ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ഓണാഘോഷം കെങ്കേമം...

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എല്ലാ കുട്ടികള്‍ക്കും സ്‌റ്റാഫിനും ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു. ഒന്‍പത് എ ഡിവിഷനിലെ കുട്ടികള്‍ തയ്യാറാക്കിയ ഓണപ്പതിപ്പ് ഹെഡ്‌മാസ്‌റ്റര്‍ പ്രകാശനം ചെയ്‌തു. അസംബ്ലിക്ക് ശേഷം ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ പൂക്കളമത്സരം നടന്നു. ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ 65 സെ.മീ. ആരത്തില്‍ നാടന്‍പൂക്കള്‍ക്ക് പ്രാധാന്യം നല്‍കി പൂക്കളം ഒരുക്കാനായിരുന്നു നിര്‍ദ്ദേശം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 10എ, 9 സി ക്ലാസുകളും യുപി
വിഭാഗത്തില്‍ 7എ, 7 ബി ക്ലാസുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഫെസ്‌റ്റിവല്‍ കണ്‍വീനര്‍ പി.എസ്. ബൈജു നേതൃത്വം നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലും എല്‍ പി വിഭാഗത്തിലും പൂക്കളങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. വിവിധ നാടന്‍കളികളും സംഘടിപ്പിച്ചു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി. ശ്രീ സി. രാമുഞ്ഞിയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, പിടിഎ വൈസ് പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ , എം.പി.ടി.എ. പ്രസിഡന്റ് പുഷ്‌പ ബന്നൂര്‍, മുന്‍ ഹെഡ്‌മാസ്‌റ്റര്‍ എം.ഗംഗാധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്റെയും അഴിമതിരഹിതമായ സമൂഹത്തിന്റെയും
സാമൂഹികനീതിയുടെയും പ്രതീകമാണ് ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലമാണിത്. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എന്തിന് പ്രകൃതിക്കുപോലും ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്ഠാന പൈതൃകം മലയാളിയുടെമാത്രം സ്വന്തമാണ്.
‘‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
                                           ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...’’
ഓണത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍ നൂറ്റാണ്ടുമുമ്പുതന്നെ
കേരളത്തില്‍ പ്രചരിച്ചിരുന്ന ‘മഹാബലിചരിതം പാട്ടില്‍’നിന്നുള്ളതാണ്. ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ, വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന് ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക് കൈമാറേണ്ടതുണ്ട്. സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്റെ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക് സമ്മാനിക്കുന്നത്.  
                         For more photos please CLICK HERE

അധ്യാപകദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിച്ചു

 അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ കുട്ടികള്‍ക്കും വെവ്വേറെയാണ് പ്രദര്‍ശനം ഒരുക്കിയത്. ഹയര്‍ സെക്കന്ററി കുട്ടികള്‍ ഹയര്‍ സെക്കന്ററി ഹാളിലും ഹൈസ്‌കൂള്‍ കുട്ടികള്‍ മള്‍ട്ടിമീഡിയ റൂമിലുമാണ്
കണ്ടത്. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, എച്ച്. പദ്‌മ, സ്‌റ്റാഫ് സെക്രട്ടറി തുടങ്ങിയവര്‍ സന്നഹിതരായിരുന്നു.സ്വന്തം അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ഡല്‍ഹി മനേക് ഷാ സെന്ററില്‍ നിന്ന് നരേന്ദ്രമോദി രാജ്യത്തെ 18 ലക്ഷം സ്‌കൂള്‍വിദ്യാര്‍ഥികളോട് സംസാരിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി മറുപടിനല്‍കി. 'നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം, നന്നായി കളിക്കണം, ദിവസത്തില്‍ നാലുതവണയെങ്കിലും നന്നായി വിയര്‍ക്കണം, വിദ്യാര്‍ഥികളായതിനാല്‍ നിങ്ങള്‍ക്കൊക്കെ സ്വപ്‌നങ്ങളുണ്ടാവും. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തടയാനാവില്ല'.
അപ്പോള്‍ ഇംഫാലില്‍നിന്നുള്ള വിദ്യാര്‍ഥിയുടെ രസകരമായ ചോദ്യം- എനിക്കെപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ കഴിയും? '2024-ലെ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങിക്കോളൂ'. പൊട്ടിച്ചിരിയോടെ പ്രധാനമന്ത്രി മറുപടി തുടങ്ങി. 'അതുവരെ എനിക്ക് ഭീഷണിയൊന്നുമില്ലെന്നുകൂടിയാണ് ഇതിന്നര്‍ഥം. ഇന്ത്യ ജനാധിപത്യരാജ്യമാണ്. ആര്‍ക്കും പ്രധാനമന്ത്രിയാവാം. നിങ്ങള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്നെയും ക്ഷണിക്കണം'. എപ്പോഴെങ്കിലും പ്രധാനമന്ത്രിയാവുമെന്ന് താങ്കള്‍ വിചാരിച്ചിരുന്നോ? മോദിയുടെ മനസ്സറിയാന്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കുസൃതിച്ചോദ്യം. 'ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. സാധാരണ കുടുംബമായിരുന്നു എന്റേത്. പഠിക്കുമ്പോള്‍ ക്ലാസ് ലീഡര്‍ പോലുമായിട്ടില്ല. ആരെങ്കിലുമാവാനല്ല, എന്തെങ്കിലും ചെയ്യാന്‍ സ്വപ്‌നം കാണണം. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലുമാവും. അങ്ങനെ ചെയ്യുന്നതില്‍ ഏറെ ആനന്ദം കണ്ടെത്താം. വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടോ എന്തോ ഒരു വിദ്യാര്‍ഥിയുടെ ചോദ്യമിങ്ങനെ- ഞങ്ങളോട് സംസാരിച്ചതുകൊണ്ട് എന്താണ് ലാഭം? ചോദ്യം ഇഷ്ടപ്പെട്ട മോദിയുടെ മറുപടിയും ഉടനെത്തി. 'ചിലതു നമ്മള്‍ ചെയ്യുന്നത് ഒന്നും നേടാനല്ല. ലാഭേച്ഛയില്ലാതെ എന്തെങ്കിലും ചെയ്താല്‍ അത് കൂടുതല്‍ സന്തോഷം നല്‍കും'. ബുദ്ധിമാനായ ഒരു വിദ്യാര്‍ഥിയും അലസനായ മറ്റൊരു കുട്ടിയുമുണ്ടെങ്കില്‍ അധ്യാപകനെന്ന നിലയ്ക്ക് ആരെ ശ്രദ്ധിക്കുമെന്നായിരുന്നു തിരുവനന്തപുരം പട്ടം സെന്‍ട്രല്‍സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ചോദ്യം. ഓരോ വിദ്യാര്‍ഥിക്കും ഓരോരോ പ്രതിഭയുണ്ടെന്നും ആരെയും അധ്യാപകര്‍ വിവേചനത്തോടെ കാണരുതെന്നും പ്രധാനമന്ത്രിയുടെ മറുപടി. ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട സ്‌കൂളിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. അവിടെ എല്ലാവരും പഠനത്തിനു പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുട്ടിക്കാലത്തെ വികൃതിയെക്കുറിച്ചും കുട്ടികള്‍ക്ക് അറിയണമായിരുന്നു. കല്യാണച്ചടങ്ങുകളില്‍ അതിഥികളുടെ വസ്ത്രങ്ങള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്ന തന്റെ വികൃതി മോദി പങ്കുവെച്ചു. പറഞ്ഞു തീര്‍ന്നപ്പോള്‍ ഒരു ഉപദേശം. 'നിങ്ങളങ്ങനെയൊന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുതരണം'. സ്‌കൂളിലെ ഇഷ്ടപ്പെട്ട അധ്യാപകനോടെന്നപോലെ വിദ്യാര്‍ഥികളെല്ലാം പുഞ്ചിരി മായാത്ത മുഖങ്ങളോടെ തലയാട്ടി. കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയും ചടങ്ങില്‍ പങ്കെടുത്തു.To view the live interaction, please CLICK HERE

അധ്യാപകദിനാചരണം-മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു

   അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റാഫ് കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. സ്‌കൂളിലെ ഇരുപത് വര്‍ഷവും അതില്‍ കൂടുതലും സര്‍വ്വീസുള്ള എട്ട് അധ്യാപകരെ ചടങ്ങില്‍ വെച്ച്  മുഖ്യാതിഥി സ്‌മരണിക നല്‍കി ആദരിച്ചു.
ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ (ഹെഡ്‌മാസ്‌റ്റര്‍), എന്‍. പ്രസന്നകുമാരി (എച്ച്.എസ്.എ. ഹിന്ദി), എച്ച്. പദ്‌മ (എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ്-കന്നഡ), കെ. സത്യശങ്കര (പി.ഡി.ടീച്ചര്‍-കന്നഡ), കെ. ചനിയ നായക്ക് (പി.ഡി.ടീച്ചര്‍-കന്നഡ), ഡി. രാമണ്ണ (എച്ച്.എസ്.എ. കന്നഡ), കെ. സുധാമ (പി.ഡി.ടീച്ചര്‍-കന്നഡ), എം. ഉദയകുമാര്‍ (പി.ഡി.ടീച്ചര്‍-കന്നഡ) എന്നിവരാണ് ആദരിക്കപ്പെട്ടത്. ആദരിക്കപ്പെട്ട അധ്യാപകര്‍ അവരുടെ അധ്യാപകജീവിതത്തിലെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.
പരാതിപറയുന്നവരില്‍ നിന്നും പരാതി പരിഹരിക്കുന്നവരിലേക്ക് അധ്യാപക സമൂഹം ഉയരേണ്ടതുണ്ടെന്ന സത്യശങ്കര മാസ്‌റ്ററുടെ അഭിപ്രായം ശ്രദ്ധേയമായി. സംഘശക്തിയുടെ പ്രസക്തിയെക്കുറിച്ചാണ് രാമണ്ണ മാസ്‌റ്റര്‍ സംസാരിച്ചത്. നിര്‍ദ്ദനരായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ മുഴുവന്‍ പഠനചെലവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രസന്നകുമാരി ടീച്ചറുടെ പ്രവര്‍ത്തനം മാതൃകാപരമായി. കെ.നാരായണ ബള്ളുള്ളായ, എസ്.എസ്. രാഗേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അധ്യാപകദിനത്തിലെ ഇത്തരം കൂട്ടായ്‌മകള്‍ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണമെന്ന് രാഗേഷ് മാസ്‌റ്റര്‍ അഭിപ്രായപ്പെട്ടു. യൂനുസ് കോട്ടക്കല്‍, മാധവ തെക്കേക്കര, സുജിത്ത്. ബി.പി., കെ. ഗീതാസാവിത്രി, വിദ്യാലത, ബി. കൃഷ്‌ണപ്പ എന്നിവര്‍ ഗാനമാലപിച്ചു. പി.കെ. മിനിമോള്‍ സ്വന്തമായി രചിച്ച കവിത ചൊല്ലി. സ്‌റ്റാഫ് സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം സ്വാഗതവും പി. ശാരദ നന്ദിയും പറഞ്ഞു.

അധ്യാപകദിനാചരണം-പൂച്ചെണ്ടുകളുമായി കുട്ടികള്‍

അധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രത്യേകഅസംബ്ലി നടന്നു. സ്‌കൂള്‍ ലീഡര്‍ വിജയകുമാരി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. തുടര്‍ന്ന് എസ്.പി.സി. കാഡറ്റുകള്‍ മുഴുവന്‍ അധ്യാപകര്‍ക്കും പൂക്കള്‍ നല്‍കി. ഹെഡ്മാസ്‌റ്റര്‍ അധ്യാപകദിനസന്ദേശം നല്‍കി. ഡോ.സര്‍വേപ്പള്ളി രാധാകൃഷ്‌ണന്‍ അവര്‍കളുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കാന്‍ ഹെഡ്‌മാസ്‌റ്റര്‍ കുട്ടികളോട് പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
തത്ത്വചിന്തകന്‍ രാജാവാകണം എന്നു നിര്‍ദേശിച്ചതു പ്ലേറ്റോയാണ്‌. ചരിത്രത്തില്‍ പക്ഷേ, ഈ നിര്‍ദേശം വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പ്രായോഗികമായിട്ടുള്ളു. ആധുനികഭാരതം ഒരിക്കല്‍ പ്ലേറ്റോയുടെ അഭിലാഷം സാക്ഷാത്‌കരിക്കുകയുണ്ടായി- 1962ല്‍. ഡോ.എസ്‌.രാധാകൃഷ്‌ണന്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സാരഥിയായി രാധാകൃഷ്‌ണന്‍ അവരോധിക്കപ്പെട്ടപ്പോള്‍ `ഒരു ദാര്‍ശനികന്‍ രാജാവായിരിക്കുന്നു' എന്ന നിലയിലാണ്‌ ലോകം
മുഴുവന്‍ പ്രതികരിച്ചത്‌. നിരവധി രാജ്യങ്ങളില്‍ നടത്തിയ പ്രഭാഷണ പര്യടനങ്ങളിലൂടെ വൈജ്ഞാനികമായ ഒരു ദിഗ്വിജയം തന്നെ കൈവരിക്കാന്‍ രാധാകൃഷ്‌ണനു സാധിച്ചു. പരിചയപ്പെട്ടവരൊക്കെ `ഇതാ, `ഒരു ദാര്‍ശനികന്‍' എന്നദ്ദേഹത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. മഹാത്മാഗാന്ധിയുടെ അഹിംസാധിഷ്‌ഠിതമായ സമരപരിപാടിയുടെ ചരിത്രപരവും താത്ത്വികവുമായ പശ്ചാത്തലവും പ്രസക്തിയും സ്വദേശത്തും വിദേശത്തുമുള്ള ബുദ്ധിജീവികള്‍ക്കും, സ്വാതന്ത്ര്യപ്രസ്ഥാനത്തെ സംശയത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ച രാഷ്‌ട്രനേതാക്കള്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തതു രാധാകൃഷ്‌ണനായിരുന്നു. പ്രഗല്‌ഭനായ അധ്യാപകന്‍, ഉജ്ജ്വലനായ പ്രഭാഷകന്‍, തന്ത്രശാലിയായ അമ്പാസിഡര്‍, രാഷ്‌ട്രത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ ദത്താവധാനനായ ഭരണാധികാരി, ഉന്നതനായ ചിന്തകന്‍, അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ എന്നിങ്ങനെ ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹം ചരിത്രത്തില്‍ നിറഞ്ഞുനിന്നു. ശബളാഭമായ ആ ജീവിതത്തിന്റെ ഏടുകള്‍ നമ്മുടെ വരുംതലമുറകള്‍ പരിചയപ്പെടണം. എങ്കിലേ ഒരു രാഷ്‌ട്രം കൈവരിച്ച മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ കഥാപഠനം പൂര്‍ത്തിയാകൂ.

സ്‌കൂള്‍ പാര്‍ലിമെന്റ് -റിയാസ് പ്രസിഡന്റ് ;വിജയകുമാരി സെക്രട്ടറി

അബ്‌ദുല്‍ റിയാസ്.എം. പ്ലസ് ടു
(പ്രസിഡന്റ് )
2014-15 അദ്ധ്യയനവര്‍ഷത്തെ സ്‌കൂള്‍ പാര്‍ലിമെന്റ് രൂപീകരിച്ചു. അഞ്ച് മുതല്‍ പ്ലസ് ടു വരെയുള്ള 27 ക്ലാസുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാര്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസില്‍ പഠിക്കുന്ന എം. അബ്‌ദുല്‍ റിയാസ് പ്രസിഡന്റായും പത്താം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന സി.എച്ച്. വിജയകുമാരി സെക്രട്ടറി (സ്‌കൂള്‍ ലീഡര്‍)യായും തെരെഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : ആമിനത്ത് ഫര്‍സാന 10ഡി (വൈസ് പ്രസിഡന്റ് ), റംസീന പി.എം. പ്ലസ് ടു കൊമേഴ്‌സ് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ശബീബ് സി.കെ. 10ഇ (ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി), സന്ദീപ് വി. 9എ (ലിറ്റററി ക്ലബ് സെക്രട്ടറി), ആയിഷത്ത് ഷബാന എം.കെ. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് (സ്‌പോര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി),
വിജയകുമാരി. സി.എച്ച്. 10 ബി
(സെക്രട്ടറി)
സജ്ന. പി  9സി (ആര്‍ട്ട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി),ധന്യശ്രീ. കെ.പി 10എ (ലിറ്റററി ക്ലബ് ജോയിന്റ് സെക്രട്ടറി), അനഘ. എസ്. 6സി (സ്‌പോര്‍ട്ട്‌സ് ക്ലബ് ജോയിന്റ് സെക്രട്ടറി). സ്‌കൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പി. ശാരദ, എച്ച്. പദ്‌മ എന്നീ അധ്യാപികമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അച്ചടക്കവും ശുചിത്വവും പരിപാലിക്കുന്നതിലും കലോത്സവം, സ്‌പോര്‍ട്ട്‌സ് തുടങ്ങിയ പരിപാടികള്‍ വിജയിപ്പിക്കുന്നതിലും പുതുതായി ചുമതലയേറ്റ ഭാരവാഹികളും അംഗങ്ങളും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതാണ്. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ പാര്‍ലിമെന്റ് യോഗത്തില്‍ സംബന്ധിച്ചു.

'സേവ് എ ലൈഫ്'-ധനസഹായം നല്‍കി

    സ്‌കൂള്‍ എസ്.പി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സേവ് എ ലൈഫ് ' പരിപാടിയുടെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ വകയായി നല്‍കുന്ന ധനസഹായം ഹെഡ്‌മാസ്‌റ്റര്‍ ഇന്‍ ചാര്‍ജ് എന്‍.പ്രസന്നകുമാരി ഏറ്റുവാങ്ങി. കൊട്ടാരക്കരയിലുള്ള കുന്നുംപുറത്ത് ചെരുവിള പുത്തന്‍വീട്ടില്‍ ശ്രീമതി രമ്യ കെ.വി.എന്ന നിര്‍ധന യുവതിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് ധനസമാഹരണം നടത്തുന്നതാണ് 'സേവ് എ ലൈഫ് 'പരിപാടി. ഏകദേശം 15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാറാമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിലെ അധ്യാപികയും എസ്.പി.സി.എ.സി.പി.ഒ.യുമായ ശ്രീമതി മിനി എം.മാത്യു ടീച്ചറാണ് വൃക്ക ദാനം ചെയ്യുന്നത്. മെഡിക്കല്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയായി ആഗസ്‌റ്റ് 25 ന് ഓപ്പറേഷന്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. എസ്.പി.സി. പദ്ധതിയുടെ തന്നെ അനുതാപത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയായി മാറിയ മിനി ടീച്ചര്‍ക്ക് കാഡറ്റുകള്‍ അഭിവാദ്യമര്‍പ്പിച്ചു. സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ നേതൃത്വം നല്‍കി.

എ.ബി.ഇബ്രാഹിം ഐഎഎസ്-അഡൂരിന്റെ അഭിമാനം

നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ആയ അഡൂര്‍ ബി. ഇബ്രാഹിം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. അഡൂര്‍ ടൗണിന് സമീപത്തായുള്ള ബളക്കില സ്വദേശിയാണ് അദ്ദേഹം. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1986ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കളക്‌ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1990ല്‍ കര്‍ണാടക ഭരണ സര്‍വീസില്‍ (കെ.എ.എസ്.) ചേരുന്നതുവരെ അവിടെ തുടര്‍ന്നു.
1990 മുതല്‍ 92 വരെ പ്രൊബേഷണറി കെ.എ.എസ്. ഓഫീസറായി കാര്‍വാറിലും തുടര്‍ന്ന് 94 വരെ രണ്ടുവര്‍ഷം കൊങ്കണ്‍ റയില്‍വേ ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പിഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് അസിസ്‌റ്റന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കുകയും1994മുതല്‍1995വരെ സകലേശ്‌പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്‌ഠിച്ചു. ഇവിടങ്ങളില്‍ വയോജന വിദ്യാഭ്യാസത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി ചലനാത്മകമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു
1996ല്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കമ്മീഷണറായി ഉദ്യോഗക്കയറ്റം ലഭിച്ച് മംഗലാപുരം സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണറാവുകയും 2000വരെ ആ തസ്‌തികയില്‍ തുടരുകയും ചെയ്‌തു. ഇവിടെയും മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.പൊതുജന പങ്കാളിത്തത്തോടെയുള്ള മംഗലാപുരം ടൗണ്‍ഹാള്‍ നവീകരണം, പ്രധാനപ്പെട്ട റോഡുകളുടെയും ജങ്ഷനുകളുടെയും കോണ്‍ക്രീറ്റിങ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും
കച്ചവടലൈസന്‍സുകളും നല്‍കുന്നതിനുള്ള കമ്പ്യൂട്ടറൈസേഷന്‍, മംഗലാപുരം സിറ്റിയെ ജന-സൗഹൃദമാക്കുന്നതിനുള്ള ബൃഹത്ത് പദ്ധതി തയ്യാറാക്കി റിപ്പോര്‍ട്ട് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നുള്ള ധനസഹായത്തിനായി സമര്‍പ്പിച്ചത് എന്നിവ അവയില്‍ ചിലത് മാത്രം. വിശിഷ്‌ടസേവനത്തിനുള്ള അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ കമ്മീഷണറായി അദ്ദേഹത്തെ തെരെഞ്ഞെടുത്തു.തുടര്‍ന്ന് കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് ലിമിറ്റഡ് എം.ഡി. മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അനധികൃതകയ്യേറ്റങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കല്‍ , റോഡ് വിപുലീകരണം, കമ്പ്യൂട്ടര്‍വല്‍ക്കരണം, വിവിധമേഖലകളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കല്‍, ജനസേവനകേന്ദ്രങ്ങള്‍ തുറക്കല്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, പൂന്തോട്ട നിര്‍മ്മാണം, ഓടജലം ശുദ്ധീകരിച്ച് മത്സ്യം വളര്‍ത്തല്‍, പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ പുനചംക്രമണം തുടങ്ങിയ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍, മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കെട്ടിട നവീകരണം, ജലവിതരണസമ്പ്രദായം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇബ്രാഹിം കൂടുതല്‍ ജനപ്രിയനായിമാറി.

      പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുകയും 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് രാജീവ് ഗാന്ധി പരിസ്ഥിതി അവാര്‍ഡ് നല്‍കുകയും ചെയ്‌തു. 2006ല്‍ ഐക്യരാഷ്ട്രസഭയും മൈസൂര്‍ കോര്‍പ്പറേഷന് പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ അംഗീകാരം നല്‍കുകയുണ്ടായി. മൈസൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു.ഈ കാലയളവില്‍ നിയമനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കുകയും ഗവണ്‍മെന്റ് നിയമിച്ച അന്വേഷണകമ്മീഷന്‍ ഇതു ശരിവെച്ചതിലൂടെ അന്നത്തെ വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി വരുകയും ചെയ്‌തു.
സംസ്ഥാന വഖഫ്‌ബോര്‍ഡ്, കുടക് ജില്ലാ പഞ്ചായത്ത്, കാവേരി നദീജല സമിതി എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മൈസൂര്‍ ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ എം.ഡി.യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടുക്കും ശ്രദ്ധപിടിച്ചുപറ്റിയ ഇബ്രാഹിമിന് ഐഎഎസ് കേഡറിലേക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ജീര്‍ണതയിലേക്കാണ് വിരല്‍ചൂണ്ടിയത്
ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 2013ല്‍ 2009 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ അദ്ദേഹത്തെ ഐഎഎസ് കേഡറിലേക്ക് ഉയര്‍ത്തി. 2013 ഡിസമ്പര്‍ മുതല്‍ ഇബ്രാഹിം സ്വന്തം ഗ്രാമമായ അഡൂരിന്റെ സമീപപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ അഥവാ കലക്‌ടര്‍ ആണ്
അഡൂര്‍ ബളക്കിലയിലെ പ്രശസ്‌തമായ 'പുതിയപുര'വീട്ടിലാണ് ഇബ്രാഹിമിന്റെ ജനനം. 1976ല്‍ അഡൂര്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്.എസ്.എല്‍.സി. പാസായ അദ്ദേഹം കര്‍ണാടകയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവതല്‍പരനായിരുന്ന പിതാവ് ബി.എസ്. മുഹമ്മദ് ഹാജിയുടെ മാര്‍ഗ്ഗദര്‍ശനമാണ് നാടിന് മികച്ച ഒരു ഭരണാധികാരിയെ നല്‍കിയത്.
മികച്ച ഒരു വോളിബോള്‍ കളിക്കാരനായ ഇബ്രാഹിം നാട്ടിലെത്തിയാല്‍ തികച്ചും ഒരു ഗ്രാമീണനായി മാറും. പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ സമാനതകളില്ലാത്ത സഹായമാണ് ഇബ്രാഹിം ഐഎഎസ് അവര്‍കളും സഹോദരങ്ങളും അഡൂര്‍ സ്‌കൂളിന് നല്‍കിയത്. സ്‌കൂള്‍ ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും പ്രവര്‍ത്തിക്കുന്നത് പിതാവിന്റെ സ്‌മരണാര്‍ത്ഥം ഇവര്‍ നിര്‍മ്മിച്ചുനല്‍കിയ കെട്ടിടത്തിലാണ്നടാഷഎന്ന പേരിലുള്ള സ്‌റ്റേജ് കെട്ടിടം ഇബ്രാഹിം ഐഎഎസിന്റെ മൂത്ത ജ്യേഷ്‌ടനും അമേരിക്കയില്‍ ഡോക്‌ടറുമായ അമാനുള്ളഅദ്ദേഹത്തിന്റെ നിര്യാതയായ മകളുടെ സ്‌മരണക്കായി നിര്‍മ്മിച്ചുനല്‍കിയതാണ്.
സ്‌കൂളിന് ആദ്യമായി കമ്പ്യൂട്ടര്‍ നല്‍കിയത് ഇബ്രാഹിം ഐഎഎസിന്റെ അനുജനും കര്‍ണാടക സെയില്‍സ് ടാക്‌സ് വിഭാഗത്തില്‍ ഉന്നതോദ്ദ്യോഗസ്ഥനുമായ എബി.ഷംസുദ്ദീന്‍ ആണ്. മറ്റൊരു സഹോദരനായ എ.ബി.മുഹമ്മദ് അലി കാര്‍ഷികസംസ്‌കൃതിയെ മുറുകെപിടിച്ച് നാട്ടില്‍ കൃഷിയും പുരയിടവും നോക്കിനടത്തുന്നു. പാവങ്ങള്‍ക്കും രോഗികള്‍ക്കും ഈ കുടുംബം എന്നും ഒരു അത്താണിയാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മികച്ച മാതൃകകളാണ് ഇവര്‍. 
For downloading the Article as PDF CLICK HERE