ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

പുതുവസ്‌ത്രവും പുത്തരിയും സമ്മാനം;
കുട്ടിപ്പൊലീസുകാരുടെ ക്രിസ്‌മസ് ആഘോഷം മഞ്ജുനാഥിനൊപ്പം

മഞ്ചുനാഥിന് കേഡറ്റുകള്‍ ക്രിസ്‌മസ് സമ്മാനം നല്‍കുന്നു
എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവിതന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം പൂര്‍ണമായും അന്ധനായ മല്ലംപാറയിലെ മഞ്ജുനാഥിനൊപ്പമായിരുന്നു. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള നല്ലൊരു ഗായകനാണ് മഞ്ജുനാഥ്. കേരളോത്സവവേദികളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. പക്ഷേ, യാത്രാസൗകര്യം നന്നേ കുറഞ്ഞ മല്ലംപാറ വനപ്രദേശത്ത്നിന്നും പുറംലോകത്ത് എത്തണമെങ്കില്‍ പരസഹായം കൂടിയേതീരൂ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ മഞ്ജുനാഥിനൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കേഡറ്റുകള്‍ മഞ്ജുനാഥിന് പുതുവസ്‌ത്രവും പുത്തരിയും ക്രിസ്‌മസ് സമ്മാനമായി നല്‍കി. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന അഡൂരിലെ ഒരേക്കര്‍ പാടത്ത് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൃഷിയിറക്കി കൊയ്‌തെടുത്ത വിളവില്‍ നിന്നുംലഭിച്ച പുത്തരിയാണ് മഞ്ജുനാഥിന് നല്‍കിയത്.
ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 'സ്‌നേഹസന്ദേശയാത്ര'
കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മഞ്ജുനാഥ് തന്റെ ജീവിതാനുഭവങ്ങള്‍ കേഡറ്റുകളുമായി പങ്കുവെക്കുകയും ഗാനമാലപിക്കുകയും ചെയ്‌തു. ജെ.ചൈതന്യ, അബ്‌ദുല്‍ സാദിഖ്, മെഹറൂഫ്, പ്രതിമ, ധന്യശ്രീ, രമ്യ, ഉല്ലാസ് തുടങ്ങിയ കേഡറ്റുകളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ ക്രിസ്‌മസ് പപ്പ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. അഡൂര്‍ ടൗണിലൂടെ ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്ന്കൊണ്ട് 'സ്‌നേഹസന്ദേശയാത്ര' നടത്തി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകളുടെ സാഹിത്യസൃഷ്‌ടികള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പൂമ്പൊടി' എന്ന 'ക്രിസ്മസ് പതിപ്പ്' പ്രകാശനം ചെയ്‌തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
ലക്ഷ്‌മണന്‍ പൊനോരം ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളെ 'യോഗ' പരിശീലിപ്പിക്കുന്നു
'യുവാക്കളും സാമൂഹ്യസേവനവും' എന്ന വിഷയത്തില്‍ കൂക്കാനം റഹ്‌മാന്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്നു

ലഹരിവിമുക്തഗ്രാമത്തിനായി അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്

'ലഹരിപ്പൊതി,മരണപ്പൊതി'-ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു
അഡൂരിനെ ലഹരിവിമുക്തഗ്രാമമാക്കി മാറ്റുന്നതിനായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്. സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും എക്‌സൈസ് വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന് ചുറ്റുപാടുമുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കുട്ടികള്‍ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് മൂലം കുട്ടികളടക്കമുള്ളവരില്‍ കാണുന്ന രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ദുഃശ്ശീലങ്ങള്‍ ആളുകളില്‍ എത്രമാത്രം വേരോടിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ജില്ലാപഞ്ചായത്തിന്റെ 'സ്‌റ്റെപ്‌സ്' പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേയുടെ കണ്ടെത്തലുകളും പദ്ധതിക്ക് പ്രചോദനമായി. വീടുകളും കടകളും സന്ദര്‍ശിച്ചുള്ള ലഘുലേഖ വിതരണം, കവലകള്‍ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം, വിദഗ്‌ദരുടെ ക്ലാസുകള്‍, പോസ്‌റ്റര്‍ പ്രദര്‍ശനം, കൗണ്‍സലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
എസ്.പി.സി.യുടെ മൂന്ന് ദിവസത്തെ ക്രിസ്‌മസ് അവധിക്കാല ക്യമ്പിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് അഡൂര്‍ ടൗണില്‍ വെച്ച് ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ പദ്ധതി ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.അനീഷ് കുമാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു.എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രമേശ് ബാബു, എം.അനീഷ്, ശാലിനി എന്നിവര്‍ സംബന്ധിച്ചു. 'ലഹരിപ്പൊതി മരണപ്പൊതി' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ്.പി.സി.കേഡറ്റ് അബ്‌ദുല്‍ സാദിഖ് സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു.

'കുട്ടിപ്പൊലീസ് '-അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌മസ് അവധിക്കാല ക്യാമ്പ് തുടങ്ങി

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി ഉദ്ഘാടനം ചെയ്യുന്നു
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ ദയാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. മദര്‍ പി.ടി.എ. അധ്യക്ഷ എ.വി. ഉഷ, പി.ടി.എ. ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍ സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു. മാനവസമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ പരമ്പരാഗതമൂല്യങ്ങള്‍ക്കുള്ള പ്രസക്തി മനസ്സിലാക്കുകയും സമാധാനം, സ്‌നേഹം എന്നിവയിലൂടെ ലോകത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ സന്ദേശം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, മാജിക്, ദൃശ്യപാഠം, ഫ്രണ്ട്‌സ് അറ്റ് ഹോം, സ്‌പോര്‍ട്ട്സ് മീറ്റ്, രചനാമത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ജീവിതശൈലി, കുട്ടികളുടെ അവകാശങ്ങള്‍, വിവരസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
കേഡറ്റുകളും അവരുടെ രക്ഷിതാക്കളും ഉള്‍ക്കൊള്ളുന്ന സദസ്സ്
മുഖ്യാതിഥി ആദൂര്‍ എസ്.ഐ.ദയാനന്ദന്‍ സംസാരിക്കുന്നു

മതസൗഹാര്‍‌ദ്ദസന്ദേശമുണര്‍ത്തി അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌തുമസ് ആഘോഷം

ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിക്കുന്നു
ക്രിസ്‌തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, കെ.ചെനിയ നായക്ക് എന്നിവര്‍ ക്രിസ്‌തുമസ് സന്ദേശം നല്‍കി. കെ.സത്യശങ്കര, മാധവ തെക്കേക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.എസ്. ബൈജു, അനീഷ് പ്രീതം ടോണി, ബിയോള വി.ജേക്കബ്, ആസ്‌റ്റിന്‍ സാംജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി. പാക്കിസ്ഥാനിലെ പെഷവാര്‍ സൈനികസ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ നന്ദിയും പറഞ്ഞു.
ഇവരും ഭൂമിയുടെ അവകാശികള്‍: അഡൂര്‍ സ്‌കൂളിലെ പഠനയാത്രാസംഘം മൈസൂര്‍ മൃഗശാലയില്‍ കണ്ട അപൂര്‍വ്വദൃശ്യം
അന്താരാഷ്‌ട്ര അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കെ. സത്യശങ്കര മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ 'മനുഷ്യാവകാശവും കുട്ടികളും' എന്ന വിഷയത്തില്‍ അഡ്വ.എ.ഗോപാലകൃഷ്‌ണ ക്ലാസെടുക്കുന്നു.