ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

സ്വാതന്ത്ര്യദിനം അഭിമാനപൂര്‍വ്വം ആഘോഷിച്ചു

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ.ഗംഗാധരന്‍, കാഡറ്റ് ലീഡര്‍ ജെ.ചൈതന്യ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. ബാന്‍‌ഡ്‌വാദ്യവും ഉണ്ടായിരുന്നു. അഡൂരില്‍ ആദ്യമായി നടന്ന കാഡറ്റുകളുടെ പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  വെച്ചുനടന്ന സ്വാതന്ത്ര്യദിന സമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു.

പത്തില്‍ STEPS പദ്ധതി-പ്രത്യേക ക്ലാസ് പിടിഎ യോഗം നടന്നു

പത്താം ക്ലാസ് കുട്ടികളുടെ റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് 13 ബുധനാഴ്ച എല്ലാ ഹൈസ്‌കൂളുകളിലും പ്രത്യേക ക്ലാസ് പിടിഎ യോഗം ചേരുവാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി അഡൂര്‍ സ്‌കൂളിലും യോഗം നടന്നു.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന രീതിയില്‍ ഗൃഹാന്തരീക്ഷത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍ രക്ഷിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'നിര്‍മ്മല്‍ ക്ലാസ്സ് ' പുരസ്‌ക്കാരം നല്‍കി

        കുട്ടികളുടെ അച്ചടക്കവും പഠനനിലവാരവും ശുചിത്വബോധവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന 'നിര്‍മ്മല്‍ ക്ലാസ്സ് 'പദ്ധതി ഈ വര്‍ഷവും തുടര്‍ന്ന്നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ മാസത്തെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 9 D, യു.പി.വിഭാഗത്തില്‍ 7 C, എല്‍.പി.വിഭാഗത്തില്‍ 4 A എന്നീ ക്ലാസ്സുകളെയാണ് നിര്‍മ്മല്‍ ക്ലാസ്സുകളായി പ്രഖ്യാപിച്ചത്.

'സാക്ഷരം-2014' സ്‌കൂള്‍തല ഉദ്‌ഘാടനം

3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ സ്‌കൂള്‍തല ഉദ്ഘാടനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷനായിരുന്നു. അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി വിജയത്തില്‍ എത്തിക്കാന്‍ അധ്യാപകമൂഹത്തോടൊപ്പം മുഴുവന്‍ രക്ഷിതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

ഹിരോഷിമാദിനാചരണം

ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്, എസ്.പി.സി.യൂണിറ്റ് നേതൃത്വം നല്‍കി. 9 ‍ഡി ക്ലാസ്സിലെ കുട്ടികളായ ചൈതന്യ, മെഹറുന്നിസ, ശില്‍പ, പി.രശ്‌മി, സുമലത, റമീസ, മുബീന, ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ് എന്നിവര്‍ ചേര്‍ന്ന് 'യുദ്ധഭൂമിയിലേക്ക്' എന്ന പേരില്‍ സ്‌മരണിക തയ്യാറാക്കി സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രകാശനം ചെയ്‌തു.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍. പ്രസന്നകുമാരി ടീച്ചര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
പി.എസ്.ബൈജു മാസ്റ്റര്‍ സ്‌മരണിക സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി.
5ബി, 6ബി, 8സി, 8ബി, 9ബി, 9ഡി ക്ലാസ്സിലെ കുട്ടികള്‍ 'യുദ്ധവിരുദ്ധ പോസ്‌റ്റര്‍' പ്രദര്‍ശനം നടത്തി. ക്ലാസ്സ് മുറികളില്‍ യുദ്ധക്കെടുതികള്‍ കാണിക്കുന്ന കൊളാഷുകള്‍ തയ്യാറാക്കി. ഉച്ചക്കുള്ള'സ്‌റ്റുഡന്റ്  വോയ്സ്' എന്ന പതിവ് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകരായ പി.എസ്.ബൈജു,  പി.ശാരദ, എസ്.എസ്.രാഗേഷ്, കെ.ജാബിര്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഹെഡ്‌മാസ്‌റ്ററായി ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ചുമതലയേറ്റു

       അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ ഹെഡ്മാസ്‌റ്ററായി ശ്രീ.ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ ചുമതലയേറ്റു. ഇതേ സ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകനായിരിക്കേ, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ചത്. തുടര്‍ന്ന് ദേലമ്പാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചാണ് അഡൂരില്‍ ചാര്‍ജെടുത്തത്.1987-ല്‍ പ്രൈമറി അധ്യാപകനായി സര്‍വ്വീസില്‍ പ്രവേശിച്ചു. 1993-ല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി. തുടര്‍ന്ന് ദീര്‍ഘകാലം കുഞ്ചത്തൂര്‍ സ്‌കൂളില്‍ സേവനം ചെയ്‌തു.
സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് സി.പി.ഒ.ആയിരുന്നു. അഡൂര്‍ സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് യൂറ്റിണ് തുടങ്ങുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. കേരള സംസ്ഥാന തുളു അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപക സംഘടനാരംഗത്തും സജീവമായിരുന്നു. കുഞ്ചത്തൂര്‍ തുമിനാടാണ് സ്വദേശം. ഭാര്യ ശ്രീമതി എന്‍.പ്രസന്നകുമാരി അഡൂര്‍ സ്‌കൂളിലെ തന്നെ ഹിന്ദി അധ്യാപികയും സീനിയര്‍ അസിസ്‌റ്റന്റുമാണ്. ഏകമകള്‍ പ്രഭിത സുള്ള്യ കെ.വി.ജി.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിനിയാണ്.

'ഒറ്റ ഞാര്‍ വിപ്ലവം-അഡൂരിലും'

കൈവിട്ടുപോകുന്ന കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളുകള്‍ ഞങ്ങള്‍...!!
 കുറച്ചു വിത്തില്‍ കൂടുതല്‍ വിളവ് എന്നതാണ് ഒറ്റ ഞാര്‍ കൃഷിരീതിയുടെ പ്രത്യേകത.സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. എട്ടുമുതല്‍ 11 ദിവസം വരെ മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനടുന്നത്. ഇതുമൂലം കീടശല്യം കുറയും. കളകള്‍ എളുപ്പത്തില്‍ പറിക്കാനും കഴിയും. മികച്ച വിളവും ഇതുവഴി ലഭിക്കും.അഡൂരില്‍ പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്താണ്  ഇപ്പോള്‍ കൃഷി തുടങ്ങിയത്. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന പാടത്താണ് കൃഷിയിറക്കിയത്.അന്യം നിന്നുപോകുന്ന കാര്‍ഷികസംസ്‌കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.(കുട്ടിപ്പൊലീസ്)അംഗങ്ങളാണ് ഞാര്‍ നട്ടത്. ഇതിലൂടെ എസ്.പി.സി. സ്ഥാപിച്ചതിന്റെ അഞ്ചാം വാര്‍ഷികാഘോഷം സ്‌മരണീയമായി. ഞാറ് നടീല്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു.  പ്രതീക്ഷ സെക്രട്ടറി പ്രകാശ് അധ്യക്ഷതവഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ രത്തന്‍ കുമാര്‍ പാണ്ടി,  കൃഷി ഓഫീസര്‍ രാഗവേന്ദ്ര, കൃഷി അസിസ്റ്റന്റ് പ്രകാശ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി ആശംസകളര്‍പ്പിച്ചു. ബി.കൃഷ്ണപ്പ മാസ്റ്റര്‍ ഞാറ് നടീല്‍ പാട്ടിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും പി.എസ്.ബൈജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.For Video CLICK HERE For more Photos CLICK HERE For Mathrubhumi Report CLICK HERE