ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
സ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി

ക്രമസമാധാനപാലനത്തിന് ഞങ്ങള്‍ തയ്യാര്‍...!
ഗതാഗതം നിയന്ത്രിക്കുന്ന കുട്ടിപ്പൊലീസുകാര്‍
ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികളുടെ സേവനം ശ്രദ്ധിക്കപ്പെട്ടു. കുമ്പള ഉപജില്ലയില്‍ അഡൂര്‍ സ്‌കൂളില്‍ മാത്രമാണ് 'കുട്ടിപ്പൊലീസ് ' യൂണിറ്റുള്ളത്. മൊത്തം എണ്‍പത്തിയെട്ട് പേരുള്ള യൂണിറ്റിനെ മൂന്ന് ഗ്രൂപ്പുകളാക്കി ഓരോ ദിവസങ്ങളിലായി ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. എസിപിഒ പി.ശാരദ, സിപിഒ എ.ഗംഗാധരന്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രാഫിക് നിയന്ത്രണം, മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികളിലെ അച്ചടക്കപരിപാലനം മുതലായവയാണ് കേഡറ്റുകള്‍ക്ക് നല്‍കിയ ചുമതലകള്‍.

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍

ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ എഴുപത്തിനാല് പോയിന്റ് നേടി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്മാരായി. എഴുപത് പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍ രണ്ടാം സ്ഥാനവും അറുപത്തിയെട്ട് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പതിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണത്തിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം),സഫീദ യാസ്‌മിനും സംഘവും(ചിത്രീകരണം). വിജയികളായ കുട്ടികളെയും നേതൃത്വം നല്‍കിയ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ പി. ഇബ്രാഹിം ഖലീലിനെയും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാറും പി.ടി.എ. പ്രസിഡന്റ് സി.കെ.കുമാരനും അഭിനന്ദിച്ചു. യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കുമ്പള ഉപജില്ലാ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ മുന്നില്‍

ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ അറുപത്തിമൂന്ന് പോയിന്റുമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം തുടരുന്നു. അമ്പത്തിയഞ്ച് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് തൊട്ടുപിറകില്‍. ഇതുവരെ നടന്ന പതിനഞ്ചിനങ്ങളില്‍ പതിനൊന്നിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം). 
 എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയവര്‍
സഫീദ യാസ്‌മിന്‍ 
(പദ്യം ചൊല്ലല്‍)
ആയിഷത്ത് സുഹാന 
(സംഭാഷണം)
അബ്‌ദുല്‍ ബഷീര്‍ 
(പ്രസംഗം)

മലയോരത്തുനിന്നും ഒരു ഹ്രസ്വചിത്രം-'വിരിയാത്ത മയില്‍പീലി'

ഒരു അധ്യാപകന്റെ ആത്മാര്‍ത്ഥമായ സ്‌നേഹവും തലോടലുമാണ് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ വിജയത്തിന് പ്രോത്സാഹനവും പ്രചോദനവുമാകുന്നത്. ചിലപ്പോള്‍ സ്വന്തം വീട്ടിലെ ദാരിദ്ര്യവും മറ്റ് ബുദ്ധിമുട്ടുകളും മറികടക്കുവാനും ആ സ്‌നേഹം കുട്ടികളെ സഹായിക്കാറുണ്ട്. ചെറുപ്പത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് അതിശയകരമായ ഊര്‍ജ്ജമാണ് നല്‍കുന്നത്. കുട്ടികള്‍ പലപ്പോഴും മാതൃകയാക്കുന്നത് അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നവരെയാണല്ലോ? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ ഭാവിയില്‍ അവര്‍ക്ക് നിര്‍വഹിക്കുവാനുള്ള പങ്ക് മറക്കുകയും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന
മാധവ തെക്കേക്കര
പ്രചോദനത്തെപ്പോലും പാഴാക്കിക്കളയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ലൊരു വഴികാട്ടിയാകുന്നത് ? സ്‌കൂളില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും കളങ്കമറ്റ വാത്സല്യത്തിന്റെ പ്രാധാന്യത്തെയും, രക്ഷിതാക്കള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് വിമുക്തരാകേണ്ട ആവശ്യകതയെയും ഓര്‍മ്മപ്പെടുത്തുന്നതാണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായ മാധവ തെക്കേക്കരയുടെ നേതൃത്വത്തില്‍ ഒരുപറ്റം അധ്യാപകരും കുട്ടികളും ചേര്‍ന്നൊരുക്കിയ 'വിരിയാത്ത മയില്‍പീലി' എന്ന ഹ്രസ്വചിത്രം. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച ക്യാമറയും മറ്റും ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. സ്‌കൂളിന്റെ പുരോഗതിയെ കാംക്ഷിക്കുന്നവരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഈ ചിത്രം നിര്‍മ്മിക്കുവാന്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സത്യന്‍ കോളിയടുക്കം, അധ്യാപകരായ ജോണ്‍പ്രസാദ്, കൃഷ്‌ണപ്പ, സുസ്‌മിത ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ പൃഥ്വി, വിദ്യാര്‍ത്ഥിനികളായ ചൈതന്യ, സജിന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ്, രശ്‌മി, ഉമ്മുഹബീബ, അബ്‌ദുല്‍ സാദിഖ്, മുബാറക്ക് തുടങ്ങിയ കുട്ടികളും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സ്‌കൂളിലെ അധ്യാപകനായ ബി.പി. സുജിത്ത് ആണ് ക്യാമറ കൈകാര്യം ചെയ്‌തത്. (എല്ലാ സ്‌കൂളുകളിലും ഈ
ഹ്രസ്വചിത്രം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുംവേണ്ടി പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങള്‍ കമന്റ്സ് രൂപത്തില്‍ പ്രതീക്ഷിക്കുന്നു. ഈ സിനിമ കാണുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. മൂന്ന് ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.)

Traffic Accident Victims Remembrance day-Special Programme

പ്രസന്ന ടീച്ചര്‍ ക്ലാസെടുക്കുന്നു. വാഹനഅപകടങ്ങളില്‍
ഉറ്റവരെ നഷ്‌ടപ്പെട്ട ഹരിണാക്ഷി,ഇര്‍ഫാന,എസ്.പി.സി.
എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ വേദിയില്‍.
Nov.18: Traffic Accident Victims Remembrance day പ്രമാണിച്ച് സ്‌കൂള്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്‌റ്റ് യൂണിറ്റ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വാഹന അപകടങ്ങളുടെ ഇരകളായവരും അവരുടെ ബന്ധുക്കളായ കുട്ടികളും പരിപാടിയില്‍ സംബന്ധിച്ച് അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്‌തു. സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി തനിക്കുണ്ടായ വാഹനഅപകടത്തെക്കുറിച്ചും അതുമൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും എസ്‌പിസി കാഡറ്റുകള്‍ക്ക് ക്ലാസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കേണ്ടതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ടീച്ചര്‍ വിശദീകരിച്ചു. സഹോദരനും അച്ഛനും വാഹനഅപകടത്തില്‍ മരണപ്പെട്ട ഹരിണാക്ഷി, സഹോദരനെ നഷ്‌ടപ്പെട്ട ഫാത്തിമത്ത് ഇര്‍ഫാന എന്നീ വിദ്യാര്‍ത്ഥിനികള്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്‌തു. വളരെ വികാരനിര്‍ഭരമായിരുന്നു പരിപാടി. വാഹനഅപകടങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തിനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സംബന്ധിച്ചു. സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് എ.സി.പി.ഒ. പി.ശാരദ സ്വാഗതവും സി.പി.ഒ. എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

'മലയോരവിശേഷം' ബ്ലോഗ് ടീമിന് അനുമോദനം

നവമ്പര്‍ 17: കാസറഗോഡ് ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം നേടിയ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 'മലയോരവിശേഷം' ബ്ലോഗ് ടീമിന് നേതൃത്വം വഹിക്കുന്ന സ്‌കൂള്‍ ഐടി കോഡിനേറ്ററും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയുമായ എ.എം. അബ്‌ദുല്‍ സലാം മാഷിനെ സ്‌കൂള്‍ അധ്യാപകരക്ഷാകര്‍തൃ സമിതിയും സ്‌റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. അധ്യാപകരക്ഷാകര്‍തൃ സമിതിയുടെവക ഉപഹാരം പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അവര്‍കളും സ്‌റ്റാഫ് കൗണ്‍സില്‍ വക ഉപഹാരം ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കളും നല്‍കി. ജില്ലയിലെ എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗുകള്‍ മുഖേന പരസ്​പരം ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പദ്ധതിയുടെ ഭാഗമായി ജില്ലാവിദ്യാഭ്യാസ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സ്‌റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ മുന്‍ ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ അതിഥിയായി സംബന്ധിച്ചു. സീനിയര്‍ അസ്‌സ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, എച്ച്. പദ്‌മ, ഡി.രാമണ്ണ, .രാജാറാമ, മാധവ തെക്കേക്കര, പി.എസ്. ബൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ. സത്യശങ്കര സ്വാഗതവും പി. ശാരദ നന്ദിയും പറഞ്ഞു.

'മലയോരവിശേഷ'ത്തിനും അഡൂര്‍ സ്‌കൂളിനും ഇത് ചരിത്രമുഹൂര്‍ത്തം

കാസറഗോഡ് ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, പിടിഎ വൈസ് പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍, സ്‌കൂള്‍ ഐടി കോഡിനേറ്റര്‍ എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ കാസറഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നില്‍ നിന്നും ഏറ്റുവാങ്ങുന്നു. വേദിയില്‍ കാസറഗോഡ് എം.പി. പി.കരുണാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സുജാത, കാസറഗോഡ് ഡിഡിഇ സി.രാഘവന്‍, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ് തുടങ്ങിയ വിശിഷ്‌ട വ്യക്തികള്‍.