ദേശാഭിമാനി പത്രങ്ങളും സ്കൂളിലേക്കെത്തുകയാണ്.
സ്കൂളുമായി എന്നും ചേര്‍ന്ന് നിന്നിട്ടുള്ള അഡൂരിലെ രണ്ട് പ്രമുഖ ധനകാര്യസ്ഥാപനങ്ങളാണ് ദേലമ്പാടി അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്കും അഡൂര്‍ വനിതാ ബാങ്കും. അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്കിലെ സ്റ്റാഫിന്റെ വകയായി രണ്ട് ദേശാഭിമാനി പത്രങ്ങളും വനിതാബാങ്കിന്റെ വകയായി ഒരു ദേശാഭിമാനി പത്രവും സ്കൂളിലേക്കെത്തുകയാണ്. എസ്.കെ.എസ്.എസ്.എഫ്. എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ വകയായി അഞ്ച് 'സുപ്രഭാതം' പത്രങ്ങള്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം മുതല്‍ക്ക്തന്നെ സ്കൂളിലെത്തുന്നുണ്ട്.
'വിജയ കര്‍ണാടക' വോയ്സ് ഓഫ് അഡൂര്‍
സെക്രട്ടറി അഡ്വ.കിഷന്‍ ടിണ്ടു ഉദ്ഘാടനം ചെയ്യുന്നു
ഇലക്ട്രോണിക് വായനയുടെ ഈ പുതിയ യുഗത്തിലും കടലാസിന്റെയും അച്ചടിയുടെയും പ്രസക്തി ഒട്ടും ചോര്‍ന്നുപോയിട്ടില്ല. പുതുതലമുറയെ, വായനയുടെ, അറിവിന്റെ പുതിയ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സന്‍മനസ്സ് കാണിച്ച എസ്.കെ.എസ്.എസ്.എഫ്., വോയ്സ് ഓഫ് അഡൂര്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, സഫ്ദര്‍ ഹാഷ്മി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, ദേലമ്പാടി അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്കു് സ്റ്റാഫ്, അഡൂര്‍ വനിതാ ബാങ്ക് എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്തുവെച്ചുകൊണ്ട് കൃതജ്ഞത അറിയിക്കുകയാണ്.പത്രങ്ങള്‍ സ്കൂളിന് സമര്‍പ്പിക്കുന്ന ചടങ്ങുകളില്‍ ബന്ധപ്പെട്ട ക്ലബ്, സ്ഥാപന അധികൃതരെ കൂടാതെ പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്മാസ്റ്റര്‍ അനീസ് ജി. മൂസാന്‍, സീനിയര്‍ അസിസ്റ്റന്റ് പി. ശാരദ, സ്റ്റാഫ് സെക്രട്ടറി രാമചന്ദ്ര മണിയാണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.