ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ആര്യവേപ്പ് - ഭാരതത്തിന്റെ 'മഹാലക്ഷ്മി'

സ്ക്കൂള്‍ വളപ്പില്‍ നട്ടുവളര്‍ത്തുന്ന ആര്യവേപ്പ്
ആര്യവേപ്പ് - ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.
ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസി സസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വ രോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.
ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും
വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും. മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവും പറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈ ഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയും തൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനി കൂടിയാണ്.
വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്. പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു.
മഞ്ഞപ്പിത്തത്തിന് 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു. മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും
അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക. ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും. വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും. വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും. അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം
വീതം മൂന്നു ദിവസം കഴിക്കുക. വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണ വാതരോഗത്തെ ഇല്ലാതാക്കും. വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവ ഇല്ലാതാകും. വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു. വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷ ശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ്. ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പില കൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്. ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും. ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍ മതി. വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോ ഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്. സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍
വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും. വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക. വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും. പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്. ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു. വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു. 150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം, മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്. മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനായി വേപ്പില, വിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെ വിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍ പഴുത്ത് വീഴുന്ന വേപ്പിന്‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം.

No comments:

Post a Comment