ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ സ്വാതന്ത്ര്യദിനാഘോഷം

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതുള്ളതുകൊണ്ട് പതിവ് ആഘോഷപരിപാടികള്‍ ഉണ്ടായിരുന്നില്ല. പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. പി.ടി.. വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണ, ആദൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍പൊലീസ് ഓഫീസറും എസ്.പി.സി. ഡ്രില്‍ ഇന്‍സ്ട്രക്ടറുമായ വിനീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച പതിനൊന്ന് കുട്ടികളെയും പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ മൂന്ന് കുട്ടികളെയും എന്‍.എം.എം.എസ്. വിജയിയായ ഒരു കുട്ടിയെയും അനുമോദിച്ചു. ക്യാഷ് അവാര്‍ഡുകള്‍ സ്കൂള്‍ പിടിഎ യും മെമെന്റോ സ്റ്റാഫ് കൗണ്‍സിലും സ്പോണ്‍സര്‍ ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ, പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, സ്റ്റാഫ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി എന്‍. ഹാജിറ എന്നിവര്‍ ക്യാഷ് അവാര്‍ഡും മെമെന്റോയും വിതരണം ചെയ്തു. എല്‍.എസ്.എസ്. നേടിയ എട്ട് കുട്ടികള്‍ക്കും യു.എസ്.എസ്. നേടിയ അഞ്ച് കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡും മെമെന്റോയും അവരുടെ വീടുകളിലെത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി. ശാരദ നന്ദിയും പറഞ്ഞു.

 

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കി അഡൂര്‍ സ്കൂള്‍

സ്മാര്‍ട്ട്ഫോണുകള്‍ എന്തെന്നറിയാത്ത, ഉള്ള മൊബൈല്‍ഫോണുകളില്‍ റേഞ്ച് സൗകര്യമില്ലാത്ത, ടിവി കേബിള്‍ കണക്ഷനുകള്‍ എത്തിനോക്കാത്ത ഒരുപാടു പരിമിതികളുടെ നടുവില്‍ കഴിയുന്ന ഒരു മലയോരവിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കുക എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമല തന്നെയായിരുന്നു. സംസ്ഥാനത്ത് മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ഞങ്ങളുടെ സാധാരണക്കാരായ കൂലിപ്പണിയെടുത്തു ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കും ലഭ്യമാക്കണം എന്നുള്ള ഉറച്ച തീരുമാനം പിടിഎക്കുണ്ടായിരുന്നു. ജനപ്രതിനിധികളെയും പിടിഎ/വികസനസമിതി/ഒഎസ്എ അംഗങ്ങളെയും മറ്റു സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാര്‍ഡ്/പ്രാദേശിക തല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഓരോ പ്രദേശത്തും അനുയോജ്യമായ അംഗനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയില്‍ ടിവി സൗകര്യവും ഡിടിഎച്ച് സൗകര്യവും ഒരുക്കി. രണ്ടിടങ്ങളില്‍ കന്നഡ മീഡിയം ക‍ുട്ടികള്‍ക്കായി പുതിയ കേബിള്‍ കണക്ഷനുകളെടുത്തു. കേബിള്‍ സൗകര്യം ഒരുക്കാന്‍ സാധ്യമല്ലാത്ത വിദൂരപ്രദേശങ്ങളിലെ കന്നഡ മീഡിയം കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലാപ്ടോപ്പില്‍ ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി കാണിക്കുന്ന രീതി നടപ്പിലാക്കി. മൊത്തം എട്ട് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ സെന്ററിലും രണ്ട് അധ്യാപകര്‍ വീതം അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം സെന്ററുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വിവിധ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മൊബൈല്‍ ഫോണ്‍, ടാബ്, ടിവി, ഡിടിഎച്ച് തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ വീടുകളില്‍ തന്നെ എത്തിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട കാസറഗോഡ് ഡിഡിഇ യുടെ ഇടപെടലിലൂടെ ഒരു രക്ഷിതാവിന് ടിവി നല്‍കുകയും അദ്ദേഹത്തിന്റെ നാല് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരുടെ ലിസ്റ്റുണ്ടാക്കിയപ്പോള്‍ നൂറിലധികം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി പിടിഎ നടത്തിയ സമയോചിതമായ ഇടപെടലുകളിലൂടെ പ്രസ്തുത ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പൂജ്യമാക്കാന്‍ വളരെ പെട്ടെന്ന് സാധിച്ചത് അഭിമാനകരമായ നേട്ടമായി.

"അയല്‍പക്ക വിദ്യാലയം; സുരക്ഷിത വിദ്യാലയം"

നമ്മുടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ കേരള സർക്കാർ അനുവദിച്ച മൂന്നു കോടി രൂപയുടെ പദ്ധതി പ്രവർത്തനം ആരംഭിക്കുകയാണ്. വരൂ... പഠനപ്രവർത്തനങ്ങൾക്കായി മികച്ച ഓൺലൈൻ സൗകര്യം കൂടിയൊരുക്കി ഈ കോവിഡ് കാലത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം...
ചുവടെ കാണുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് Submit ബട്ടൺ അമർത്തിയാൽ സ്കൂളിൽ നേരിട്ട് വരാതെയും പുതിയ അഡ്മിഷൻ നേടാവുന്നതാണ്...

പൊള്ളുന്ന വെയിലിലും ആവേശം ചോരാതെ കുട്ടിപ്പൊലീസ് പാസ്സിംഗ്ഔട്ട് പരേഡ്

ഇനി ഞങ്ങള്‍ കര്‍മ്മപഥത്തിലേക്ക്...
അതിഥികളോടും ഗുരുക്കന്മാരോടുമൊപ്പം...
അഡൂര്‍: ജാഗരൂകവും സമാധാനപരവും വികസനോന്മുഖവുമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്ത ബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി കര്‍മസേനയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 2018-2020 ബാച്ചിന്റെ പാസ്സിംഗ്ഔട്ട് പരേഡ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തി. രണ്ടു വര്‍ഷം പരിശീലനം നേടിയ 44വിദ്യാര്‍ത്ഥികളാണ് പരേഡില്‍ പങ്കെടുത്തത്. ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.. പി.കെ. മുകുന്ദന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. എസ്.പി.സി. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ വിനീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡില്‍ മികച്ച കേഡറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട ബി. താബിയ തസ്നീം, പി.വി. ആര്യ, പി.ജെ. ലാവണ്യഎന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി.
പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍ മാസ്റ്റര്‍‍, വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണ‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, എസ്.പി.സി..ഡി.എന്‍.. ശ്രീധരന്‍, അഡൂര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു, ആദൂര്‍ എ.എസ്.. മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ്, എസ്.പി.സി. സി.പി.. ഡി.കെ. രതീഷ്, .സി.പി.. വി. ശാന്തി, .ഗംഗാധരന്‍, പോലീസ് ഉദ്യാഗസ്ഥര്‍, പി.റ്റി.എ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

'പ്രതിഭകളോടൊപ്പം അഡ‍ൂര്‍ സ്‍ക‍ൂള‍ും'

പ്രമുഖ ശിശുരോഗവിദഗ്ദന്‍ ഡോ. പി.ജനാര്‍ദ്ദനയോടൊപ്പം
പ്രശസ്ത കന്നഡ ചലച്ചിത്രനടന്‍ അഡൂര്‍ ബാലകൃഷ്ണന്‍ മാസ്റ്ററോടൊപ്പം

ക‍ുമ്പള ഉപജില്ലാ സ്‍ക‍ൂള്‍ കലോത്സവം:
ഹൈസ്‍ക‍ൂള്‍ അറബിക്കില്‍ അഡ‍ൂര്‍ ചാമ്പ്യന്മാര്‍

അറബിക് ഹൈസ്‍ക‍ൂള്‍ വിഭാഗം ചാന്യന്‍ഷിപ്പ് കാസറഗോഡ് എം.പി.രാജ്മോഹന്‍ ഉണ്ണിത്താനില്‍ നിന്ന‍ും സ്വീകരിക്ക‍ുന്ന‍ു
അറബിക് യ‍ു.പി. വിഭാഗം റണ്ണേഴ്സ് അപ് ട്രോഫി ക‍ുട്ടികളും അധ്യാപകര‍ും ചേര്‍ന്ന് സമാപനസമ്മേളനത്തില്‍വെച്ച് സ്വീകരിക്ക‍ുന്ന‍ു
ഷേണി ശ്രീശാരദാംബ ഹയര്‍ സെക്കന്ററി സ്‍ക‍ൂളില്‍ ഒക്ടോബര്‍ 29 മുതല്‍ നവമ്പര്‍ 2വരെയായി നടന്ന ക‍ുമ്പള ഉപജില്ലാ സ്‍ക‍ൂള്‍ കലോത്സവം അറബിക് ഹൈസ്‍ക‍ൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. അഡ‍ൂര്‍ 82 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് നേടി. അറബിക് യ‍ു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനവും യു.പി. പൊത‍ുവിഭാഗത്തില്‍ മ‍ൂന്നാം സ്ഥാനവും ഹൈസ്‍ക‍ൂള്‍ പൊത‍ുവിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയ അഡ‍ൂരിലെ ചുണക്കുട്ടികള്‍ കലോത്സവചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. സ്‍ക‍ൂളിന് മികച്ച നേട്ടമുണ്ടാക്ക‍ുന്നതിന്റെ മ‍ുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച മുഴുവന്‍ ക‍ുട്ടികളെയും അധ്യാപിക-അധ്യാപകന്മാരെയും രക്ഷിതാക്കളെയും അധ്യാപക രക്ഷാകര്‍തൃ സമിതി അധ്യക്ഷന്‍ ജെ. ഹരീഷന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്‍മണന്‍, ഹെഡ്‍മാസ്റ്റര്‍ അനീസ് ജി. മ‍ൂസാന്‍ എന്നിവര്‍ അഭിനന്ദിച്ച‍ു.
*ജി.എച്ച്.എസ്.എസ്. അഡൂരിൽ നിന്നും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയവർ*

*HSS SECTION GENERAL*
1. നൗറീന..ആര്‍ (കവിതാ രചന അറബിക് )
2. ഗുരുപ്രസാദ് & പാര്‍ട്ടി (കോൽക്കളി )

*HS SECTION General*
1. ആര്യ പിവി (നാടോടി നൃത്തം)
2. സൗപർണിക കെ ( കഥാരചന ഇംഗ്ലീഷ്)
3. അചല പി ചന്ദ്രൻ & പാര്‍ട്ടി (സംഘഗാനം)
4. മുഹമ്മദ് നിയാസ് & പാര്‍ട്ടി (വട്ടപ്പാട്ട്‌)
5. ആയിഷ സജിന & പാര്‍ട്ടി (ഒപ്പന)
6. മുഹമ്മദ് ബദ്റുദ്ദീൻ. പി.& പാര്‍ട്ടി (കോൽക്കളി)

*HS SECTION ARABIC*

1. യാകൂബ് നസീർ (Arabic ഗാനം)
2. തഹ്സീന (കഥാപ്രസംഗം)
3. യാകൂബ് നസീർ (മുഷാഅറ)
4. ഫജ്‌റിയ & മുബഷിറ (സംഭാഷണം)
5. മുഹമ്മദ് ശുഹൈബ് & പാർട്ടി (സംഘ ഗാനം)
6. മുഹമ്മദ് ശുഹൈബ് & പാർട്ടി (നാടകം)

*UP SECTION GENERAL*
1. ഷാദിയ. .എസ് ( പ്രസംഗം മലയാളം)
2. തേജസ്വിനി കെ (സംഘഗാനം)
3.വിസ്മയ ആൻഡ് പാർട്ടി (സംഘ നൃത്തം)
4. ശ്രദ്ധ എസ് പാർവതി (കഥാരചന മലയാളം)

*UP SECTION ARABIC*
1. നബീസത് ജുഹാദ (കഥ പറയല്‍)
2. റംസീന കെ.പി (മോണോ ആക്ട്)
3. അയിഷ സജ & റംസീന ( സംഭാഷണം)

എൽപി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയവർ
1. അബ്ദുൽ സലാം ( അറബി ഗാനം)
2. അസ്മീന & പാര്‍ട്ടി (സംഘ ഗാനം)

ക‍ുമ്പള ഉപജില്ലാ ശാസ്‍ത്രോത്സവം:
അഡ‍ൂര്‍ സ്‍ക‍ൂള്‍ ഹൈസ്‍ക‍ൂള്‍ വിഭാഗം ചാമ്പ്യന്മാര്‍

സമാപനസമ്മേളനത്തില്‍വെച്ച് ചാമ്പ്യന്‍ഷിപ്പ് ഏറ്റുവാങ്ങുന്നു
സ്‍ക‍ൂള്‍ അസംബ്ലിയില്‍ വിജയികള്‍ക്ക് നല്‍കിയ അനുമോദനം
2019 ഒക്ടോബര്‍ 17, 18 തിയ്യതികളിലായി പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂളില്‍വെച്ച് നടന്ന ക‍ുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഹൈസ്‍ക‍ൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ അഡ‍ൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂള്‍ ചാമ്പ്യന്മാരായി. അന്വേഷണാത്മക പ്രോജക്റ്റ് ഇനത്തില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പി.വി. ആര്യയും ബി. താബിയ തസ്‍നീമും ചേര്‍ന്ന് അവതരിപ്പിച്ച വെണ്ണീരില്‍ നിന്ന‍ും വിവിധ ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന കണ്ടെത്തല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ നിശ്ചലമാതൃകാ ഇനത്തില്‍ പത്താം ക്ലാസിലെ സൗപര്‍ണികയുടെ പ്ലാസ്റ്റിക്കിന്റെ പുനചംക്രമണം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സയന്‍സ് ക്വിസില്‍ എട്ടാം ക്ലാസിലെ വൈഷ്‍ണവ് സി. യാദവവും ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ ഒന്‍പതാം ക്ലാസിലെ ബി. താബിയ തസ്‍നീമും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനത്തില്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍ കെ. പ്രേം സദന്‍ അവര്‍കളില്‍ നിന്നും വിജയികളായ ക‍ുട്ടികളും അധ്യാപകരും ചേര്‍ന്ന് ട്രോഫി ഏറ്റ‍ുവാങ്ങി. ക‍ുമ്പള എ... കെ. യതീഷ് ക‍ുമാര്‍ റൈ അധ്യക്ഷത വഹിച്ചു. കാസറഗോഡ് എ... എം. അഗസ്റ്റിന്‍ ബര്‍ണാഡ്, പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂള്‍ ഹെഡ്മാസ്റ്റര്‍ ഡി. നാരായണ, ക‍ുമ്പള ഉപജില്ലാ എച്ച്.എം. ഫോറം കണ്‍വീനര്‍ ബി. വിഷ്‍ണ‍ുപാല്‍, പി..സി. സെക്രട്ടറി ഗംഗാധര ഷെട്ടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍ക‍ൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. എസ്. ശോഭനാ മരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വിജയന്‍ ശങ്കരമ്പാടി നന്ദിയും പറഞ്ഞ‍ു. അഡ‍ൂര്‍ സ്‍ക‍ൂളിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്‍മാസ്റ്റര്‍ അനീസ് ജി. മ‍ൂസാന്‍ എന്നിവര്‍ ശാസ്ത്രപ്രതിഭകളായ ക‍ുട്ടികളെയും അവരെ ഒരുക്കിയ മുഴുവന്‍ അധ്യാപിക-അധ്യാപകന്മാരെയും അഭിനന്ദിച്ചു.

വായനയ‍ുടെ ലോകത്തേക്ക് പറന്ന‍ുയരാന്‍ ക‍ുട്ടികള്‍ക്ക് ക‍ൂട്ടായി അഡ‍ൂരിലെ ക്ലബ‍ുകള്‍

'ദേശാഭിമാനി,എന്റെ പത്രം' പദ്ധതി
പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂരിന്റെ ഗ്രാമീണ സാംസ്കാരികബോധത്തെ രൂപപ്പെടുത്തുന്നതില്‍ സന്നദ്ധസംഘടനകളുടെയും ക്ലബുകളുടെയും സ്വാധീനം അവിസ്മരണീയമാണ്. മതത്തിനും ജാതിക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി അഡൂരിലെ ഗ്രാമീണജനതയുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായി മാറുകയാണ് ക്ലബുകളും സന്നദ്ധസംഘടനകളും. കലാ-കായിക പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കപ്പെട്ടത് കലയും കായികവും മാത്രമായിരുന്നില്ല, ഗ്രാമീണജനതയുടെ സംഘബോധവും സാംസ്കാരികമണ്ഡലവും കൂടിയായിരുന്നു. കഴി‍ഞ്ഞകാലപ്രവര്‍ത്തനങ്ങളിലൂടെ, അഡൂരിലെ ജനഹൃദയങ്ങളില്‍ കൂടുകൂട്ടിയ നാട്ടിലെ പ്രബലമായ ക്ലബാണ് വോയ്സ് ഓഫ് അഡൂര്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്. ഇക്കഴിഞ്ഞ ഓണാവധിക്കാലത്ത് സ്കൂള്‍ പിടിഎ യുടെ അഭ്യര്‍ത്ഥന മാനിച്ച് സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വോയ്സ് ഓഫ് അഡൂര്‍ പ്രവര്‍ത്തകര്‍ സഹകരിക്കുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും സ്കൂളുമായി സഹകരിച്ചുകൊണ്ട് 'മധുരം മലയാളം' പദ്ധതിയിലൂടെ അഞ്ച് മാതൃഭൂമി പത്രങ്ങളും ആറ് 'വിജയകര്‍ണാടക' കന്നഡ പത്രങ്ങളും സ്കൂളിലെത്തിക്കുകയാണ്.
'മധുരം മലയാളം'പദ്ധതി വോയ്സ് ഓഫ് അഡൂര്‍
പ്രസിഡന്റ് എം.നസീര്‍ ഉദ്ഘാടനം ചെയ്യുന്നു
പുതിയ തലമുറ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോകുമ്പോഴും ക്ലബുകള്‍ക്ക് അനിഷേധ്യമായ ഒരു സ്ഥാനം ഇന്നും ഗ്രാമീണ അന്തരീക്ഷത്തിലുണ്ട്. അതിന് മറ്റൊരു മികച്ച ഉദാഹരണമാണ് സഫ്ദര്‍ ഹാഷ്മി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്. വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളിലൂടെയും മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും അഡൂരിന്റെ സാമൂഹികമേഖലകളില്‍ നിറസാന്നിദ്ധ്യമാണ് സഫ്ദര്‍ ഹാഷ്മി. സ്കൂള്‍ പ്രവേശനോത്സവസമയത്തും സ്കൂള്‍ പരിസര ശുചീകരണത്തിലുമടക്കം സഹകരിച്ചുകൊണ്ട് അഡൂരിലെ പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂളുമായി എന്നും കൂടെ നിന്നിട്ടുള്ള സഫ്ദര്‍ ഹാഷ്മി വക രണ്ട് ദേശാഭിമാനി പത്രങ്ങളും സ്കൂളിലേക്കെത്തുകയാണ്.
സ്കൂളുമായി എന്നും ചേര്‍ന്ന് നിന്നിട്ടുള്ള അഡൂരിലെ രണ്ട് പ്രമുഖ ധനകാര്യസ്ഥാപനങ്ങളാണ് ദേലമ്പാടി അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്കും അഡൂര്‍ വനിതാ ബാങ്കും. അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്കിലെ സ്റ്റാഫിന്റെ വകയായി രണ്ട് ദേശാഭിമാനി പത്രങ്ങളും വനിതാബാങ്കിന്റെ വകയായി ഒരു ദേശാഭിമാനി പത്രവും സ്കൂളിലേക്കെത്തുകയാണ്. എസ്.കെ.എസ്.എസ്.എഫ്. എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ വകയായി അഞ്ച് 'സുപ്രഭാതം' പത്രങ്ങള്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം മുതല്‍ക്ക്തന്നെ സ്കൂളിലെത്തുന്നുണ്ട്.
'വിജയ കര്‍ണാടക' വോയ്സ് ഓഫ് അഡൂര്‍
സെക്രട്ടറി അഡ്വ.കിഷന്‍ ടിണ്ടു ഉദ്ഘാടനം ചെയ്യുന്നു
ഇലക്ട്രോണിക് വായനയുടെ ഈ പുതിയ യുഗത്തിലും കടലാസിന്റെയും അച്ചടിയുടെയും പ്രസക്തി ഒട്ടും ചോര്‍ന്നുപോയിട്ടില്ല. പുതുതലമുറയെ, വായനയുടെ, അറിവിന്റെ പുതിയ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സന്‍മനസ്സ് കാണിച്ച എസ്.കെ.എസ്.എസ്.എഫ്., വോയ്സ് ഓഫ് അഡൂര്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, സഫ്ദര്‍ ഹാഷ്മി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, ദേലമ്പാടി അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്കു് സ്റ്റാഫ്, അഡൂര്‍ വനിതാ ബാങ്ക് എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്തുവെച്ചുകൊണ്ട് കൃതജ്ഞത അറിയിക്കുകയാണ്.പത്രങ്ങള്‍ സ്കൂളിന് സമര്‍പ്പിക്കുന്ന ചടങ്ങുകളില്‍ ബന്ധപ്പെട്ട ക്ലബ്, സ്ഥാപന അധികൃതരെ കൂടാതെ പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്മാസ്റ്റര്‍ അനീസ് ജി. മൂസാന്‍, സീനിയര്‍ അസിസ്റ്റന്റ് പി. ശാരദ, സ്റ്റാഫ് സെക്രട്ടറി രാമചന്ദ്ര മണിയാണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മാതൃകയായി അധ്യാപകദമ്പതികള്‍

കണ്ണകന്നാൽ മനസ്സകലുമെന്നാണ്‌ പലരും പറയാറ്. ചിലപ്പോഴൊക്കെ അതൊരു സത്യവുമാണ്‌. എന്നാൽ സ്കൂൾ മാറിപ്പോയിട്ടും ഔദ്യോഗികജീവിതത്തില്‍ നിന്ന് തന്നെ വിരമിച്ചിട്ടും തങ്ങൾ പഠിപ്പിച്ച വിദ്യാലയത്തെ മറന്ന് പോവാതെ നെഞ്ചോട് ചേർത്ത് വെച്ച രണ്ടു പേർ നമുക്കെല്ലാം മാതൃകയാവുകയാണ്. നമ്മുടെ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണ ഷെട്ടിഗാർ മാഷും സീനിയര്‍ അധ്യാപികയായിരുന്ന പ്രസന്ന കുമാരി ടീച്ചറും. ഇന്നവർ രണ്ട് ക്ലാസ്സുമുറികൾ ടൈൽ പാകി സ്മാർട്ടാക്കി നമ്മുടെ കുട്ടികൾക്കായി സമ്മാനിച്ചിരിക്കുന്നു.
നന്ദി...
ഈ നാടിന്റെ നന്മയോടൊപ്പം സഞ്ചരിച്ചതിന്...
നമ്മുടെ മക്കൾക്കും അറിവിന്റെ പുതിയ ജാലകങ്ങൾ തുറക്കാൻ കൂട്ടിരുന്നതിന്...
അതിലുപരി ഈ കുഞ്ഞു വിദ്യാലയത്തെ സ്നേഹിച്ചതിന്...

നിങ്ങളുടെ ജീവിതത്തിൽ ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ...

അഡൂര്‍ സ്കൂളിലെ ഓണാഘോഷം :
കുഞ്ഞുമാവേലിയും കൂട്ടുകാരും എംഎല്‍എ ക്ക് ദുരിതാശ്വാസഫണ്ട് കൈമാറി

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ലളിതമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംഭാവനപ്പെട്ടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മാവേലിയായി വേഷമിട്ട രണ്ടാം ക്ലാസുകാരന്‍ നിലനും കൂട്ടുകാരും ചേര്‍ന്ന് ഉദുമ എം.എല്‍.. കെ. കുഞ്ഞിരാമന് കൈമാറി. കാറഡുക്ക ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, സ്കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്മാസ്റ്റര്‍ അനീസ് ജി. മൂസാന്‍, മുന്‍ പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് ജയലക്ഷ്മി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രാമചന്ദ്ര മണിയാണി, സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ നാടന്‍പൂക്കളുപയോഗിച്ച് പൂക്കളമിടുകയും വിവിധ നാടന്‍ കളികളിലേര്‍പ്പെടുകയും ചെയ്തു. ഹൈസ്കൂള്‍ കുട്ടികള്‍ ഓരോ ക്ലാസിലും ലാപ്ടോപ്പും പ്രോജക്റ്ററും ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പൂക്കളം ഉണ്ടാക്കി. ഉച്ചക്ക് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യയും പായസവും നല്‍കി.

കുടുംബശ്രീ അംഗങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാന്‍
അഡൂര്‍ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കൂട്ടുകാര്‍

അഡൂര്‍ : അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ സാക്ഷരതാക്ലാസ് സംഘടിപ്പിച്ചു. ദേലമ്പാടി സി.ഡി.എസിലെ വിവിധ യൂണിറ്റുകളില്‍പെട്ട മുപ്പത് കുടുംബശ്രീ അംഗങ്ങള്‍ സംബന്ധിച്ചു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് അധ്യാപകരായത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നോട്ടീസ്, അപേക്ഷഫോറം, പോസ്റ്റര്‍ മുതലായവ തയ്യാറാക്കല്‍, പ്രസന്റേഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ നൈപുണികളാണ് കുട്ടി അധ്യാപകര്‍ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി, സ്കൂള്‍ ഐടി കോഡിനേറ്റര്‍ സി.എച്ച്. പ്രഫുല്ലചന്ദ്ര, .എം. അബ്ദുല്‍ സലാം മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ എ. ഹാഷിം നന്ദിയും പറഞ്ഞു.